Saturday, November 2, 2024
spot_img
More

    യേശുവിന്റെ രണ്ടാം വരവ് അടുത്തു: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    യേശുവിന്റെ രണ്ടാംവരവിന്റെ സമയമടുത്തു.വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കാലഘട്ടം അന്ത്യകാലത്തിന്റേതാണ്. കണ്‍വന്‍ഷന്‍ പന്തലില്‍ വെറുതെ പറയുന്നതാണ് ഇതെന്ന് കരുതരുത്. കേരളത്തില്‍ ആത്മീയശുശ്രൂഷ ചെയ്യുന്ന നിരവധി പേരുടെ ഉള്ളില്‍ ദൈവാത്മാവ് ഒന്നുപോലെ ഇട്ടുകൊടുത്ത കാര്യമാണ് ഇത്. അതുകൊണ്ട് നമുക്കിനി വെറുതെ സുഖിച്ച് ജീവിക്കാനാവില്ല.

    ദൈവം തന്റെ അവസാന പരിശ്രമത്തിലാണ്. അന്ത്യകാലത്തിന്റെ ലക്ഷണങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അന്ത്യകാലത്ത് ജനം ക്ലേശങ്ങളിലൂടെ കടന്നുപോകും. ഇന്ത്യയില്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇനി ആരും വിചാരിക്കരുത് പള്ളികള്‍ പണിതും സുഖിച്ചും ജീവിക്കാമെന്ന്.

    ഇന്നലെകളില്‍ നമ്മള്‍ വലിയ പള്ളികള്‍ പണിതു. നാളെ ആ പള്ളികളെല്ലാം ഇടിച്ചുതകര്‍ക്കപ്പെടും കാരണം അതിനുള്ള സകല സാഹചര്യങ്ങളും ഈ നാട്ടില്‍ ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനിയെ അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ ഇല്ലാതാക്കാം, ഞെരുക്കാം എന്നതിനെക്കുറിച്ച് ഇന്ന് രഹസ്യമുറികളില്‍ അജണ്ടകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

    ഇതിനെ നമ്മള്‍ രാഷ്ട്രീയമായി എതിര്‍ത്തിട്ടൊന്നും കാര്യമില്ല. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികളില്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരമില്ല. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന, ആരാധിക്കുന്ന, പ്രായശ്ചിത്തം ചെയ്യുന്ന ഒരുകൂട്ടര്‍ ഇവിടെ ഉയര്‍ന്നുവരാതെ സാത്താന്റെ തലയെ തകര്‍ക്കാനാവില്ല. അതല്ലാതെ നമുക്ക് രക്ഷയില്ല.

    ഇത്രയും കാലം നമ്മള്‍ സുഖിച്ചു ജീവിച്ചു. പക്ഷേ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇങ്ങനെ മൈക്ക് കെട്ടിവച്ചു സുവിശേഷപ്രഘോഷണം നടത്താന്‍ കഴിയുമെന്ന് വിചാരിക്കരുത്. പരസ്യമായ സുവിശേഷപ്രഘോഷണത്തിന് വിലക്കുകള്‍ വരും. രഹസ്യമായി ശബ്ദം താഴ്ത്തി ദൈവത്തെ ആരാധിക്കാന്‍ കല്പനകളുണ്ടാകും. ഇന്ന് സുവിശേഷം കേള്‍ക്കാന്‍ ആര്‍ക്കും സമയമില്ല, ആര്‍ക്കും താല്പര്യവുമില്ല. ആമോസ് പ്രവാചകന്റെ പുസ്തകത്തില്‍ നാം അതേക്കുറിച്ച് വായിക്കുന്നുണ്ട്. യുവാക്കന്മാരും യുവതികളും വചനം കിട്ടാതെ മൂര്‍ച്ഛിച്ചുവീഴും. ആരെങ്കിലും ഒന്ന് സുവിശേഷം പ്രസംഗിച്ചിരുന്നുവെങ്കില്‍. അങ്ങനെ ജനം ആഗ്രഹിക്കുന്ന കാലം വരും.

    അന്ത്യകാലത്ത് നമ്മള്‍ ഒരുമിച്ച് എടുക്കേണ്ട ആയുധമാണ് ഉപവാസം. കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളും- ഓര്‍ത്തഡോക്‌സുകാരും പെന്തക്കോസ്തുകാരും കത്തോലിക്കരും മാര്‍ത്തോമ്മാക്കാരും- സകലരും ഒരുമിച്ച്മ ുട്ടുകുത്തി ദൈവമേ എന്ന് കരഞ്ഞുനിലവിളിക്കുന്ന കാലം വരും. വിളിച്ചേ പറ്റൂ. അന്ന് സഭാവ്യത്യാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ സമയമുണ്ടാവില്ല.

    കേരളത്തിലെ ഇരുപത്തിയഞ്ചുലക്ഷം ക്രൈസ്തവരെങ്കിലും ഒരുമിച്ചു ഒരുദിവസംഉപവാസമെടുത്ത് മുട്ടുകുത്തി പ്രാര്‍തഥിച്ചാല്‍ ഏതു ഗവണ്‍മെന്റും ഇളകും. പക്ഷേ നമ്മള്‍ നമ്മുടെ മാരകായുധങ്ങള്‍ പുറത്തെടുത്തിട്ടില്ല.പത്രപ്രസ്താവനയോ പത്രസമ്മേളനമോ മൗനജാഥയോ അല്ല അതിന് പരിഹാരം. അതൊക്കെ പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. അപ്പുറത്തെ പള്ളിയിലെ കത്തോലിക്കനും ഇപ്പുറത്തെ പള്ളിയിലെ യാക്കോബായക്കാരനും ഒരുമിച്ചു മുട്ടുകുത്തിനിന്ന് യേശുവേ എന്ന് ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഏതു പ്രശ്‌നവും ഇല്ലാതാകും.

    കക്ഷിഭേദമന്യേ എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും മുട്ടുകുത്തുകയും ചെയ്യുക. ഒറീസ പോലെയുള്ള സ്ഥലങ്ങളില്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. നമുക്കെല്ലാം നമ്മുടേതായ പ്രാര്‍ത്ഥനകളും ആരാധനാരീതികളും ഉണ്ട്. പക്ഷേ നമുക്ക് ഒരുമിച്ച് ദൈവത്തെ ആരാധിക്കാന്‍ അവസരമുണ്ടാകണം. നമ്മള്‍ അങ്ങനെ ചെയ്യണം. അടികിട്ടിയാല്‍ മാത്രമേ നാം നന്നാകൂ. ഇന്നുവരെ സുവിശേഷത്തിന്റെ പേരില്‍ന മുക്ക് മണല്‍ത്തരികൊണ്ടുപോലും ഏറു കിട്ടിയിട്ടില്ല. അതുകൊണ്ടാണ് നമുക്ക് നോവാത്തത്.

    സുവിശേഷമെടുത്ത് നെഞ്ചോടു ചേര്‍ക്കുമ്പോള്‍ നിനക്ക് കരച്ചില്‍ വരുന്നുണ്ടെങ്കില്‍ നീ അതിന് വേണ്ടി സഹിച്ചിട്ടുണ്ട് എന്നാണര്‍ത്ഥം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് വെറും പുസ്തകം മാത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിന് വേണ്ടി നീ എന്തെങ്കിലും ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍, വേദന അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതെടുത്തു വായിക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. തീര്‍ച്ച

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!