കാഞ്ഞിരപ്പളളിയുടെ ഗുരുശ്രേഷ്ഠന്‍ എം ജെ തോമസ് മണ്ണംപ്ലാക്കലിന് ഇന്ന് പ്രിയപ്പെട്ടവരും ശിഷ്യരും അടങ്ങുന്ന പൊതുസമൂഹം യാത്രാമൊഴിനേരും. ഏറെക്കാലമായി ശയ്യാവലംബിയായി കഴിഞ്ഞിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടപ്പന്‍സാര്‍(91) ഇക്കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ചിറക്കടവ് ദേവാലയത്തില്‍ രാവിലെ 11.30 നാണ് സംസ്‌കാരച്ചടങ്ങുകള്‍.
1979 ലാണ് ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്‌കൂളിന്റെ പ്രഥമാധ്യാപകനായി നിയമിതനായത്. സെന്റ് എഫ്രേമിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ കുട്ടപ്പന്‍സാര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. 1987 ല്‍ ദേശീയ അധ്യാപകഅവാര്‍ഡ് കിട്ടിയത് ആ സമര്‍പ്പണത്തിന് കിട്ടിയ അംഗീകാരമായിരുന്നു. അത് വാങ്ങാന്‍ ഡല്‍ഹിക്ക് പോയത് സഹപ്രവര്‍ത്തകരെയും കൂടെ കൂട്ടിയിരുന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ തനിക്കൊപ്പം അദ്ധ്വാനിച്ചവരുമായി പങ്കിട്ടുനല്കുന്നതില്‍ അദ്ദേഹം തയ്യാറായിരുന്നുവെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആനക്കല്ല്, കുന്നുംഭാഗം, വാഴൂര്‍ തുടങ്ങിയ സ്‌കൂളുകളിലുളള അദ്ദേഹത്തിന്റെ സേവനകാലം സ്‌കൂളുകളുടെ കൂടി സുവര്‍ണ്ണകാലമായിരുന്നു. മരിയന്‍ മിനിസ്ട്രിയുടെ സ്ഥാപകനും മരിയന്‍പത്രത്തിന്റെ മാനേജിംങ് എഡിറ്ററുമായ ബ്ര. തോമസ് സാജിന്റെ പിതാവാണ് എം.ജെ തോമസ് മണ്ണംപ്ലാക്കല്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.