പാകിസ്ഥാനിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹങ്ങളെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ച് ഒരു വർഷം പിന്നിട്ടിട്ടും, ക്രിസ്ത്യൻ കുടുംബങ്ങളുടെ 26 പള്ളികളും 200 ലധികം വീടുകളും തകർക്കപ്പെട്ടതിന്റെ ഇരകൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ആഗസ്റ്റ് 16-ന് രണ്ട് ക്രിസ്ത്യൻ കൗമാരക്കാർ ഖുറാൻ അശുദ്ധമാക്കി എന്ന ആരോപണത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ക്രിസ്ത്യൻ നേതാക്കൾ ഈ അവകാശവാദങ്ങൾ നിഷേധിക്കുകയും , ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാദിച്ചു.
എന്നിരുന്നാലും, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിൻ്റെ പ്രസ്സ് മേധാവി മരിയ ലൊസാനോ സിഎൻഎയോട് പറഞ്ഞു, “ മുസ്ലിം പള്ളികളിൽ നിന്നുള്ള ഉച്ചഭാഷിണിയിൽ അയയ്‌ക്കുന്ന സന്ദേശങ്ങൾ ക്രിസ്‌ത്യാനികളെ ‘പുറത്തുപോയി കൊല്ലാൻ’ പ്രാദേശിക ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി സാക്ഷികൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു എന്ന്.
ഇതിനെത്തുടർന്ന്, ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബൈക്കിൻ്റെ അംഗങ്ങൾ ഉൾപ്പെടെ 130-ലധികം പേരെ അന്ന് അധികൃതർ അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഡിസ്ചാർജ് ചെയ്യപ്പെടുകയോ ജാമ്യത്തിൽ വിട്ടയക്കുകയോ ചെയ്തിട്ടുണ്ട്, ഒരു ഡസനോളം പ്രതികൾ മാത്രമാണ് ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് ന്യൂനപക്ഷ സഖ്യത്തിൻ്റെ ചെയർമാൻ അക്മൽ ഭാട്ടി ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസർനിനോട് (ഐസിസി) പറഞ്ഞു.
“ഇത്തരം സംഭവങ്ങളോട് നിയമസംവിധാനം പ്രതികരിക്കുന്നതിൽ ഇരട്ടത്താപ്പ് ഉണ്ടെന്ന് തോന്നുന്നു,” ആംനസ്റ്റി ഇൻ്റർനാഷണൽ ഓഗസ്റ്റ് 16-ന് പറഞ്ഞു.