Wednesday, October 16, 2024
spot_img
More

    യൗസേപ്പിതാവിന്റെ വണക്കമാസം 21 ാം തീയതി

    മാര്‍ യൗസേപ്പിന്റെ വിശ്വാസവും പ്രത്യാശയും

    വിശ്വാസം  ദൈവവുമായിട്ടുള്ള ഒരു അഭിമുഖീകരണവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും  അനിതരസാധാരണമായ വിശ്വാസത്തിന്‍റെ ലക്ഷ്യമത്രെ..

     യഹൂദ പാരമ്പര്യത്തിലാണ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ബാല്യകാലത്ത്‌ വളര്‍ത്തപ്പെട്ടത്. എന്നാല്‍ ക്രിസ്തീയ സഭയുടെ പ്രതിരൂപമായിരുന്നു നസ്രത്തിലെ തിരുക്കുടുംബം. പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ ദൈവകുമാരനെ ഗര്‍ഭം ധരിച്ച വിവരം ദൈവദൂതന്‍ അറിയിച്ചപ്പോള്‍ വിശുദ്ധ യൗസേപ്പ് പിതാവ് അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെ അര്‍പ്പണത്തിലൂടെയാണ്. പിന്നീടുള്ള മാര്‍ യൗസേപ്പിന്‍റെ ജീവിത യാത്ര മുഴുവന്‍ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടേതുമത്രെ.

    ബെത്ലഹെമില്‍ പിറന്ന ശിശു ദൈവത്തിന്‍റെ നിത്യവചനമാണെന്ന് അംഗീകരിച്ചു കൊണ്ട് വിശുദ്ധ യൗസേപ്പ്, ദിവ്യശിശുവിനെ ആരാധിച്ചു. പൗരസ്ത്യ വിജ്ഞാനികള്‍ ദിവ്യശിശുവിനെ ആരാധിക്കുമ്പോഴും വിശുദ്ധ യൗസേപ്പ് തന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയില്‍ യഹൂദന്‍മാരുടെ രാജാവിനെത്തന്നെ ദര്‍ശിച്ചു. ഹേറോദേസ് ദിവ്യകുമാരന്‍റെ ജീവന്‍ അപഹരിക്കുവാന്‍ പരിശ്രമിച്ച അവസരത്തില്‍ ശത്രുക്കളില്‍ നിന്ന്, ദിവ്യകുമാരനെ രക്ഷിക്കുവാന്‍ വിശ്വാസത്തിലും പ്രത്യാശയിലും അചഞ്ചലനാകാതെ അദ്ദേഹം മുന്നേറി.‍

    ഈജിപ്തിലെ പ്രവാസ കാലത്ത് അജ്ഞാതമായ സ്ഥലത്ത് വിജാതീയരുടെ മദ്ധ്യത്തില്‍ ദൈവകുമാരനെ പരിരക്ഷിക്കുന്നതും നസ്രത്തിലേക്കുള്ള യാത്രയും അജ്ഞാതവാസവും വിശുദ്ധ യൗസേപ്പിന്‍റെ ദിവ്യകുമാരനിലുള്ള വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അഗ്നിപരീക്ഷണ ഘട്ടങ്ങളായിരുന്നു. അവയെല്ലാം അതിജീവിച്ചു കൊണ്ട് അദ്ദേഹം വിശ്വാസപരവും പ്രത്യാശാപൂര്‍ണ്ണവുമായ തീര്‍ത്ഥയാത്ര പൂര്‍ത്തീകരിച്ചു.

    ആധുനിക ലോകത്തില്‍ മനുഷ്യന്‍റെ ജീവിത രീതികളും ക്രൈസ്തവ വിശ്വാസവും തമ്മില്‍ നിരവധി പൊരുത്തകേട് കാണാന്‍ സാധിക്കും. മാര്‍ യൗസേപ്പിനെ അനുകരിച്ച്, ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ വിശ്വാസ ചൈതന്യത്തോടു കൂടി ക്രൈസ്തവര്‍ ജീവിക്കുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ക്രിസ്ത്യാനികളാവുകയുള്ളൂ. ഇന്നത്തെ ക്രൈസ്തവരില്‍ പലരും നാമമാത്ര ക്രൈസ്തവരായിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ ജീവിതാവസ്ഥകളെയും വീക്ഷിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും വെല്ലുവിളികളേയും നേരിടാന്‍ നാം പ്രാപ്തരാവുകയുള്ളൂ.‍ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണല്ലോ” (വിശുദ്ധ യാക്കോബ്).

     സംഭവം

    ലിയോണ്‍സ് എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ബാലന്‍ അതീവ ഭക്തനായി വളര്‍ന്നു. തന്‍റെ ജീവിതം ദൈവത്തിനായി അര്‍പ്പിക്കുവാനുള്ള അനുഗ്രഹത്താല്‍ പ്രചോദിതനായി അവന്‍ സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ മാതാപിതാക്കന്‍മാര്‍ അതിന് അവനെ അനുവദിച്ചില്ല. അവന്‍ ഏറെ ദുഃഖിതനായി. ഇതേ തുടര്‍ന്നു അവന്‍ വളരെ മോശമായ രീതിയില്‍ ജീവിക്കാന്‍ തുടങ്ങി. ഒരു കാലത്ത് പുണ്യജീവിതം കഴിച്ച അവന്‍ ഞായറാഴ്ചകളില്‍ പോലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ്‌ അവന്‍റെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് ബോധ്യമുണ്ടായത്.

    മോശമായ ജീവിതത്തില്‍ നിന്ന്‍ പുത്രനെ നേര്‍വഴിക്കു തിരിക്കുവാന്‍, ഇടവക വികാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുടുംബസമേതം പള്ളിയിലെത്തി മാര്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിച്ചു. അവന്‍ ദിവസവും ദിവ്യബലിയില്‍ സഹായിച്ചിരുന്നതും മാര്‍ യൗസേപ്പിതാവിനു പ്രതിഷ്ഠിച്ചിരുന്നതുമായ അള്‍ത്താരയില്‍ ഇടവക വികാരി അര്‍പ്പിച്ച ദിവ്യപൂജയില്‍ പങ്കുചേര്‍ന്നു കുടുംബാംഗങ്ങളെല്ലാം പ്രസ്തുത യുവാവിനു വേണ്ടി യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു അവന്‍ മാനസാന്തരപ്പെട്ടു സുകൃത ജീവിതം കഴിക്കുവാനിടയായി.

    ജപം

    മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വിശുദ്ധ യൌസേപ്പിതാവിന്റ ലുത്തീനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്ർത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    ദിവ്യകുമാരന്‍റെ വളര്‍ത്തു പിതാവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!