Wednesday, October 16, 2024
spot_img
More

    ഓഗസ്റ് 24 : സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ- വിശുദ്ധ ബര്‍ത്തലോമിയോ

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ബര്‍ത്തലോമിയോ. ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു.

    വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ യേശു വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍”. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ വെച്ച് ഉയിര്‍ക്കപ്പെട്ട രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ (യോഹന്നാന്‍ 21:2). യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തേ തുടര്‍ന്ന്‍ വിശുദ്ധ ബര്‍ത്തലോമിയോ അര്‍മേനിയായില്‍ സുവിശേഷം പ്രഘോഷിക്കുകയും, അവിടെവെച്ച് രക്തസാക്ഷിത്വം വരിച്ചതായും പറയപ്പെടുന്നു.

    ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “വിശുദ്ധന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.”

    അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാതദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും, പിന്നീട് A.D 302-ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന മഹാനായ ഡെര്‍ട്ടാഡിനേയും, അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ തന്റെ രാജ്യത്തിനു വേണ്ടി ക്രിസ്തുമതം സ്വീകരിക്കുന്ന ആദ്യ ഭരണാധികാരി ഡെര്‍ട്ടാഡായതിനാല്‍ അര്‍മേനിയക്കാര്‍ തങ്ങളാണ് ആദ്യത്തെ ക്രിസ്തീയ രാജ്യം എന്ന് അവകാശപ്പെടുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!