Wednesday, January 29, 2025
spot_img
More

    17- ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    പതിനേഴാം ദിവസം

    2 -ാം ഘട്ടം – ആത്മജ്ഞാനം .

    1. ക്രിസ്താനുകരണ വായന

    യേശുവിനോടു കൂടെയായിരിക്കുന്നത് മാധുര്യമൂറുന്ന പറുദീസയാണ്

    യേശുവിനോടുള്ള ഉറ്റ സൗഹൃദം

    യേശുവുള്ളപ്പോള്‍ എല്ലാം നന്നായിരിക്കും. ഒന്നും വിഷമമായി തോന്നുകയില്ല. യേശുവില്ലാത്തപ്പോള്‍ എല്ലാം ഭാരമാണ്. യേശു അകമേ സംഭാഷിക്കാത്തപ്പോള്‍ ആശ്വാസങ്ങള്‍ നിസ്സാരമാണ്. യേശു ഒരു വാക്ക് ഉച്ചരിച്ചാല്‍ വലിയ ആശ്വാസം ലഭിക്കും. ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നുവെന്ന് മറിയം മഗ്ദലനയോട് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത് നിന്ന് അവള്‍ ഉടനെ എഴുന്നേറ്റില്ലേ? കണ്ണുനീരില്‍ നിന്നും അരൂപിയുടെ സന്തോഷത്തിലേക്ക് യേശു വിളിക്കുന്ന സമയം ഭാഗ്യപൂര്‍ണ്ണമാണ്. യേശുവില്ലാത്തത് എത അസഹ്യവും കഠിനവുമാണ്, യേ വിന് പുറമെ എന്തെങ്കിലും ആഗ്രഹിക്കുന്നത് എന്ന അരോചകവും വ്യര്‍ത്ഥവുമാണ്. അത് ലോകം മുഴുവനും നഷ്ടപ്പെടുന്നതിലും കഷ്ടമാണ്.

    യേശു സകല സമ്പത്തും നല്കുന്നു

    യേശുവില്ലെങ്കില്‍ ലോകത്തിന് എന്തുനല്കാന്‍ കഴിയും. യേശുവില്ലാത്തത് വേദന നിറഞ്ഞ നരകമാണ് . യേശുവിനോടു കൂടെയായിക്കുന്നത് മാധുര്യമൂറുന്ന പറുദീസയാണ്. യേശു നിന്റെ കൂടെയാണെങ്കില്‍ ഒരു ശത്രുവിനും നിന്നെ ദ്രോഹക്കാനാവില്ല . യേശുവിനെ കണ്ടെത്തുന്നവന്‍ വലിയ നിധി കണ്ടെത്തുന്നു, എല്ലാ നന്മയിലും വലിയ നന്മ തന്നെ. യേശു നഷ്ടപ്പെടുമ്പോള്‍ വളരെ വലിയ നഷ്ടമുണ്ടാകുന്നു. ലോകം മുഴുവന്‍ നഷ്ടപ്പെടുന്നതിലും വലിയ നഷ്ടം . യേശുവില്ലാതെ ജീവിക്കുന്നവന്‍ പരമദരിദ്രനാണ് . യേശുവുമായി നല്ല ബന്ധം പുലത്തുന്നവന്‍ ഏറ്റം വലിയ സമ്പന്നനാണ്.

    യേശുവിനെ എല്ലാറ്റിനുമുപരി സ്‌നേഹിക്കണം

    യേശുവിനോട് സംഭാഷിക്കാന്‍ അറിയാവുന്ന വലിയ പാടവമാണ്. യേശുവിനെ സ്വന്തമാക്കുന്നത്് വലിയ ബുദ്ധിയാണ്. നീ താഴ്മയുള്ളവനും ശാന്തനുമാണെങ്കില്‍ യേശു നിന്നോടൊത്തുണ്ടാകും . ഭക്തനും സൗമ്യനുമാണെങ്കില്‍ യേശു നിന്നോടൊത്തുണ്ടാകും. ഭക്തനും സൗമ്യനുമാണെങ്കില്‍ യേശു കൂടെ വസിക്കും. നീ ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായാല്‍ യേശുവിനെ ഓടിച്ചുവിടും, കൃപ നഷ്ടപ്പെടുത്തും . യേശുവിനെ അകറ്റിയാല്‍ , നഷ്ടപ്പെടുത്തിയാല്‍ ആരുടെയടുത്ത് പോകും. ഏതു മിത്രമാണുള്ളത് ? മിത്രമില്ലാതെ നന്നായി ജീവിക്കാനാവില്ല . യേശു നിന്റെ ഏറ്റം വലിയ സ്‌നേഹിതനല്ലെങ്കില്‍ നീ വളരെയേറെ ദുഃഖിതനും , ദുരിതപൂര്‍ണ്ണനുമായിരിക്കും. വേറെ ആരിലെങ്കിലും ആശ്രയിക്കയും സന്തോഷിക്കുകയുമാണെങ്കില്‍ നീ വിഡ്ഢിയാണ്. യേശുവിനെ വേദനിപ്പിക്കുന്നതിലും ഭേദം ലോകം മുഴുവനും നിന്നെ എതിര്‍ക്കുന്നതാണ് . യേശു എല്ലാവരിലും വലിയ സ്‌നേഹിതനാകട്ടെ, ഏക ഉറ്റമിത്രം.

    എല്ലാവരേയും യേശുവിനെ പ്രതി സ്‌നേഹിക്കണം

    യേശുവിനെ പ്രതി യേശുവിനെ സ്‌നേഹിക്കണം , എല്ലാരേയും യേശുവിനെ പ്രതിയും. യേശുക്രിസ്തു എല്ലാറ്റിലുമുപരി സ്‌നേഹിക്കപ്പെടണം, അവിടുന്ന് മാത്രമാണ് എല്ലാ സ്‌നേഹിതരേയുംകാള്‍ നല്ലവനും വിശ്വസ്തനും. അവനെ പ്രതിയും, അവനിലും മിത്രങ്ങളേയും ശത്രുക്കളേയും സ്‌നേഹിക്കണം. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണ . എല്ലാവരും അവിടുത്തെ അറിയാനും സ്‌നേഹിക്കാനും. നീ പ്രത്യേകമായി പ്രശംസിക്കപ്പെടാനും , സ്‌നേഹിക്കപ്പെടാനും ഒരിക്കലും ആഗ്രഹിക്കരുത്. അത് ദൈവത്തിന് മാത്രമുള്ളതാണ്. അവിടുത്തെ പോലെ ആരുമില്ല. ആരെങ്കിലും നിന്നെ അവരുടെ ഹൃദയത്തില്‍ പൂജിക്കാനാഗ്രഹിക്കരുത്. ആരോടെങ്കിലുമുള്ള സ്‌നേഹം കൊണ്ട് ഹൃദയം നിറക്കരുത്. യേശു നിന്നിലുണ്ടാകട്ടെ, എല്ലാ നല്ല മനുഷ്യരിലും.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    നരകത്തിന്റെമേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം.

    ലൂസിഫര്‍ അഹങ്കാരത്താല്‍ നഷ്ടപ്പെടുത്തിയതും മറിയം എളിമകൊണ്ട് കരസ്ഥമാക്കി. ഹവ്വാ അനുസരണക്കേടിനാല്‍ കളഞ്ഞുകുളിച്ചതു മറിയം വിധേയത്വംവഴി വീണ്ടെടുത്തു. സര്‍പ്പത്തിനെ അനുസരിച്ച ഹവ്വാ, തന്നെയും, തന്റെ സന്താനപരമ്പരകളെയും നശിപ്പിച്ചു. മറിയം ദൈവത്തോടുള്ള തന്റെ പരിപൂര്‍ണ്ണവിശ്വാസ്തതയാല്‍ തന്നോടുകൂടി സകലദാസരെയും മോചിപ്പിച്ച് ദൈവത്തിനു സമര്‍പ്പിച്ചു.
    ദൈവം ഒരു ശത്രുത മാത്രമല്ല പല ശത്രുതകളും ഉണ്ടാക്കി.

    മറിയവും ദുഷ്ടാരുപിയുമായി മാത്രമല്ല അവളുടെ സന്താനങ്ങളും അവന്റെ അനുയായിരകളും തമ്മിലും അവിടുന്നു ശത്രുതയും നിഗൂഢമായ വിദ്വേഷവും സൃഷ്ടിച്ചു. ഈ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്‌നേഹമില്ല, അനുഭാവമില്ല. ബെലിയാലിന്റെ മക്കളും പിശാചിന്റെ ദാസരും ലോകസ്‌നേഹികളും, പരിശുദ്ധ കന്യകയുടെ ദാസരെ എന്നെന്നും നിരന്തരം മര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അഭൂതപൂര്‍വ്വമായ ക്രൂരതയോടെ അവര്‍ തങ്ങളുടെ മര്‍ദ്ദനങ്ങളെ ഇനി ശക്തിപ്പെടുത്തുകയും ചെയ്യും.

    ആബേലും യാക്കോബും തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടു പ്രതിരൂപങ്ങളാണ്. അവര്‍ക്കെതിരായി മര്‍ദ്ദന പരിപാടികളുമായി കായേനും ഏസാവും പ്രത്യക്ഷപ്പെട്ടു. അതുപോലെ പിശാച് പരിശുദ്ധ കന്യകയുടെ ദാസരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, വിനീതയായ മറിയം അഹങ്കാരിയായ സര്‍പ്പത്തിന്മേല്‍ വിജയം വരിക്കുകതന്നെ ചെയ്യും. അവന്റെ അഹങ്കാരത്തിന്റെ ആസ്ഥാനമായ ശിരസ്സിനെ അവള്‍ തകര്‍ത്തു തരിപ്പണമാക്കി വിജയം ചൂടും. അവള്‍ അവന്റെ കുടിലതയെ പരസ്യമാക്കും, നാരകീയ ദുരാലോചനകളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തും; പൈശാചിക ഉപദേശങ്ങളെ നിഷ്പ്രയോജനമാക്കും. അങ്ങനെ, തന്റെ വിശ്വസ്തദാസരെ അവന്റെ കരാളദംഷ്ട്രങ്ങളില്‍ നിന്ന് എന്നെന്നും അവള്‍ കാത്തുരക്ഷിക്കും.
    നരകത്തിന്റെമേല്‍ മറിയത്തിനുള്ള അധികാരം അന്ത്യകാലങ്ങളില്‍ പൂര്‍വ്വാധികം പ്രശോഭിക്കും. അപ്പോള്‍ പിശാച്, അവളുടെ കുതികാലിനെതിരെ കെണിയൊരുക്കും. അവനോടു യുദ്ധം ചെയ്യുവാന്‍ മറിയം പ്രാപ്തരാക്കിയ തന്റെ വിനീത അടിമകള്‍ക്കും മക്കള്‍ക്കും എതിരായി കെണിയൊരുക്കും എന്നു സാരം. ലോകദൃഷ്ടിയില്‍ അവര്‍ പാവങ്ങളും നിസ്സാരരുമായിരിക്കും. കുതികാലിനെ മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങള്‍ കീഴിലാക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ ഏറ്റവും എളിയ അവസ്ഥയിലായിരിക്കും അവര്‍. എന്നാല്‍, ഒരു കാര്യത്തില്‍ അവര്‍ എന്നെന്നും സമ്പന്നരായിരിക്കും-കൃപാവരത്തില്‍. അത് അളവറ്റ തോതില്‍ മറിയം അവരില്‍ നിക്ഷേപിക്കും. തങ്ങളുടെ വിശുദ്ധിയാല്‍ അവര്‍ ദൈവതിരുമുമ്പില്‍ സമ്പന്നരും ഉത്കൃഷ്ടരുമായിരിക്കും. സജീവ തീക്ഷ്ണതയാല്‍ സകല സൃഷ്ടികളിലും വച്ച് അവര്‍ സമുന്നതരായിരിക്കും. ദൈവസഹായം അവരെ ശക്തരാക്കും. അവര്‍ മറിയത്തോടൊത്ത് വിനയമാകുന്ന കുതികാലുകൊണ്ടു പിശാചിന്റെ തല തകര്‍ക്കുകയും, യേശുവിനെ വിജയശ്രീലാളിതനാക്കാന്‍ ഇടയാക്കുകയും ചെയ്യും.

    നമുക്കു പ്രാര്‍ത്ഥിക്കാം.

    പരിശുദ്ധ മറിയമേ, എന്റെ* അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും


    ധ്യാനവിഷയവും പ്രാർത്ഥനയും

    നിസ്വാർഥമായി സ്നേഹിക്കാനുള്ള കഴിവില്ലായ്മ

    അവനിൽനിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ആദ്യം അവിടന്ന് നമ്മെ സ്നേഹിച്ചു. അതിനാൽ നാമും അവിടത്തെ സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കണം ” (1 കോറി 4:19, 21).

    ആമുഖം

    പാപജീവിതത്തിന്റെ വിനാശഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നിസ്വാർഥമായി അപരനെ സ്നേഹിക്കാനുള്ള കഴിവില്ലായ്മയാണ്.

    ജീവിത ലക്ഷ്യം : സ്നേഹിക്കുക

    “സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം” (1 കോറി 14 :1). എല്ലാ മനുഷ്യരുടെയും ജീവിതലക്ഷ്യം സ്നേഹിക്കുക എന്നതായിരിക്കണമെന്നാണ് ഈ തിരുവചനം പഠിപ്പിക്കുന്നത്. വിശുദ്ധ പൗലോസ് ഇങ്ങനെ പറയാൻ കാരണം, മനുഷ്യനെ ആദിയിൽ ദൈവം സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് അവനെ അവിടന്നു സ്യഷ്ടിച്ചത് (ഉത്പ 1:27). സ്നേഹം ത്രിത്വയ്‌ക ദൈവത്തിന്റെ ആന്തരികസത്തയാണ് (യുവജന മതബോധനഗ്രന്ഥം, 402). ആകയാൽ ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യം സ്നേഹിക്കുകതന്നെയാണ്.

    ഇഷ്ടം സ്നേഹമല്ല

    ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് സ്നേഹം എന്ന ആശയം. ഒരാളെ ഇഷ്ടപ്പെടുന്നതിനെ സ്നേഹം എന്നു വിളിക്കുന്നവരുണ്ട്. വ്യക്തിയിൽ കാണുന്ന സദ്ഗുണങ്ങളാണ് ഇഷ്ടത്തിന്റെ അടിസ്ഥാനം. സ്നേഹത്തിന്റെ അടിസ്ഥാനമാകട്ടെ വ്യക്തിയാണ്, വ്യക്തിയിലുള്ള സദ്ഗുണങ്ങളല്ല. ഇതിൽ നിന്നും ഇഷ്ടവും സ്നേഹവും രണ്ടും രണ്ടാണെന്നു വ്യക്തം. ദൈവത്തിന്റെ സ്നേഹമാണ് മാതൃകാസ്നേഹം. ദൈവം സ്നേഹിക്കുന്നത് നമ്മിലുള്ള ഗുണങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രത്യുത, നാം ആയിരിക്കുന്ന അവസ്ഥയിൽത്തന്നെയാണ്. നാം കുറവുകൾ നിറഞ്ഞവരും പാപികളുമായിട്ടും അവിടന്ന് നമ്മെ സ്നേഹിക്കുന്നു !

    യേശുവിന്റെ സ്നേഹം : യഥാർഥ മാത്യക

    നാം ബലഹീനരായിരിക്കേ, നിർണയിക്കപ്പെട്ട സമയത്ത് ക്രിസ്തു പാപികൾക്കുവേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരും. എന്നാൽ, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം അവൻ പ്രകടമാക്കിയിരിക്കുന്നു ” (റോമാ 5 :5 – 8).

    സ്നേഹിക്കപ്പെടുന്ന വ്യക്തിയിൽനിന്ന് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നതാണ് യഥാർഥ പരസ്നേഹം. ആ വ്യക്തിയിൽ കാണുന്ന ബാഹ്യസൗന്ദര്യമോ സത് സ്വഭാവമോ അല്ല. പ്രത്യുത, ആ വ്യക്തി തന്നെയാണ് സ്നേഹത്തിനടിസ്ഥാനം. ആദത്തിന് പാപത്തിൽ വീഴുന്നതിനുമുമ്പ് ഈ കൃപയുണ്ടായിരുന്നു. അതിനാലാണ് ദൈവമായ കർത്താവ് ഹവ്വായെ അവന്റെ മുമ്പിൽ കൊണ്ടുവന്നപ്പോൾത്തന്നെ – അവളെപ്പറ്റി ഒരു വിലയിരുത്തലും നടത്തുന്നതിനുമുമ്പുതന്നെ – അവൻ പറഞ്ഞത് “ഒടുവിൽ ഇതാ, എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും ” (ഉത്പ 2:23).

    പാപം സ്നേഹിക്കാനുള്ള കഴിവ് നശിപ്പിക്കും

    എന്നാൽ പാപം ചെയ്ത് ദൈവത്തിൽനിന്നകന്നപ്പോൾ, ആദ്യം ആദത്തിൽ വന്ന മാറ്റം യഥാർഥസ്നേഹം നഷ്ടപ്പെട്ടു എന്നതാണ്. അതു കൊണ്ടാണ് തത്ക്ഷണം ഹവ്വായെ കുറ്റപ്പെടുത്തിക്കൊണ്ട് ആദം പറഞ്ഞത്, ” അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു. ഞാൻ അതു തിന്നു ” (ഉത്പ 3:12). പാപത്തിന് മുമ്പ് ആദം ഹവ്വായെ സ്നേഹിച്ചത് വ്യവസ്ഥയൊന്നുമില്ലാതെയായിരുന്നെങ്കിൽ, പാപത്തോടെ സ്നേഹത്തിന്റെ അടിസ്ഥാനം അവളെന്ന വ്യക്തിയെക്കാളുപരി അവളുടെ സദ്ഗുണങ്ങളായിത്തീർന്നു. ചുരുക്കത്തിൽ, ആദത്തിന്റെ സ്നേഹം സ്വാർഥം നിറഞ്ഞതായി അധഃപതിച്ചു. നിസ്വാർഥ സ്നേഹത്തിനുളള കഴിവ് പാപത്തോടെ അവനു നഷ്ടമായി. ആദിമാതാപിതാക്കന്മാരുടെ യഥാർഥ സ്നേഹത്തിലുണ്ടായ ഈ തകരാറിനെപ്പറ്റി സഭാപ്രബോധനം വ്യക്തമാക്കുന്നുണ്ട് : സ്ത്രീ – പുരുഷ ബന്ധം സംഘർഷാത്മകമായി, ലൈംഗികദുരാശയും ആധിപത്യവും അവരുടെ ബന്ധങ്ങളിൽ പ്രത്യക്ഷമായി “( ‘മതബോധനഗ്രന്ഥം’, 400).

    ഉദ്ഭവപാപവും കർമപാപവും നമ്മിലെ സ്നേഹം നശിപ്പിച്ചു

    ആദത്തിന്റെ പാപത്തിൽ നാമെല്ലാവരും പങ്കുചേർന്നിരിക്കുന്നതിനാൽ, യഥാർഥമായി സ്നേഹിക്കാനുള്ള കഴിവില്ലാത്തവരായി നാം തീർന്നിരിക്കുന്നു. നമ്മുടെ സ്നേഹം സ്വയോന്മുഖമായിരിക്കുന്നു. അതായത്, മറ്റുള്ളവരെ നാം സ്നേഹിക്കുന്നത് അവർക്കുവേണ്ടിയെന്നതിനെക്കാൾ നമുക്കുവേണ്ടിയായി തരം താഴുന്നു !

    നമ്മുടെ വ്യക്തിപരമായ ഓരോ പാപവും അടിസ്ഥാനപരമായി സ്വാർഥമായതിനാൽ അവയുടെ ഫലമായും നമ്മുടെ ഹൃദയം വറ്റിവരണ്ട് സ്നേഹശൂന്യമായിത്തീരുന്നു. അതിനാലാണ് നമുക്കിഷ്ടമുള്ളവരെ നാം സ്നേഹിക്കുന്നതും നമുക്കിഷ്ടമില്ലാത്തവരെ സ്നേഹിക്കാതിരിക്കുന്നതും. പലരോടും ആഴമേറിയ സ്നേഹമില്ലാതെ ഉപരിപ്ലവമായ സ്നേഹം മാത്രം കാണിക്കുന്നതിനും ഇതുതന്നെയാണു കാരണം.

    നിസ്വാർഥമായി സ്നേഹിക്കാനുള്ള കഴിവുകേട് നമ്മുടെ അസ്തിത്വ ലക്ഷ്യം തന്നെ അസാധ്യമാക്കിത്തീർക്കും. നമ്മുടെ നിത്യരക്ഷയെത്തന്നെ അത് ബാധിക്കും. കാരണം, വിശുദ്ധ കുരിശിന്റെ യോഹന്നാൻ പറയുന്നത്, ഓരോരുത്തരുടെയും ജീവിതാന്തത്തിൽ ദൈവം അവരുടെ ജീവിതം വിലയിരുത്തുന്നത് അവരുടെ സ്നേഹത്തിന്റെ ഗുണനിലവാരമനുസരിച്ചാണ് എന്നത്രേ. “സഹോദരരെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ മരണത്തിൽനിന്നു ജീവനിലേക്ക് കടന്നിരിക്കുന്നു എന്നു നാം അറിയുന്നു; സ്നേഹിക്കാത്തവരാകട്ടെ, മരണത്തിൽത്തന്നെ നിലകൊ ള്ളുന്നു ” (1 യോഹ 3:14).

    സ്നേഹിക്കാനുള്ള കഴിവുകേടിന് പ്രതിവിധി : ദൈവത്താൽ സർവരും സ്നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയുക !

    എല്ലാവരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരാണ് എന്ന യാഥാർഥ്യബോധമാണ് സ്നേഹിക്കാനുള്ള നമ്മുടെ കഴിവുകേടിനുള്ള ഒരു നല്ല പ്രതിവിധി. ഓരോരുത്തരുടെയും ബലഹീനതകൾ ദൈവത്തിന്റെ ശക്തി പ്രകടമാക്കാനുള്ള അനുകൂല സന്ദർഭങ്ങളാണെന്നതാണ് സത്യം. അങ്ങനെയെങ്കിൽ, വ്യക്തികളുടെ ബലഹീനതകളുടെ പേരിൽ നാം അവരെ സ്നേഹിക്കാതിരിക്കുമ്പോൾ ദൈവത്തിന്റെ രക്ഷാകരപദ്ധതിക്ക് നാം വിധേയപ്പെടാതിരിക്കുകയല്ലേ ചെയ്യുന്നത്?

    സൃഷ്ടിക്കപ്പെട്ടതെല്ലാം ‘ നല്ലതാണ് ‘ എന്നുകണ്ട കർത്താവ് ഓരോരുത്തരെയും അവരുടെ ബലഹീനതകളോടുകൂടെ തന്നെ സ്നേഹിക്കയും അംഗീകരിക്കയും ചെയ്യുന്നു. കർത്താവ് നല്ലതെന്നു വിളിച്ചവരെ നാം എന്തിന് കൊള്ളരുതാത്തവരായി കാണണം ? എല്ലാവരിലും കർത്താവ് സംപ്രീതനാണ് – അവരുടെ സകല കുറവുകളോടും കൂടെത്തന്നെ. പിന്നെന്തിന് കുറവുകളുള്ളതിന്റെ പേരിൽ നാം ചിലരെ നമ്മുടെ സ്നേഹവലയത്തിൽനിന്ന് മാറ്റിനിറുത്തണം ? എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ക്രിസ്തീയരീതി.

    യഥാർഥ പ്രതിവിധി : ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാനുള്ള കൃപ

    അപരനെ വ്യവസ്ഥയില്ലാതെ സ്നേഹിക്കാൻ കഴിയാത്ത ഈ മഹാപ്രതിസന്ധിക്കുള്ള യഥാർഥ പരിഹാരം ക്രിസ്തു സ്നേഹിച്ചതു പോലെ സ്നേഹിക്കാൻ നാമോരോരുത്തരും പ്രാപ്തരായിത്തീരുകയെന്നതാണ്. അതു സാധ്യമാകണമെങ്കിൽ നാം ക്രിസ്തുവിനെപ്പോലെയാകണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ക്രിസ്തുവിനെ നമ്മിൽ രൂപപ്പെടുത്തണം. കാരണം, ക്രിസ്തു മാത്രമേ നിസ്വാർഥ സ്നേഹത്താൽ സ്നേഹിച്ചിട്ടുള്ളു. (റോമാ 5: 7 – 8 കാണുക).

    വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്, യേശുവിനെ നമ്മിൽ രൂപപ്പെടുത്തുന്നതിന് മറിയത്തിനുള്ള ദൈവനിശ്ചിതപങ്കിനെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ശിരസ്സായ ക്രിസ്തു, മറിയത്തിന്റെ ഉദരത്തിലാണ് രൂപപ്പെട്ടതെങ്കിൽ, ശിരസ്സിന്റെ മറ്റവയവങ്ങളായ നമ്മളെല്ലാവരും മറിയത്തിന്റെ ഉദരത്തിലൂടെതന്നെ രൂപപ്പെടുത്തപ്പെടണം. മറിയത്തിന്റെ ഉദരത്തിൽ രൂപപ്പെട്ടത് മിശിഹായായതിനാൽ മറിയത്തിന്റെ ഉദരത്തിലൂടെ ദൈവം നമ്മെ രൂപപ്പെടുത്തുമ്പോൾ നാം ക്രിസ്തുവിനെപ്പോലെയായിത്തീരും !

    പരിശുദ്ധ മറിയത്തിന്റെ സഹായം നിർണായകം

    അതിനാൽ, വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത്, നാം മറ്റൊരു യേശുവായി രൂപപ്പെടാൻ എത്രമാത്രം ആഗ്രഹിക്കുന്നുവോ, അത്രമാത്രം നാം മാതാവിനോട് ചേർന്നുനില്ക്കണം എന്നാണ്. മറിയത്തിന്റെ പക്കൽ അധികമായണയുകയും നാം അവളോടൊത്തു വസിക്കുകയും ചെയ്യുമ്പോൾ നമ്മെ യേശുവിന് അനുരൂപരാക്കുക എന്ന അവളുടെ ദൈവനിശ്ചിതദൗത്യം പൂർത്തിയാക്കാൻ അവൾക്കു നാം സമ്മതം നല്കുകയാണെന്നാണ് വിശുദ്ധൻ പറയുന്നത്.

    എന്നാൽ, മറിയത്തിന് എങ്ങനെ ഈ മഹാദൗത്യം നാമോരോരുത്തരിലും നിർവഹിക്കാനാവും ? തന്റെ തിരുകുമാരനെപ്പോലെ അവളും
    നമ്മുടെ വ്യക്തി സ്വാതന്ത്ര്യം മാനിക്കുന്നതിനാൽ നമ്മുടെ മുൻകൈയെടുക്കൽ ഇല്ലാതെ ഇക്കാര്യത്തിൽ അവൾ ഒന്നും ചെയ്യില്ല. നമ്മുടെ അനുവാദമില്ലാതെ അവൾ നമ്മെ സഹായിക്കുകയും നമുക്കുവണ്ടി മാധ്യസ്ഥം വഹിക്കുകയുമൊക്കെ ചെയ്യുമെങ്കിലും, അവളുമായി ഒരു അത്യാഗാധബന്ധത്തിലാകാതെ അവൾ നമ്മെ ഒരിക്കലും നിർബന്ധിക്കുകയില്ല.

    ആകയാൽ, നമ്മെ യേശുവായി രൂപാന്തരപ്പെടുത്തുക എന്ന മറിയത്തിനുമാത്രം കഴിയുന്ന ദൗത്യം, അവൾക്കു നിറവേറ്റാൻ സ്വാതന്ത്ര്യമുണ്ടാകേണ്ടതിന് നാം നമ്മെ സമ്പൂർണമായി മറിയത്തിനു സമർപ്പണം ചെയ്യണം. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ സമ്പൂർണ മരിയൻ സമർപ്പണത്തിന്റെ പ്രസക്തിയിതാണ്.

    ബൈബിൾ വായന

    “ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ എന്റെ സർവസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല. സ്നേഹം ദീർഘ ക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല. സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല ” (1 കോറി 13 : 1- 8).

    പതിനേഴാം ദിവസത്തെ പ്രാർഥന

    ഞാൻ പാപിയായിരിക്കെ എനിക്കുവേണ്ടി മരിച്ച് എന്നൊടുള്ള സ്നേഹം പ്രകടമാക്കിയ കർത്താവായ യേശുവേ, എനിക്ക് ഇഷ്ടമില്ലാത്തവരെ സ്നേഹിക്കാനുള്ള എന്റെ കഴിവുകേട് അങ്ങേ സന്നിധിയിൽ ഞാൻ ഏൽപ്പിച്ചു തരുന്നു. എന്റെ പാപത്തിന്റെയും കൂടി ഫലമായി എന്നിൽ വളർന്ന് വേരൂന്നിയ ഈ അടിസ്ഥാന തിന്മ എന്നിൽനിന്ന് ദൂരീകരിക്കണമേ. എല്ലാവരെയും അവരുടെ കുറവുകളോടും അംഗീകരിക്കാനും സ്നേഹിക്കാനും എനിക്ക് കൃപ നല്കണമേ. കുറവുകളും കുറ്റങ്ങളുമുള്ളവരെ വീണ്ടെടുക്കാൻ സ്വജീവൻ ബലികഴിച്ച അങ്ങേ സ്നേഹം അവരെ സ്നേഹിച്ച് വീണ്ടെടുക്കാൻ എനിക്ക് ഉത്തേജനമാകട്ടെ. പരിശുദ്ധ അമ്മയ്ക്ക് സമ്പൂർണ സമർപ്പണം ചെയ്യാൻ ആത്മാർഥമായി ഒരുങ്ങുന്ന എന്നെ മാതാവിന്റെ ഹൃദയത്തിലൂടെ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുത്തണമേ. അങ്ങനെ ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ ഞാൻ പ്രാപ്തി നേടട്ടെ.

    ദൈവത്തെയും മനുഷ്യരെയും പൂർണ ഹൃദയത്തോടെ സ്നേഹിച്ച പരിശുദ്ധ മറിയമേ, നിനക്ക് ജീവിതം സമർപ്പിക്കാൻ ഒരുങ്ങുന്ന എന്നെ നീ സഹായിക്കണമേ. പരിധിയില്ലാത്ത സ്നേഹത്തിലേക്ക് എന്നെ വളർത്തണമേ, ആമേൻ.


    സത്കൃത്യം
    ഇഷ്ടമില്ലാത്ത ഒരാളെ സന്ദർശിച്ചോ ഫോണിൽ സംസാരിച്ചോ സ്നേഹം പങ്കുവയ്ക്കുക.

    ***********************************************************************************************************

    https://www.youtube.com/watch?v=_bt2xyG6daY&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=17

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    +++++++

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY16 പ്രതിഷ്ഠ ഒരുക്കം

    MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!