Tuesday, October 15, 2024
spot_img
More

    സെപ്റ്റംബർ 21 : സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ-അപ്പസ്തോലനായ വിശുദ്ധ മത്തായി.

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് അപ്പസ്തോലനായ വിശുദ്ധ മത്തായി. ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്.

    വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക്‌ ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ അമൂല്യമായി കണക്കാക്കി വരുന്നു. ചുങ്കപിരിവുകാരനായ വിശുദ്ധ മത്തായിയും യേശുവുമായിട്ടുള്ള അത്ഭുതകരമായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശുദ്ധ മര്‍ക്കോസിന്റെയും, വിശുദ്ധ ലൂക്കായുടേയും വിവരണം മത്തായിയുടെ സ്വന്തം വിവരണത്തോട് സമാനമാണ്.

    തങ്ങളുടെ അധികാരികള്‍ക്ക് വേണ്ടി കൂടുതല്‍ ചുങ്കം പിരിക്കുന്നതിനനുസരിച്ചായിരുന്നു ചുങ്കപ്പിരിവുകാരുടെ ജീവിതത്തിന്റെ ഉന്നതി. അതിനാല്‍ അക്കാലങ്ങളില്‍ റോമന്‍ സാമ്രാജ്യത്തിനുവേണ്ടി യഹൂദിയായില്‍ ചുങ്കം പിരിച്ചുകൊണ്ടിരുന്നവരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായിട്ടാണ് കണക്കാക്കിയിരുന്നത്. ഗലീലി സമുദ്രത്തിനു സമീപത്തുള്ള കാപ്പര്‍നാമിലെ വിശുദ്ധ പത്രോസിന്റെ ഭവനത്തിനടുത്ത് വെച്ചാണ് യേശുവും മത്തായിയുമായുള്ള ആദ്യകൂടിക്കാഴ്ച നടന്നതെന്ന്‍ കരുതപ്പെടുന്നു.

    മത്തായിയെ തന്റെ ശിക്ഷ്യഗണത്തിലേക്കുയര്‍ത്തിയത് യേശുവിന്റെ ആഗോള രക്ഷാകര ദൗത്യത്തിന്റെ ഒരു ഭാഗമായിരുന്നു. ചുങ്കപ്പിരിവുകാരനായ മത്തായിയെ തന്റെ പ്രഥമശിക്ഷ്യഗണത്തിലേക്ക് യേശു വിളിച്ചത് യാഥാസ്ഥിതികരായ അന്നത്തെ മതപുരോഹിതര്‍ക്കും, യഹൂദ സമൂഹത്തിനും ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു. “എന്ത് കൊണ്ടാണ് നിങ്ങളുടെ ഗുരു, ചുങ്കക്കാരുടേയും പാപികളുടേയും ഒപ്പം ഭക്ഷണം കഴിക്കുന്നത്?” എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ “ഞാന്‍ നീതിമാന്‍മാരെയല്ല പാപികളെ വിളിക്കുവാനാണ് വന്നിരിക്കുന്നത്” എന്ന യേശുവിന്റെ മറുപടി അവരുടെ ചിന്തകള്‍ക്കുമപ്പുറമായിരുന്നു.

    “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനങ്ങളേയും ശിക്ഷ്യപ്പെടുത്തുകയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുകയും, ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ ചെയ്യുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുവിന്‍” എന്ന യേശുവിന്റെ വാക്കുകള്‍ ക്രിസ്തുവിന്റെ മരണത്തിന്റേയും ഉത്ഥാനത്തിന്റേയും സ്വര്‍ഗ്ഗാരോഹണത്തിന്റേയും, കൂടാതെ പെന്തക്കൊസ്താനുഭവങ്ങളുടേയും ഒരു ദൃക്സാക്ഷി എന്ന നിലയില്‍ വിശുദ്ധ മത്തായിയും പരാമര്‍ശിക്കുന്നു.

    പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ പതിനൊന്ന് പേരെയും പോലെ അപ്പസ്തോല ദൌത്യത്തിനിടെ വിശുദ്ധ മത്തായിയും രക്തസാക്ഷിത്വം വരിച്ചതായി കരുതപ്പെടുന്നു. റോമന്‍ രക്തസാക്ഷിത്വ വിവരണമനുസരിച്ച് ഇന്നത്തെ ഈജിപ്തിനു സമീപമാണ് വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുന്നത്. ഒരു വിശുദ്ധനും സുവിശേഷകനും എന്ന നിലയില്‍ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി അമൂല്യമായ കലാരചനകള്‍ക്ക് പാത്രമായിട്ടുണ്ട്.

    വിശുദ്ധ മത്തായിയുടെ ജീവിതത്തെ ചൂണ്ടികാണിച്ചു കൊണ്ട് 2006-ല്‍ ബെനഡിക്ട് പാപ്പാപറഞ്ഞത് ഇപ്രകാരമാണ്, “വിശുദ്ധിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാപികളായവര്‍ക്കു ദൈവകാരുണ്യം വഴി ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക്‌ നല്‍കുന്നത്”.

    ഒമ്പതാം നൂറ്റാണ്ടിലെ കെല്‍സിന്റെ രചനകള്‍ തുടങ്ങി, ജെ.എസ്. ബാച്ചിന്റെ ‘വിശുദ്ധ മത്തായിയുടെ സഹനങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ വരെ അത് നമുക്ക്‌ ദര്‍ശിക്കാവുന്നതാണ്. വിശുദ്ധ മത്തായിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന മൂന്ന് പ്രശസ്തമായ ചിത്രങ്ങള്‍ റോമിലെ വിശുദ്ധ ലൂയിസിന്റെ നാമധേയത്തിലുള്ള കോണ്ടാരെല്ലി ദേവാലയത്തില്‍ കാണാവുന്നതാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!