Thursday, December 5, 2024
spot_img
More

    വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന

    പ്രാരംഭഗാനം

    രക്തസാക്ഷിയാം ഗീവര്‍ഗ്ഗീസ് താതാ
    ഞങ്ങള്‍ക്കായി പ്രാര്‍ത്തിക്കണമേ
    സ്വര്‍ഗ്ഗലോകത്തിലെത്തുവാനെന്നും മാര്‍ഗ്ഗം ഞങ്ങള്‍ക്ക് കാട്ടണേ
    മാനസങ്ങളില്‍ ദൈവസ്നേഹമാ-
    മാഗ്നിയുജ്ജ്വലിക്കുവാന്‍
    ഈശോ നല്കിയ സത്യമാര്‍ഗ്ഗത്തി-
    ലുള്‍ക്കരുത്തോടെ നില്‍ക്കുവാന്‍
    രക്തസാക്ഷിയാം…….. 

    കാര്‍മ്മി: ബലഹീനരും പാപികളുമായ ഞങ്ങള്‍ക്ക് സംരക്ഷകനും മദ്ധ്യസ്ഥനുമായി അങ്ങയുടെ വിശ്വസ്ത ദാസനായ വി.ഗീര്‍വര്‍ഗ്ഗീസിനെ ഞങ്ങള്‍ക്ക് നല്കിയ ദൈവമേ ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. ആത്മീയവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ വിശുദ്ധന്‍റെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

    സമൂ: ആമ്മേന്‍.

    കാറോസൂസ

    ശുശ്രു: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: വി.ഗീവര്‍ഗ്ഗീസിനെ അനുകരിച്ച് ദൈവപരിപാലനായില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു എല്ലാ പ്രശ്നങ്ങളെയും ധൈര്യപൂര്‍വം നേരിടാന്‍ ആത്മശക്തി ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: തിരുസഭയുടെ മേലദ്ധ്യക്ഷന്മാരെ സംരക്ഷിക്കുകയും അവര്‍ക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തീക്ഷണതയുള്ളവരുമാക്കിത്തീര്‍ക്കുവാന്‍ അവരെ സഹായിക്കുകയും ചെയണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: രോഗികള്‍ക്ക് സൌഖ്യവും മാനസികവും ശാരീരികവുമായി വേദനിക്കുന്നവര്‍ക്ക് ആശ്വാസവും നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: ഞങ്ങളുടെ കുടുംബാഗങ്ങളെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കണമെന്നും കുടുംബങ്ങളില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: വി.ഗീര്‍വര്‍ഗ്ഗീസിന്‍റെ മാതൃക സ്വീകരിച്ചു ഞങ്ങളുടെ സഹോദരരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാനും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ശുശ്രു: വി.ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ സാധിച്ചു തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

    ധൂപാര്‍പ്പണ ഗാനം

    മിശിഹാ കര്‍ത്താവേ
    നരകുല പാലകനെ
    ഞങ്ങളണച്ചിടുമീ
    പ്രാര്‍ത്ഥന തിരുമുമ്പില്‍
    പരിമളമിയലും ധൂപം പോല്‍
    കൈക്കൊണ്ടരുളേണം 

    കാര്‍മ്മി: ആത്മീയവും ശാരീരികവുമായ വരങ്ങളാല്‍ വിശുദ്ധരെ അലങ്കരിക്കുന്നവനായ ദൈവമേ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കണമേ. പരി.കന്യാമറിയത്തിന്‍റെ അപേക്ഷയും മാര്‍ യൌസേപ്പിന്‍റെയും വി.ശ്ലീഹന്മാരുടെയും പ്രാര്‍ത്ഥനകളും, ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും, വേദസാക്ഷികളുടെയും സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. പ്രത്യേകമായി ഇന്ന് ഞങ്ങള്‍ അനുസ്മരിക്കുന്ന വി.ഗീവര്‍ഗ്ഗീസിന്‍റെ സുകൃതങ്ങളും പ്രാര്‍ത്ഥനകളും ഞങ്ങള്‍ക്ക് അഭയവും പൈശാചിക ഉപദ്രവത്തില്‍ നിന്നും സംരക്ഷണവും നല്കി നിത്യഭാഗ്യത്തിലേക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

    സമൂ: ആമ്മേന്‍.

    ഗാനം

    (സമയമാം രഥത്തില്‍ …എന്ന രീതിയില്‍)സ്നേഹതാത നിന്‍റെ ദാസര്‍
    സന്നിധിയില്‍ നില്ക്കുന്നു
    സ്നേഹമോലും കണ്‍കളാല്‍ നീ
    ഞങ്ങളെ നോക്കണമേ.
    ആര്‍ത്തരാമീ മക്കളെ നീ
    ശക്തരാക്കിടണമേ
    ഭക്തിനേടാന്‍ മുക്തിനേടാന്‍
    സിദ്ധി ഞങ്ങള്‍ക്കേകണേ.
    സ്നേഹതാത നിന്റെ……..

    മദ്ധ്യസ്ഥ പ്രാര്‍ത്ഥന

    ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു. സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ വരങ്ങളോര്‍ത്ത്, ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു. വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ.സേവനത്തിന്‍റെ പാതയിലൂടെ ഞങ്ങളെ നയിക്കണമേ. അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍ ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ ആപത്തുകളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

    രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

    രോഗികളെ സുഖപ്പെടുത്തുന്നവനും ദു:ഖിതരെ ആശ്വസിപ്പിക്കുന്നവനുമായ കര്‍ത്താവേ, അങ്ങയില്‍ അഭയം തേടുന്ന അങ്ങയുടെ മക്കളെ കരുണാപൂര്‍വ്വം കടാക്ഷികണമേ. അങ്ങ് അന്ധര്‍ക്ക് കാഴ്ച നല്കുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തുവല്ലോ. മാനസികവും ശാരീരികവുമായ രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നവരെ അങ്ങ് സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണമേ. അവര്‍ക്ക് ആരോഗ്യവും ആയുസ്സും നല്‍കണമേ. വേദനകള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവര്‍ക്ക് ശക്തി നല്‍കണമേ.ഞങ്ങളുടെ ഈ എളിയ അപേക്ഷകള്‍ അങ്ങ് ദയാപ്പൂര്‍വ്വം സ്വീകരിക്കണമേ.

    സമാപന പ്രാര്‍ത്ഥന

    അത്ഭുതകരമായ വരങ്ങളാല്‍ വിശുദ്ധരെ അലങ്കരിക്കുവാന്‍ തിരുമനസ്സായ ദൈവമേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വി.ഗീര്‍വര്‍ഗ്ഗീസിന്‍റെ സുകൃതങ്ങള്‍ പരിഗണിച്ചുകൊണ്ടു ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ തിരുമനസ്സിന് യോജിച്ചവിധത്തില്‍ ഞങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുതന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ നൊവേന നടത്തുന്നവരെയും ഇതില്‍ സംബന്ധിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ആശീര്‍വദിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

    സമൂ: ആമ്മേന്‍.

    സമാപനഗാനം

    (നിത്യ ജീവന്‍റെ അപ്പം….എന്ന രീതി)മര്‍ത്യര്‍ക്ക് രക്ഷയ്ക്കുവേണ്ടി
    ക്രൂശതില്‍ യാഗമായിത്തീര്‍ന്ന
    ദൈവസൂനുവിന്‍ മാര്‍ഗ്ഗം
    നിത്യം പിന്തുടര്‍ന്നോനെ
    നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
    ഇഹലോക ഭാഗ്യങ്ങളെല്ലാം
    യേശുവിനായ് വെടിഞ്ഞവനെ
    മംഗള ഗീതങ്ങള്‍ പാടി
    നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
    മര്‍ത്യര്‍ക്ക് …..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!