Saturday, March 22, 2025
spot_img
More

    വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം 13 ാം തീയതി

    “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16).

    വിശുദ്ധ യൌസേപ്പ്- തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥന്‍

    വിശുദ്ധന്‍മാരുടെ മാദ്ധ്യസ്ഥശക്തി അവര്‍ ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ പരിത്രാണന പരിപാടിയില്‍ എത്രമാത്രം സഹകരിച്ചുവോ അതിന്‍റെ തോതനുസരിച്ചായിരിക്കും എന്ന്‍ വേദപാരംഗതനായ വി. തോമസ്‌ അക്വിനാസ് അഭിപ്രായപ്പെട്ടിരിന്നു. രക്ഷാകര പദ്ധതിയില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വി. യൗസേപ്പാണെന്നുള്ളത് നിസ്തര്‍ക്കമത്രേ. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശ്ശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വി. യൗസേപ്പ് രക്ഷാകരകര്‍മ്മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ്‌ ഏറെ കഠിനാദ്ധ്വാനം ചെയ്തു. നസ്രസിലെ അജ്ഞാത ജീവിതദശയില്‍ വിശുദ്ധ യൗസേപ്പ്, ഈശോമിശിഹായെ തൊഴില്‍ അഭ്യസിപ്പിക്കുകയും യഹൂദമതാനുഷ്ഠാനങ്ങളില്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ഇപ്രകാരം പരിത്രാണ കര്‍മ്മത്തില്‍ വിശുദ്ധ യൗസേപ്പും സുപ്രധാനമായ പങ്ക് അനുഭവിച്ചു.

    ഈജിപ്തിലെ രാജാവായിരുന്ന ഫറവോന്‍ അദ്ദേഹത്തിന്‍റെ രാജകീയ ഭണ്ഡാരങ്ങളുടെ സൂക്ഷിപ്പുകാരനായി പൂര്‍വ യൗസേപ്പിനെ നിയമിച്ചതായി ഉത്പത്തിയുടെ പുസ്തകത്തില്‍ കാണുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും മറ്റു വിഭവങ്ങളും വാങ്ങിക്കുവാനായി എത്തുന്നവരോട് ഫറവോന്‍ പറഞ്ഞിരുന്നത് “നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍” എന്നാണ്. ദൈവം അവിടുത്തെ സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരനായി നമ്മുടെ പിതാവ് മാര്‍ യൗസേപ്പിനെ നിയോഗിച്ചിരുന്നു. അതിനാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവുംതിരുകുമാരനും, ‘നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍’ എന്ന് നമ്മോട് അരുളിചെയ്യുന്നുണ്ട്. മറ്റു വിശുദ്ധന്‍മാര്‍ക്ക് നമ്മെ ചില പ്രത്യേക കാര്യങ്ങളില്‍ സഹായിക്കുവാനുള്ള കഴിവാണ് ദൈവം നല്‍കിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിനും ആധ്യാത്മികവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും നമുക്കു വേണ്ട അനുഗ്രഹങ്ങള്‍ നല്‍കുന്നതിനും കഴിയുന്നതാണെന്ന് നമ്മില്‍ പലര്‍ക്കുമറിയില്ല.

    തിരുക്കുടുംബത്തിന്‍റെ നാഥനെന്ന നിലയില്‍ ഈശോമിശിഹായിലും പരിശുദ്ധ കന്യകാമറിയത്തിലും, വിശുദ്ധ യൗസേപ്പിനുണ്ടായ അധികാരം സ്വര്‍ഗ്ഗീയ ജീവിതത്തിലും ഉണ്ടാകുമല്ലോ. അവര്‍ രണ്ടുപേരും അദ്ദേഹത്തിന്‍റെ ആഗ്രഹമറിഞ്ഞ് പ്രവര്‍ത്തിക്കുന്മെന്ന് നിസംശയം പറയാം. 1891-ല്‍ ലെയോ പതിമ്മൂന്നാമന്‍ ‍’ക്വാം ക്വാം ഫളൂരിസ്’ എന്ന വിശ്വലേഖനത്തിലൂടെ മാര്‍ യൗസേപ്പിനെ തിരുസഭയുടെ സാര്‍വത്രിക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. പൂര്‍വ്വയൗസേപ്പ് നമ്മുടെ പിതാവ് മാര്‍ യൗസേപ്പിന്‍റെ പ്രതിഛായയാണ്. അദ്ദേഹം ഈജിപ്തില്‍ രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അന്നത്തെ ലോകത്തിലുള്ളവരെ സംരക്ഷിച്ചതു പോലെ, നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ഭക്തരായ ആത്മാക്കളെ സവിശേഷകരമാം വിധം സംരക്ഷിക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.

    സംഭവം

    വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍നിന്ന് ഒരു ക്രൈസ്തവ കുടുംബം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കാറിലാണ് യാത്ര ചെയ്തിരുന്നത്. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് ഒരു സംഘം കവര്‍ച്ചക്കാര്‍ കാര്‍ തടഞ്ഞു. ആ കുടുംബാംഗങ്ങളെയെല്ലാം വധിച്ച് കാറും വസ്തുക്കളും കവര്‍ച്ച ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. കേണപേക്ഷിച്ചെങ്കിലും ആ കഠിന ഹൃദയര്‍ക്ക് യാതൊരു കാരുണ്യവും ഉണ്ടായില്ല. കുടുംബനാഥന്‍ ഉറച്ച വിശ്വാസത്തോടെ തങ്ങളെ മുഴുവന്‍ വി. യൗസേപ്പിന് സമര്‍പ്പിച്ചു കൊണ്ടു പ്രാര്‍ത്ഥിച്ചു. ഹേറോദേസിന്‍റെ കൈകളില്‍ നിന്ന് ഈശോയേയും മറിയത്തെയും രക്ഷിച്ച വി. യൗസേപ്പ് പരിശുദ്ധ മറിയത്തിന്‍റെ സന്നിധിയില്‍ തീര്‍ത്ഥാടനം നടത്തിയ തങ്ങളെ കൈവിടുകയില്ല എന്ന ഉറപ്പോടെ ഉയര്‍ത്തിയ പ്രാര്‍ത്ഥനയ്ക്ക് ഉടന്‍ ഫലമുണ്ടായി. കൊലയായുധവുമായി കവര്‍ച്ച സംഘം അവരോട് എതിരിട്ട് നില്‍ക്കുന്ന നിമിഷത്തില്‍ ഒരു നീല വാന്‍ അവിടെ പ്രത്യക്ഷമായി. ഒരു പോലീസ് വണ്ടിയായിരുന്നു അത്. തോക്കുധാരികളായ പോലീസുകാര്‍ സംഗതി മനസ്സിലാക്കി വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കവര്‍ച്ച സംഘത്തിലെ മിക്കവരെയും അറസ്റ്റ്ചെയ്തു. ഉടനെ ലോക്കപ്പിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതില്‍ സന്തോഷചിത്തരായ കുടുംബാംഗങ്ങള്‍ യൗസേപ്പ് പിതാവിന് നന്ദി പറഞ്ഞു.

    ജപം

    ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പ. കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥനായ വി. യൗസേപ്പേ, ഞങ്ങളെ കാത്തുകൊള്ളണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!