ഇനി നോമ്പിന്റെ ദിനരാത്രങ്ങള്‍. സീറോ മലബാര്‍,സീറോ മലങ്കര സഭകള്‍ അടക്കമുള്ള പൗരസ്ത്യസഭകളാണ് നോമ്പുകാലത്തിന്റെ ആദ്യ ഞായറിന് പിറ്റേ ദിവസം മുതല്‍ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നത്. നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയെന്ന നിലയില്‍ അന്നേ ദിവസമാണ് നമ്മള്‍ വിഭൂതി തിരുനാള്‍ ആചരിക്കുന്നത്.
എന്നാല്‍ ലത്തീന്‍ വിശ്വാസസമൂഹം വിഭൂതി ബുധന്‍ മുതല്ക്കാണ് നോമ്പ് ആചരിക്കുന്നത്. ഈസ്റ്ററിന് 46 ദിവസങ്ങള്‍ക്ക് മുമ്പ് എന്ന കണക്കനുസരിച്ച് ബുധനാഴ്ച മുതല്‍ അവര്‍ നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്നു. തന്മൂലം വിഭൂതി ബുധന്‍ ആണ് അവര്‍ ആചരിക്കുന്നത്.
ആരാധനക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിഭൂതി.
അനുതാപവും ഉപവാസവുമാണ് ഈ ദിവസത്തിന്റെ പ്രത്യേകത. രണ്ടാം നൂറ്റാണ്ടുമുതല്‍ സഭാപാരമ്പര്യത്തില്‍ വിഭൂതിയുടെ പ്രധാനതിരുക്കര്‍മ്മമായ ചാരം പൂശല്‍ നടന്നിരുന്നതായി പറയപ്പെടുന്നു. നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും എന്ന തിരുവചനമാണ് ഓരോ വര്‍ഷവും നാം ആചരിക്കുന്ന വിഭൂതിതിരുനാള്‍ ഓര്‍മ്മപ്പെടുത്തുന്നത്. മണ്ണിലേക്ക് മടങ്ങാനുള്ള, പൊടിയായമനുഷ്യന് അഹങ്കരിക്കാന്‍ എന്തുളളൂ?