മനിലയിൽ നടന്നുകൊണ്ടിരിക്കുന്ന “സിനഡിനായുള്ള ഇടവക വൈദികരുടെ ദേശീയ മീറ്റിംഗിൽ” അജപാലന ചുമതലകൾ അൽമായരുമായി പങ്കിടാൻ ഇടവക വൈദികരോട് ഫിലിപ്പീൻസിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (CBCP) പ്രസിഡൻ്റ് ബിഷപ്പ് പാബ്ലോ വിർജിലിയോ ഡേവിഡ് അഭ്യർത്ഥിക്കുന്നു.
ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ നടക്കുന്ന പരിപാടിയിൽ, സിനഡലിറ്റിയുടെ തീമുകളും സമ്പ്രദായങ്ങളും സംബന്ധിച്ച സിനഡ് ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ വിവിധ രൂപതകളിൽ നിന്നുള്ള 250 വൈദികർ ഒത്തുകൂടി.
പുരോഹിതർ മാത്രം ചുമക്കുന്ന ഭാരങ്ങൾ ലഘൂകരിക്കാൻ അൽമായരെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ബിഷപ്പ് ഡേവിഡ് ഊന്നിപ്പറഞ്ഞു.
“ശുശ്രൂഷകരായി നിയമിക്കപ്പെട്ട വൈദികർക്ക് അജപാലന ദൗത്യങ്ങളിൽ പ്രത്യേക പങ്കുണ്ട്. എന്നാൽ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അർത്ഥപൂർണമായും ഫലപ്രദമായും പങ്കെടുക്കാൻ അൽമായരെ പ്രാപ്തരാക്കാൻ കഴിയുമ്പോൾ ഈ ദൗത്യത്തിൻ്റെ ഭാരം വളരെ ലഘൂകരിക്കും, ”അദ്ദേഹം പറഞ്ഞു.
ഫിലിപ്പൈൻ കമ്മീഷൻ ഓൺ ദി ന്യൂ ഇവാഞ്ചലൈസേഷൻ (പിസിഎൻഇ) സംഘടിപ്പിച്ച യോഗത്തിൽ വത്തിക്കാനിലെ സിനഡിൻ്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെ അണ്ടർസെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ട് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.