ഇടപ്പള്ളി സഹദാ, അരുവിത്തുറ വല്യച്ചന്‍ എന്നിങ്ങനെ പല പേരുകളിലാണ് നമുക്ക് വിശുദ്ധ ഗീവര്‍ഗീസിനെ പരിചയം. പുരാതനകാലം മുതല്‌ക്കേ പ്രസിദ്ധനായ ഒരു വിശുദ്ധനാണ് ഗീവര്‍ഗീസ്. ഗീവര്‍ഗീസുമായി ബന്ധപ്പെട്ട കഥകളില്‍ ഏറ്റവും പ്രശസ്തം വ്രാളിയെ കീഴ്‌പ്പെടുത്തിയതാണ്.
എന്നാല്‍ പറയപ്പെടുന്നതുപോലെ അത്തരമൊരു ചരിത്രം ഗീവര്‍ഗീസിനെസംബന്ധിച്ച് ഇല്ല എന്നാണ് ചില രേഖകള്‍ പറയുന്നത്. വിശുദ്ധന്റെ മരണത്തിന് ശേഷം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു കഥ പ്രചരിപ്പിക്കപ്പെടതത്രെ. റോമന്‍ പട്ടാളക്കാരനായിരുന്നു ഗീവര്‍ഗീസെന്നും വിശ്വാസത്തെ തള്ളിപ്പറയാത്തതിന്റെ പേരില്‍ ശിരഛേദം നടത്തി അദ്ദേഹത്തെ കൊല്ലുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. കൂടുതല്‍വിവരങ്ങളൊന്നും ഗീവര്‍ഗീസിനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
പോപ്പ് ഗലാസിയസ് ഒന്നാമനാണ് ഗീവര്‍ഗീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പുരാവൃത്തങ്ങള്‍ എന്തുതന്നെയായാലും ഗീവര്‍ഗീസ് നമുക്ക് പ്രിയപ്പെട്ടവനാണ്. ശക്തിദായകനായ മധ്യസ്ഥനാണ്.
വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.