Wednesday, October 9, 2024
spot_img
More

    വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം ആറാം തീയതി

    “അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19).

    പിതൃവാല്‍സല്യത്തിന്റെ പിതാവ്

    മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത് എത്ര അത്ഭുതാവഹമാണ്.

    വി. യൗസേപ്പ് ഈശോമിശിഹായുടെ ജനനദാതാവല്ല. എങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വി. യൗസേപ്പിന് ഒരു പങ്കു വഹിക്കുവാനുണ്ടായിരുന്നു. ഉണ്ണീശോയുടെ ജീവന്‍ അപകടത്തിലായ അവസരങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പ് അതീവ തീക്ഷ്ണതയോടും ധൈര്യത്തോടും വിവേകത്തോടും കൂടി പ്രവര്‍ത്തിച്ച് തിരുകുമാരനെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നു.

    ദിവ്യശിശുവിന്‍റെ ബാല്യകാല ശിക്ഷണത്തില്‍ സാധാരണ പിതാക്കന്‍മാരെപ്പോലെ വിശുദ്ധ യൗസേപ്പ് ശ്രദ്ധ പതിച്ചിരുന്നിരിക്കണം. ദിവ്യകുമാരനെ അനേകം പ്രാവശ്യം സ്വകരങ്ങളില്‍ എടുക്കുകയും സ്നേഹപൂര്‍വ്വം ചുംബിക്കുകയും പിതൃവാത്സല്യത്തോടെ അവിടുത്തെ ലാളിക്കുകയും ചെയ്തിരുന്നപ്പോഴെല്ലാം വിശുദ്ധ യൗസേപ്പിന് അപാരമായ സന്തോഷം ഉളവായി.

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കാരണത്താല്‍ ഈശോയുമായി അഗാഢമായ ഐകൃം സംസ്ഥാപിതമായി. ദൈവശാസ്ത്രപരമായി പറയുകയാണെല്‍ ഉപസ്ഥിതി ബന്ധത്തിന്‍റെ (hypostatic union) മണ്ഡലത്തിലാണ് ദൈവമാതാവിനോടും ദൈവകുമാരനോടും കൂടി വിശുദ്ധ യൗസേപ്പ് ജീവിച്ചത്. വി. യൗസേപ്പ് നിരന്തരം ഈശോയോടു കൂടിയും ഈശോയ്ക്കു വേണ്ടിയുമാണ് ജീവിച്ചത്.

    തന്നിമിത്തം ദൈവകുമാരന്‍റെ അനന്തമായ വിശുദ്ധിയിലും വിശുദ്ധ യൗസേപ്പ് ഭാഗഭാക്കായി. അദ്ദേഹം തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദൈവകുമാരനെ പോറ്റിയത്. ഈശോ വിശുദ്ധ യൗസേപ്പിനെ അനുസരിച്ചിരുന്നു. കൂടാതെ നമ്മുടെ പ്രിയപ്പെട്ട യേശു മാര്‍ യൗസേപ്പിന്‍റെ തൊഴിലാണ് ചെയ്തിരുന്നത്. ആ തൊഴില്‍ അദ്ദേഹം ദിവ്യകുമാരനെയും അഭ്യസിപ്പിച്ചു എന്ന്‍ നിസംശയം അനുമാനിക്കാം.

    “എന്‍റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല”എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ വിശുദ്ധ യൗസേപ്പിന് ഈശോമിശിഹാ എത്രമാത്രം ദാനങ്ങളും വരങ്ങളും നല്‍കിയിട്ടുണ്ടാകുമെന്ന് ചിന്തിച്ചു നോക്കുക. വിശുദ്ധ യൗസേപ്പ് ഇപ്പോഴും പിതൃസഹജമായ അധികാരത്തോടു കൂടിത്തന്നെ ഈശോ മിശിഹായോട് നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിനെ നമ്മുടെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങുന്നതില്‍ ദൈവീകമായ ഒരര്‍ത്ഥമുണ്ട്.

    സംഭവം

    സാമാന്യം ധനസ്ഥിതിയുള്ള ഒരു സ്ത്രീ തന്‍റെ സമ്പാദ്യമെല്ലാം ചിലവഴിച്ചു ഏക മകനെ പഠിപ്പിച്ചു. മകന്‍ ഉന്നത ബിരുദം സമ്പാദിച്ചുവെങ്കിലും എന്തെങ്കിലും ഉദ്യോഗം ലഭിക്കാന്‍ കഴിയാതെ വന്നതില്‍ ആ കുടുംബം തീര്‍ത്തു നിരാശരായി. രണ്ടുമൂന്നു വര്‍ഷങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോഴേക്കും ആ കുടുംബം തികച്ചും നിര്‍ധനാവസ്ഥ പ്രാപിച്ചുകഴിഞ്ഞു. ഇനി താന്‍ ഒരിക്കലും വീട്ടിലേയ്ക്കും വരികയില്ല എന്നു പറഞ്ഞ് ആ യുവാവ് വീടു വിട്ടിറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞു. പുത്രനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ക്ലേശിച്ച അമ്മ വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള ഒരു ദേവാലയത്തില്‍ കയറി പുണൃവാനോട് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ജോലിയില്ലാതെ പട്ടിണി കിടന്ന യുവാവ് അതേസമയം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒരു ധനിക കുടുംബത്തില്‍ ചെന്ന്‍ യാചിച്ചു. എന്നാല്‍ അവര്‍ അയാള്‍ക്ക് യാതൊന്നും കൊടുത്തില്ല എന്നു മാത്രമല്ല, അയാളെ ആ വീട്ടുകാര്‍ ഉപദ്രവിച്ചു ഇറക്കിവിട്ടു.

    യാതൊരു ആശ്രയവുമില്ലാതെ കണ്ണുനീരോടെ അയാള്‍ ഗെയിറ്റ് കടന്നിറങ്ങുമ്പോള്‍ നല്ലൊരു ബാഗും പിടിച്ച് ഒരു യുവാവ് കടന്നുവരുന്നു. അവന്‍ സൂക്ഷിച്ചുനോക്കി. കോളേജില്‍ തന്നോടൊപ്പം പഠിച്ച കൂട്ടുകാരന്‍. ആ ധനികകുടുംബത്തിലെ ഏക അവകാശിയാണ് അയാള്‍. ദൂരസ്ഥലത്ത് ഉദ്യോഗമുള്ള അയാള്‍ അവധിക്കു വീട്ടില്‍ വന്നതാണ്. നിരാലംബനായ തന്‍റെ സഹപാഠിയുടെ കഥ കേട്ടപ്പോള്‍ അയാള്‍ വ്യസനിച്ചു. തന്‍റെ വീട്ടുകാര്‍ അവനോടു ചെയ്ത ദ്രോഹത്തിന് മാപ്പു ചോദിച്ചു. എന്നുമാത്രമല്ല പിന്നീട് അഭ്യസ്ഥവിദ്യനും തൊഴില്‍ രഹിതനുമായ തന്‍റെ സഹപാഠിക്ക് ഒരു നല്ല ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു.

    ജപം

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ ക്രിസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!