Sunday, October 13, 2024
spot_img
More

    യൗസേപ്പിതാവിന്റെ വണക്കമാസം 24 ാം തീയതി

    “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27).

    തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം?

    മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് നസ്രസിലെ തിരുക്കുടുംബത്തിന്‍റെ നാഥനായിട്ടാണ് സ്വജീവിതം നയിച്ചത്. പ. കന്യകയുടെയും ഉണ്ണീശോയുടെയും സാന്നിദ്ധ്യം ആ ചെറുഭവനത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി പകര്‍ത്തി.

    തിരുക്കുടുംബത്തിലെ അംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഐക്യത്തിലുമാണ് ജീവിച്ചത്. നരകുലപരിത്രാതാവായ ഈശോമിശിഹാ അവിടുത്തെ ഭൗമിക ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം നസ്രസിലെ തിരുക്കുടുംബത്തില്‍ ജീവിച്ചു കൊണ്ട് കുടുംബജീവിതത്തിന്‍റെ മഹത്വം വ്യക്തമാക്കി. പരിശുദ്ധ കന്യക മണവാളനായ വി. യൗസേപ്പിനോടു ഏറ്റവും നിര്‍മ്മലമായ സ്നേഹം പുലര്‍ത്തി. ഒരു‍ മാതൃകാ ഭാര്യ, ഗൃഹനാഥ എന്നീ നിലകളില്‍ വി. യൗസേപ്പിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈശോ, മാതൃകാ പുത്രന്‍ എന്നുള്ള നിലയില്‍ വി. യൗസേപ്പിനെയും പരിശുദ്ധ കന്യകയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തു. അപ്രകാരം അവിടെ അവര്‍ ഏക ഹൃദയവും ഏക ആത്മാവുമായിരുന്നു.

    വി. യൗസേപ്പ് തിരുക്കുടുംബനാഥന്‍ എന്നുള്ള നിലയില്‍ പ. കന്യകയുടെയും ദൈവകുമാരന്‍റെയും ജീവിതം ഏറ്റവും സൗഭാഗ്യകരമാക്കുവാന്‍ പരിശ്രമിച്ചു. വേല ചെയ്തു നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അദ്ദേഹം അവരെ പോറ്റി. കുടുംബത്തില്‍ പരിപാവനമായ ഒരു അന്തരീക്ഷം പുലര്‍ത്തി. പരസ്പര സ്നേഹം, സേവനം, പ്രാര്‍ത്ഥന എന്നിവ തിരുക്കുടുംബത്തില്‍ പരിപുഷ്ടമായി.

    നമ്മുടെ കുടുംബങ്ങളില്‍ ക്രൈസ്തവമായ അന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍, വി. യൗസേപ്പും പ.കന്യകാമറിയവും ഈശോനാഥനും തിരുക്കുടുംബത്തില്‍ ജീവിച്ചിരുന്നതുപോലെ നാമും ജീവിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഈശോ നാഥന്‍ ഭരണം നടത്തണം. മരിയാംബിക രാജ്ഞിയായി വാഴണം. അതോടൊപ്പം മാര്‍ യൗസേപ്പിനും കുടുംബത്തില്‍ സ്ഥാനം നല്‍കുക. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന ഉയരണം. കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന്‍ പരസ്പര സ്നേഹം പരിപുഷ്ടമാക്കണം.

    വിവാഹം ക്രിസ്തുവില്‍ കേന്ദ്രീകൃതമായ കുടുംബജീവിതത്തിനുള്ള കൂദാശയാണ്. മിശിഹായും സഭയും തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകം. മൗതിക ശരീരത്തിന്‍റെ പ്രതിരൂപമെന്നത് തിരുക്കുടുംബത്തിന്‍റെ മാതൃകയാണ്. കുടുംബാംഗങ്ങളില്‍ പരസ്പര സ്നേഹവും സേവന സന്നദ്ധതയുമുണ്ടായിരിക്കണം. സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ശ്രദ്ധ പതിപ്പിക്കുക. മാതാപിതാക്കന്‍മാര്‍ നല്ല കത്തോലിക്കാ വിദ്യാഭ്യാസം അവര്‍ക്കു നല്‍കുക. സല്‍ഗ്രന്ഥങ്ങളും പത്രമാസികകളും അവിടെ പ്രവേശിക്കട്ടെ. അശ്ലീലമായവ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുമെന്ന്‍ തിരിച്ചറിയുക. വിശുദ്ധ ഗ്രന്ഥ പാരായണം എല്ലാ ദിവസവും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയോടൊപ്പം നിര്‍വഹിക്കുക. അങ്ങനെ തിരുകുടുംബം പോലെ നമ്മുടെ കുടുംബങ്ങള്‍ ക്രൈസ്തവപൂര്‍ണ്ണമാകുമ്പോള്‍ സമൂഹവും ജനപദങ്ങളും ലോകം തന്നെയും ക്രൈസ്തവമാകും.

    സംഭവം

    ഇന്ത്യാ പാക്കിസ്ഥാന്‍ (1971) യുദ്ധകാലത്ത് മുറിവേറ്റ് മരണവുമായി മല്ലടിക്കുന്ന അസംഖ്യം പടയാളികള്‍ക്ക് ബംഗാളിലെ ഒരു പട്ടണത്തില്‍ യൗസേപ്പിതാവിന്‍റെ ഭക്തരായ സന്യാസിനികള്‍ അഭയം നല്‍കി. ആശുപത്രിയും മഠവും ഉന്മൂലനം ചെയ്യുവാന്‍ ശത്രുക്കള്‍ പരിശ്രമിച്ചു. പലവട്ടം ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഒരു ഹെലികോപ്റ്ററില്‍ ശത്രുക്കള്‍ പറന്നെത്തി. എല്ലാവരും നിദ്രയിലാണ്ട സമയം. കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ചു കടന്നു വരുന്ന വിമാനം പട്ടണത്തിനു മുകളില്‍ റോന്തു ചുറ്റുകയാണ്. വിമാനം കടന്ന കാര്യം കാവല്‍ പട്ടാളക്കാര്‍ അറിഞ്ഞു. അപകടസൂചനയോടെ സൈറന്‍ മുഴങ്ങി. മഠത്തിലെ സന്യാസിനികള്‍ ഭയന്നു വിറച്ചു.

    സകലതും ബോംബിന്‍റെ തീച്ചൂളയില്‍ കരിഞ്ഞു ചാമ്പലാകാന്‍ അധിക സമയമില്ല. ഏകാലംബമായ വിശുദ്ധ യൗസേഫിന്‍റെ സഹായം തേടുവാന്‍ അവര്‍ തീരുമാനിച്ചു. ഈ പുണ്യതാതന്‍റെ സമക്ഷം അവര്‍ കണ്ണീരോടെ കൂട്ട പ്രാര്‍ത്ഥന നടത്തി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. അതാ ആകാശത്തില്‍ വലിയ തീപടലം. എല്ലാവരും ഞെട്ടിവിറച്ചു. ഒരു പീരങ്കി പോലും ചലിച്ചില്ല. തോക്കുകള്‍ നിറയൊഴിച്ചില്ല. അത്ഭുതം! ബോംബിടുന്നതിനു മുന്‍പ് വിമാനം എന്തോ തകരാറു മൂലം കത്തിയെരിഞ്ഞു താഴെ വീണു. ബോംബിന്‍റെ യാതൊരു കെടുതിയും അവിടെ ഉണ്ടായില്ല. വിമാനാപകടത്തില്‍ പരിക്കേറ്റ മൂന്നു പട്ടാളക്കാരെ സന്യാസിനികള്‍ തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ തങ്ങളെ സംരക്ഷിക്കുവാന്‍ വന്ന സൈനികരെ പരിചരിക്കാനുള്ള സ്ഥിതി വിശേഷമാണ് മാര്‍ യൗസേപ്പു പിതാവിന്‍റെ ഭക്തദാസരായ ആ സഹോദരിമാര്‍ക്കുണ്ടായതും. തങ്ങളെ കാത്തു പാലിച്ച മാര്‍ യൗസേപ്പിന് അവര്‍ നന്ദിയോടെ സ്തോത്രമര്‍പ്പിച്ചു.

    ജപം

    തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെ വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോയും, പരിശുദ്ധ കന്യകയും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    തിരുക്കുടുംബത്തിന്‍റെ സംരക്ഷകാ, ഞങ്ങളുടെ കുടുംബത്തെ സ്നേഹ ചൈതന്യത്തില്‍ സംരക്ഷിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!