വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി പ്രയാസമേറിയതും പ്രവേശന കവാടം വളരെ ചെറുതുമാണ്. എന്നാല്‍ ആ ഇടുങ്ങിയ വഴിയിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ സഹായം ചോദിക്കുന്നവരെ മറിയം സഹായിക്കും. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കവെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തുവിനെ ദിവസത്തിലെ ഓരോനിമിഷവും ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യുന്നവളും അവിടുത്തെ അനുഗമിക്കുന്നവളുമാണ് പരിശുദ്ധ അമ്മ. ഹൃദയത്തിലൂടെ വാള്‍ തുളച്ചുകയറിയവള്‍. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ പ്രവേശന കവാടം തുറന്നാണ് കിടക്കുന്നത്. പക്ഷേ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമേ അത് തുറന്നുകിട്ടൂ. ഇങ്ങനെ തുറന്നുകിട്ടാനാണ് പരിശുദ്ധ മറിയം നമ്മെ സഹായിക്കുന്നത്. രക്ഷ പെടുന്നവര്‍ വളരെ ചുരുക്കമാണ് എന്ന ബൈബിള്‍ വചനം ആസ്പദമാക്കിയായിരുന്നു പാപ്പ സന്ദേശം നല്കിയത്.
നമ്മള്‍ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ പ്രാര്‍ത്ഥിക്കുകയും പള്ളിയില്‍ പോകുകയും ചെയ്യുന്നവരാണ്. കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ വിശ്വാസം നിലനിര്‍ത്തുകയും പ്രത്യാശയില്‍ ജീവിക്കുകയും ചെയ്യുമ്പോഴും നമ്മള്‍ നമ്മുടെ ജീവിതങ്ങളെ സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ചെലവഴിക്കണം. തിന്മയുടെയും അനീതിയുടെയും ചെറിയ രൂപങ്ങളോടു പോലും പോരാടുകയും വേണം. പാപ്പ ഓര്‍മ്മിപ്പിച്ചു.