Friday, December 6, 2024
spot_img
More

    കേരളത്തിലെ കലാലയങ്ങളിൽ മതമൗലികവാദം വളരുന്നുവോ? ടോണി ചിറ്റിലപ്പിള്ളി (അൽമായ ഫോറം സെക്രട്ടറി,സീറോ മലബാർ സഭ)

    കേരളത്തില്‍ മതമൗലികവാദം വളരുന്നുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ് .ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും മറപിടിച്ച് നിസ്സാരകാര്യങ്ങള്‍ കുത്തിപ്പൊക്കി അക്രമം അഴിച്ചുവിടുന്നത് വർദ്ധിക്കുകയാണ്.മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നത് ഇതിന്റെയൊക്കെ സൂചനകളാണ്.ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാൻ കഴിയില്ല.കലാലയങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളിലും മാധ്യമങ്ങളിലും കടന്നുകയറാന്‍ മതമൗലികവാദികൾക്ക്‌ വലിയ പദ്ധതികളുള്ളതായി കാണുന്നത് ഗൗരവതരമാണ്.

    മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നത് മതമൗലികവാദത്തിന്റെ ടെസ്റ്റ് ഡോസാണോ?

    ക്യാമ്പസുകൾ പഠിക്കാനുള്ളതാണ്.അല്ലാതെ മറ്റൊരാളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ,സമാധാന അന്തരീക്ഷം തകര്‍ക്കാനോ ഉള്ള സ്ഥലമല്ല.ക്രൈസ്തവസ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ എന്നതും ആശങ്കാജനകമാണ്.ആസൂത്രിതമായ മത,വർഗീയ അധിനിവേശത്തിന്റെ ഉദാഹരണങ്ങളാണിത്.ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നത്.മതമൗലികവാദം വേരുറപ്പിക്കുന്നതിന്റെ ടെസ്റ്റ് ഡോസാണോ മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നതെന്ന് പൊതുസമൂഹം ചിന്തിക്കേണ്ട വിഷയമല്ലേ? ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പസുകളിൽ വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗീയ കൂട്ടുകെട്ടുകളെ ഗൗരവമായി കാണാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ തയ്യാറാകണം.

    അടുത്ത കാലത്ത് കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ചില സംഭവങ്ങൾ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.മതമൗലികവാദം തലപൊക്കുന്നതിന്‍റെ ലക്ഷണങ്ങളെ കേന്ദ്ര-സംസഥാന സർക്കാരുകൾ ജാഗ്രതയോടെ കാണണം.മതമൗലിക ശക്തികൾ പൊതുസമൂഹത്തിലും മുഖ്യധാരാ പാർട്ടികളിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് രാജ്യത്തിന് അപകടകരമാണ്.കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും നടത്താന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍തന്നെ എല്ലാ തിന്മകളും സമൂഹത്തില്‍ വാരിവിതറിയ ശേഷം അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്.

    നമ്മുടെ കേരളംപോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകളില്‍ കടുത്ത അപകടം മണക്കുന്നുണ്ട്. ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
    വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയാണ് മതമൗലികവാദികൾ ചെയ്യുന്നത്. മതമൗലികവാദത്തിന്റെ ഒരു ഇരുണ്ട ഗര്‍ത്തത്തിലാണ് കേരളം ചെന്നു പതിച്ചിരിക്കുന്നത്. മതമൗലികവാദപരമായ അന്ധവിശ്വാസങ്ങള്‍ മൂര്‍ച്ഛിച്ചു, മൂര്‍ച്ഛിച്ച് സാമാന്യബുദ്ധിക്കു നിരക്കാത്ത തലങ്ങളിലേക്ക് ആളുകള്‍ പോയിക്കൊണ്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ തിരിച്ചറിയുന്നത്.

    മതമൗലികവാദത്തെ നേരിടുന്നതിൽ സർക്കാരുകൾ പരാജയമോ?

    മതമൗലിക വാദം കേരളത്തിൽ ചിലപ്പോൾ ഒരുതരം മനോരോഗമായി മുദ്രകുത്തപ്പെടുന്നുണ്ട്. ഈ ഭീകരമായ ആശയത്തെ നാട്ടിലെ മത-രാഷ്ട്രീയ സംഘടനകള്‍ ഒന്നുകില്‍ തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന പല ആധുനിക സംഘടനകളും ബുദ്ധിജീവികളുമെല്ലാം ഇത്തരം പുതിയ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതുശരിയാണ്.പക്ഷേ, ഇവര്‍ക്കൊന്നും ഒറ്റ മനസ്സോടെ ഈ ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല,അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. കേരളം മാറിമാറി ഭരിച്ച സർക്കാരുകൾ മതമൗലികവാദത്തിനെതിരെ ശരിയായ നിലപാടുകൾ കൈകൊണ്ടിരുന്നില്ല.മതമൗലിക വാദത്തെ തിരിച്ചറിയുന്നതിലും ഭീകരതയെ നേരിടുന്നതിലും രാഷ്ട്രീയപാർട്ടികൾ പരാജയപ്പെട്ടു.

    കേരളത്തിൽ വിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും വർഗീയതയിലേക്കും ഫാസിസത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത ഏറെയാണ്.കേരളത്തിലെ ക്യാമ്പസുകൾ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദികളാകുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തണം.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ വർഗ്ഗീയ സംഘർഷങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇടയ്ക്കിടെ സാക്ഷ്യം വഹിച്ചപ്പോൾ, കേരളം ഒറ്റപ്പെട്ടിരുന്നു.എന്നാൽ കേരളത്തിൽ ഇന്ന് സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. ചില ഉല്പന്നങ്ങളുടെ വന്‍വിപണി സൃഷ്ടിച്ച് അതിലൂടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇതര സമൂഹങ്ങളെ തകര്‍ക്കാനും മതമൗലികവാദികള്‍ ശ്രമിക്കുന്നു.

    മതമൗലിക വാദത്തിനു ലളിതമായ വ്യാഖ്യാനം നല്‍കുന്നത് അപകടകരമാണ്.സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന സർക്കാരുകളാണ്

    രാഷ്ട്രീയ പാർട്ടികൾ നിലപാട്‌ വ്യക്തമാക്കണം

    സർക്കാരുകളുടെ മൗനാനുവാദത്തോടെ ക്രൈസ്തവർ വേട്ടയാടപ്പെട്ട സംഭവങ്ങൾ നിരവധിയുണ്ട്. അക്രമാസക്തമായ മൗലികവാദം ക്രൈസ്തവരുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും ന്യായമായ സാന്നിധ്യം നമ്മുടെ രാജ്യത്ത് നിഷേധിക്കുന്ന അവസ്ഥയുണ്ട്.പൊതു-മതേതര സ്ഥാപനങ്ങളിലേക്ക് മതമൗലികവാദം കൊണ്ടുവരാനുള്ള ആസൂത്രിത നീക്കങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നത് നല്ലതല്ല. ഭാരത റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലും നിയമവാഴ്ചയിലും ദേശസ്നേഹത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇത്തരം ആശയങ്ങളെയും പ്രവർത്തനങ്ങളെയും എതിർക്കണം.

    ഭാരതത്തിൽ സംഘടിതശക്തിയും അവബോധവും കൊണ്ട് മതമൗലികവാദത്തെ രാഷ്ട്രീയപാർട്ടികൾ പരസ്യനിലപാടിലൂടെ ചെറുക്കേണ്ടത് അനിവാര്യമാണ്.മതമൗലിക വാദത്തിനെതിരെ മുഖ്യധാരാ പാർട്ടികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കണം.ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ – സന്യസ്ത ജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്‌ എതിരെ കേരളത്തിൽ എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല എന്നത് ക്രൈസ്തവരെ ദുഃഖിപ്പിക്കുന്നു.

    മതമൗലീകവാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കുമെന്ന വസ്തുത തിരിച്ചറിയേണ്ട കാലമാണിത്

    അടിസ്ഥാനപരവും പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കപ്പെടണം. മതസ്വാതന്ത്ര്യമെന്നാൽ ആരാധനാ സ്വാതന്ത്ര്യത്തിൽ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നൽകാനും അടിച്ചേൽപ്പിക്കാതെ തന്നെ അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. യഥാർത്ഥ മാനവികതയ്ക്കും സമഗ്രമായ വളർച്ചയ്ക്കും മതസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണ്.എന്നാൽ മതമൗലികവാദം ഭീകവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്.

    എല്ലാ തിന്മകളും അന്യമതക്കാരില്‍നിന്നും മനുഷ്യസംസ്‌കാരത്തിന്റെ വികാസത്തില്‍നിന്നും മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളില്‍നിന്നും ഉടലെടുത്തതാണ് എന്നു വിശ്വസിക്കുന്നവര്‍ ഏതെങ്കിലും ഇരുണ്ട ഭൂഖണ്ഡത്തിലെ ആദിമനുഷ്യരല്ല,മറിച്ച് കേരളത്തിൽ സാമാന്യ വിദ്യാഭ്യാസം നേടിയ ചിലരെക്കൊണ്ടെങ്കിലും ഇങ്ങനെ വിശ്വസിപ്പിക്കുവാന്‍ മതമൗലികവാദത്തിനു കഴിയുന്നു എന്നതില്‍ വലിയ അപായസൂചനകള്‍ അടങ്ങിയിട്ടുണ്ട്.

    ക്രൈസ്തവ വിദ്വേഷം വളര്‍ത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിന് മുഖ്യപങ്കുണ്ട്.അസത്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൈസ്തവര്‍ക്കെതിരായ നിലപാട് സൃഷ്ടിച്ചവരില്‍ ഭൂരിപക്ഷ – ന്യൂനപക്ഷ പാര്‍ട്ടികളും അവയോടു ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഉണ്ട്.സാമുദായികമായും രാഷ്ട്രീയമായും ക്രൈസ്തവര്‍ സംഘടിക്കപ്പെടുമ്പോള്‍ അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നവരാണ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ക്രൈസ്തവവിരുദ്ധത വളര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ പലരും എന്നത് ഇപ്പോൾ വ്യക്തമാണ്.

    ഈയടുത്ത കാലത്തായി വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും അപഹസിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമായി ഇവിടുത്തെ ക്രൈസ്തവര്‍ മാറ്റപ്പെട്ടിരിക്കുന്നു. ക്രൈസ്തവരുടെ വിശ്വാസവും, ജീവിതരീതികളും, എന്തിനേറെ അവരുടെ സാമൂഹിക -വിദ്യാഭ്യാസ സേവനങ്ങള്‍ പോലും അവഹേളിക്കപ്പെടുന്നു.ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചും ക്രിസ്തുമസ്സ് പുൽക്കൂട് നശിപ്പിച്ചും, ബൈബിൾ കത്തിച്ചും ക്രൈസ്തവ വിരുദ്ധത സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നു.ഇത് മതമൗലികവാദത്തിന്റെ ആധുനിക പതിപ്പുകളാണ്.

    മതമൗലികവാദത്തിനെതിരെ കർശന നടപടികൾ വേണം

    ക്രൈസ്തവരെക്കുറിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യക്തമായ അജണ്ടയോടുകൂടി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറുന്ന വര്‍ഗ്ഗീയ അധാര്‍മിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിതാന്ത ജാഗ്രത ആവശ്യമായിരിക്കുന്നു.ക്രൈസ്തവ ന്യൂനപക്ഷങ്ങൾ തികച്ചും ഭീതിയിലാണ്.അനേകം ശിരസ്സുകളുള്ള മതമൗലിക വിഷസർപ്പങ്ങൾ രാജ്യത്ത് പത്തിവിടർത്തിയാടുകയാണ്.ഭീകരവാദത്തിന് തീർച്ചയായും കേരളത്തിൽ പിന്തുണ ലഭിക്കുന്നുണ്ട്.മാധ്യമങ്ങളും,ഭരണകൂടവും,സാംസ്‌ക്കാരിക നായകരും,എഴുത്തുകാരും ഇക്കാര്യത്തിൽ പലപ്പോഴും മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.തീര്‍ച്ചയായും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകൾ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുകൾ എടുക്കണം. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തായി വളർന്നിരിക്കുന്ന മതമൗലികവാദത്തിനെതിരെ ഭാരതത്തിലെ ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത് ശക്തമായ നടപടികളാണ്.

    (സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!