ഇന്ത്യയിലെ സെൻ്റ് തോമസ് ക്രിസ്ത്യൻ സമൂഹം ഉപയോഗിച്ചിരുന്ന അലങ്കരിച്ച കുരിശുകളുടെ പൊതുവായ പേരാണ് സെൻ്റ് തോമസ് ക്രോസ്. സെൻ്റ് തോമസുമായി നേരിട്ടുള്ള ബന്ധത്തിന് തെളിവുകളൊന്നുമില്ലെങ്കിലും, ഈ കുരിശുകൾ സെൻ്റ് തോമസ് ക്രിസ്ത്യാനികൾക്കിടയിൽ രൂപം പ്രാപിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തതിനാൽ അവ സെൻ്റ് തോമസിൻ്റേതാണെന്ന്
വിശ്വസിക്കപ്പെടുന്നു.
ഐക്കണോഗ്രാഫിയിലും ശിൽപങ്ങളിലും സമീപകാല വികാസങ്ങളെ അടിസ്ഥാനമാക്കി സെൻ്റ് തോമസ് കുരിശ് വിശകലനം ചെയ്യുമ്പോൾ, പരിശുദ്ധ ത്രിത്വത്തിൻ്റെ മനോഹരമായ ചിത്രീകരണം നമുക്ക് കാണാൻ കഴിയും. ക്രൂശിക്കപ്പെട്ട യേശുവില്ലാത്ത ശൂന്യമായ കുരിശ്, ഉയിർത്തെഴുന്നേറ്റ ദൈവപുത്രനായ ഈശോ മിശിഹയെ പ്രതീകപ്പെടുത്തുന്നു. ഇറങ്ങുന്ന പ്രാവ് റൂഹാ ഡി ഖുദിശയെ (പരിശുദ്ധാത്മാവിനെ) പ്രതീകപ്പെടുത്തുന്നു.
ആദ്യകാല ക്രിസ്ത്യൻ പുരാവസ്തുശാസ്ത്രത്തിലും ഐക്കണോഗ്രാഫിയിലും, പിതാവായ ദൈവത്തെ ഇലകൾ, പഴങ്ങൾ, പൂക്കൾ, മൃഗങ്ങൾ തുടങ്ങിയ അവൻ്റെ സൃഷ്ടികളിലൂടെയും ചിത്രീകരിച്ചിരിച്ചിരുന്നു . അതിനാൽ കുരിശിൽ സ്ഥാപിച്ചിരിക്കുന്ന താമരപ്പൂവ് / ഇലകൾ നമ്മുടെ ദൈവമായ സ്വർഗ്ഗീയ പിതാവിനെ പ്രതീകപ്പെടുത്തുന്നു. അതിനാൽ വിശുദ്ധ ത്രിത്വത്തിൻ്റെ മനോഹരമായ ഒരു ചിത്രമാണ് സെൻ്റ് തോമസ് കുരിശ് എന്ന് നമുക്ക് പറയാം.
ഈ കുരിശുകൾ പേർഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഈ കുരിശുകൾ കൊത്തിയ കരിങ്കല്ല് പ്രാദേശിക ഗ്രാനൈറ്റിൽ ആണ്. മറ്റ് മതങ്ങളുടെ (പ്രത്യേകിച്ച് ബുദ്ധമതത്തിൽ) സമകാലിക ശിൽപങ്ങളിൽ ഇതേ അലങ്കാരങ്ങൾ ഉപയോഗിക്കുന്നത് ഈ കുരിശിൻ്റെ ഇന്ത്യൻ ഉത്ഭവത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഈ ഹോളി ക്രോസിനെ മണിചെയൻ മതവുമായി ബന്ധപ്പെടുത്തി ചിലർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . മനേച്ചന്മാർ കുരിശ് ഏതെങ്കിലും രൂപത്തിൽ ഉപയോഗിച്ചതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
യാത്രക്കാരുടെയും മിഷനറിമാരുടെയും നിരവധി വിവരണങ്ങൾ സെൻ്റ് തോമസ് ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഇത്തരത്തിലുള്ള അലങ്കരിച്ച കുരിശുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. 1516-1517-ൽ പോർച്ചുഗൽ രാജാവിന് അൽവാരോ പെൻ്റേഡോ എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു, “അവരുടെ പള്ളികളിൽ അൾത്താരകളിലും മേൽക്കൂരകളിലും കുരിശുകളുണ്ട്; അവക്ക് പ്രതിമകൾ ഇല്ല.
“പഴയ പള്ളികളെല്ലാം വിജാതീയരുടെ ക്ഷേത്രങ്ങൾ പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. മൈലാപ്പൂരിലെ അത്ഭുതകരമായ കുരിശ് , അവർ സെൻ്റ് തോമസിൻ്റെ കുരിശ് എന്ന് വിളിക്കുന്നു. അതിൽ നിന്ന് ഇതിനു എത്ര പഴക്കമുണ്ടെന്ന് കാണാൻ കഴിയും. പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് വരുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികൾ നിർമ്മിച്ച പഴയ പള്ളികളിൽ കുരിശും അതിൻ്റെ ഭക്തിയും അതിലെ ചിത്രകലയും ശില്പവും കൊണ്ട് അലങ്കരിച്ചിരുന്നു.” -ജോർനാഡ ഓഫ് ഡോം അലക്സിസ് ഡി മെനെസിസ്, അൻ്റോണിയോ ഡി ഗോവ (1600)
ഈ വിവരണങ്ങളിൽ നിന്നെല്ലാം, ഈ അലങ്കരിച്ച കുരിശ് സെൻ്റ് തോമസ് ക്രിസ്ത്യാനികളുടെ പള്ളികളിലെ മദ്ബഹയിൽ (അൾത്താര) ആരാധിച്ചിരുന്നതായി വ്യക്തമാണ്. എന്നാൽ കാലക്രമേണ, പതിനാറാം നൂറ്റാണ്ടിനുശേഷം, ഈ കുരിശുകൾ പള്ളികളിൽ നിന്ന് അപ്രത്യക്ഷമായി. ഇതിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം.