Wednesday, October 16, 2024
spot_img
More

    13-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    പതിമൂന്നാം ദിവസം


    2 -ാം ഘട്ടം – ആത്മജ്ഞാനം

    1. ക്രിസ്താനുകരണ വായന

    ന്യായവിധിയും പാപികൾക്കുള്ള ശിക്ഷയും.

    1. എല്ലാ കാര്യങ്ങളിലും നീ അന്ത്യം ഓർമ്മിക്കുക. അതിനിഷ്കർഷയുള്ള ന്യായാധിപന്റെ മുമ്പിലാണു നീ നിൽക്കുക. അവിടുന്നിൽനിന്ന് ആർക്കും ഒന്നും മറച്ചു വയ്ക്കാൻ കഴിയുകയില്ല. അവിടുന്ന് കൈക്കൂലി വാങ്ങുകയോ ഒഴിവുകഴിവു കേൾക്കുകയോ ചെയ്യുകയില്ല. എല്ലാ വിധികളും നീതിയുക്തമായിരിക്കുകയും ചെയ്യും. അവിടുത്തെ മുമ്പിൽ നീ എങ്ങനെ നില്ക്കും?

    ഹാ! മഹാ നിർഭാഗ്യനും ബുദ്ധിഹീനനുമായ പാപീ കോപിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്ന നീ നിന്റെ സമസ്ത തെററുകളും അറിഞ്ഞി രിക്കുന്ന ദൈവത്തോട് എന്തുത്തരമാണു പറയുക? വിധിദിവസത്തിൽ മറ്റുള്ളവർക്കു വേണ്ടി ഒഴികഴിവു പറയാനോ വാദപ്രതിവാദം നടത്താനോ ആർക്കും സാധിക്കുകയില്ല. ഓരോരുത്തനും താന്താങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ വേണ്ടുവോളമുണ്ടായിരിക്കും.

    ആകയാൽ ആ ദിവസത്തിനുവേണ്ടി നീ എന്താണ് ഒരുങ്ങാത്തത്. ഇന്നു നിന്റെ അദ്ധ്വാനത്തിനു മൂല്യമുണ്ട്; നിന്റെ കണ്ണുനീരു സ്വീകാര്യമാണ്; നിന്റെ നെടുവീർപ്പുകൾ കേൾക്കപ്പെടും; നിന്റെ അനുതാപം പാപങ്ങളെ പരിഹരിച്ചു നിന്നെ ശുദ്ധിയുള്ളവനാക്കും.

    1. ക്ഷമാശീലനായ മനുഷ്യൻ മഹത്തരവും രക്ഷാകരവുമായ ഒരു ശുദ്ധീകരണസ്ഥലത്താണു കഴിയുന്നത്. ദ്രോഹമേററിട്ടും അവൻ തന്റെ ക്ളേശത്തെപ്പററി ചിന്തിക്കാതെ അന്യന്റെ ദ്രോഹബുദ്ധിയെപ്പററി ഖേദിക്കുന്നു; തന്റെ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് അവരുടെ കുറ്റങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുന്നു; അന്യരോടു ക്ഷമാപണം ചെയ്യാൻ താമസം വരുത്തുന്നില്ല; കോപിക്കുന്നതിനു പകരം സന്തോഷപൂർവ്വം കാരുണ്യം പ്രദർശിപ്പിക്കുന്നു തന്നോടുതന്നെ ബലം പ്രയോഗിച്ച് ജഡത്തെ അരുവിക്ക് നിശ്ശേഷം കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. പാപങ്ങളിൽ നിന്ന് മോചനം പ്രാപിക്കുന്നതും ദുർഗ്ഗണങ്ങളെ നിർമ്മലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടി വയ്ക്കാതെ ഇപ്പോൾത്തന്നെ സാധിക്കുന്നതാണ് ഉത്തമം. ജഡത്തോട് നമുക്കുള്ള ക്രമരഹിതമായ സ്നേഹം നമ്മെ വാസ്തവത്തിൽ വഞ്ചിക്കുകയാണ്. –
    2. (നരകാഗ്നി നിന്റെ പാപങ്ങളെയല്ലാതെ മറെറന്തിനേയാണ് വിഴുങ്ങാനിരിക്കുന്നത്?

    നിന്നിൽത്തന്നെ ലാളിച്ച് എത്രയധികം നീ ജഡത്തെ പിന്തുടരുമോ അത്രയധികം പിന്നീടു നീ കഷ്ടപ്പെടും. ആ അഗ്നിക്ക് അങ്ങനെ വിറകുശേഖരിക്കുകയാണ്.

    ഒരുത്തൻ ഏതു വിഷയത്തിൽ അധികം പാപം ചെയ്തുവോ, ആ വിഷയത്തിൽത്തന്നെ കഠിനശിക്ഷയും അനുഭവിക്കും. അലസർ ചുട്ട ഇരുമ്പാണികളാൽ കുത്തിത്തുളയ്ക്കപ്പെടും; ഭോജനപ്രിയർ വിശപ്പും ദാഹവും കൊണ്ടു മർദ്ദിക്കപ്പെടും. ജഡമോഹികളും വിഷയലമ്പടന്മാരും വെന്തുരുകുന്ന
    കീലിലും ദുർഗ്ഗന്ധം വീശുന്ന ഗന്ധകത്തിലും അത്യന്തം ആമഗ്നരായിത്തീരും; അസൂയാലുക്കൾ ചെന്നായ്ക്കളെ പ്പോലെ ദു:ഖത്താൽ ഓളിയിടുകയും ചെയ്യും.

    4, ഓരോരോ ദുഷ്കൃത്യങ്ങൾക്ക് അവിടെ അതാതിനു തക്കതായ പീഡനങ്ങൾ സഹിക്കേണ്ടിവരും. അവിടെ അഹങ്കാരികൾ സർവ്വദാ ലജ്ജിതരാകും; അത്യാഗ്രഹികൾ ക്ളേശഭൂയിഷ്ഠമായ ദാരിദ്ര്യത്താൽ കഷ്ടപ്പെടും.
    അവിടെ ഒരു മണിക്കൂർ നേരത്തേയ്ക്കുള്ള ശിക്ഷ
    ഭൂമിയിൽ നൂറു സംവത്സരത്തെ കഠിനതപസ്സിനേക്കാൾ
    കടുപ്പമായിരിക്കും.

    അവിടെ ശിക്ഷാവിധേയരായവർക്കു യാതൊരു സമാധാനവും ആശ്വാസവുമില്ല; എന്നാൽ, ഭൂമിയിൽ ചിലപ്പോഴെങ്കിലും അദ്ധ്വാനം നിറുത്തിവെച്ച് സ്നേഹിതരിൽ നിന്ന് ആശ്വാസം അനുഭവിക്കാം.

    വിധിദിവസത്തിൽ ഭാഗ്യവാന്മാരോടുകൂടെ ഭദ്രരായിരിക്കുവാൻ ഇപ്പോൾ ജാഗ്രതാപൂർവ്വം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവിൻ.

    തങ്ങളെ ദ്രോഹിച്ചു ഞെരുക്കിയവരുടെ മുമ്പാകെ നീതിമാന്മാർ നിശ്ചലം, ധീരധീരം നിലകൊള്ളും.

    ഇന്നു മനുഷ്യവിധിക്കായി കീഴ്പ്പെട്ടവൻ അന്നു വിധിക്കുവാനായി നില്ക്കും.

    ഇന്നു ദാരിദ്ര്യവും എളിമയുമുള്ളവർക്ക് അന്നു വളരെ മനശ്ശരണമുണ്ടാകും; അഹങ്കാരികൾക്ക് സർവ്വവിധഭയവും
    വന്നുചേരും.

    1. ക്രിസ്തുവിനുവേണ്ടി ഭോഷനും നിന്ദിതനുമാകുവാൻ ഈ ലോകത്തിൽ അഭ്യസിച്ചവനാണു യഥാർതത്തിൽ ബുദ്ധിമാനെന്ന് അപ്പോൾ വിശദമാകും. ക്ഷമാപൂർവ്വം ഭൂമിയിൽ അനുഭവിച്ച് എല്ലാ അനർത്ഥംങ്ങളോടും അപ്പോഴും പ്രിയം തോന്നും. ദുഷ്ടന്മാർ വാപൊത്തും. ദൈവഭക്തരെല്ലാവരും അപ്പോൾ ആനന്ദിക്കും, ഭക്തിവിഹീനർ ദു:ഖിക്കും . എന്നും വിശിഷ്ടഭോജ്യങ്ങൾകൊണ്ടു പോഷിതരാ വരേക്കാൾ കൂടുതലായി സ്വശരീരത്തെ നിഗ്രഹിച്ച് അന്ന് ആഹ്ലാദിക്കും. ഹീനമായ വസ്ത്രം അന്നു ശോഭിക്കും; ആഡംബരവേഷം നിന്ദ്യമാകും.

    പാവപ്പെട്ട കുടിൽ അന്നു പൊൻപൂമേടയേക്കാൾ വിലമതിക്കപ്പെടും.

    സകലലൗകിക ശക്തികളേയുംകാൾ അന്നു വിലപ്പോക്കുക സ്ഥിരമായ ക്ഷമാശീലമാണ്.

    നിഷ്കപടമായ അനുസരണ എല്ലാ ലൗകിക തന്ത്രങ്ങളേയും കാൾ അന്ന് അമൂല്യമായിരിക്കും.

    1. തത്ത്വശാസ്ത്ര പാണ്ഡിത്യത്തേക്കാൾ നിർമ്മലമായ
      മനസ്സാക്ഷി അന്നു കൂടുതൽ ആനന്ദം കണ്ടെത്തും. ധനത്തോടുള്ള വെറുപ്പ് ലൗകികരുടെ സകല നിക്ഷേപ ങ്ങളേക്കാൾ അനർഘമാണ്. രുചികരമായ പദാർത്ഥങ്ങൾ ഭക്ഷിച്ചതുകൊണ്ടല്ല. ഭക്തിയോടെ പ്രാർത്ഥിച്ചതുകൊണ്ടാണ് അന്നു നിനക്ക് ആശ്വാസമുണ്ടാകുക. അതിഭാഷണത്തിനെന്നതിനേക്കാൾ മൗനത്തിന് അന്നു നിനക്കു കൂടുതൽ സന്തോഷം ലഭിക്കും. മനംകുളിർപ്പിക്കുന്ന വാക്കുകളേക്കാൾ സൽക്കർമ്മങ്ങൾ അന്നു കൂടുതൽ പ്രകീർത്തിക്കപ്പെടും.

    അന്ന് ലൗകികസന്തോഷങ്ങളേക്കാൾ സംപ്രീതമായിരി ക്കുക കണിശമായ ജീവിതരീതിയും കഠിനമായ തപസ്സുമത്രേ.

    അന്ന് ഉൽക്കടമായ ദു:ഖങ്ങളെ തരണം ചെയ്യാൻ ഇപ്പോൾ നിസ്സാരകാര്യങ്ങളിൽ സഹനം പരിശീലിക്കണം.

    ഭാവിയിൽ എന്തു സഹിക്കാൻ കഴിയുമെന്ന് ഇവിടെ ത്തന്നെ പരീക്ഷിച്ചു നോക്കിക്കൊള്ളുക. ഇന്നു നിസ്സാര സഹനങ്ങൾ വഹിക്കാൻ കഴിയുന്നില്ലെ
    ങ്കിൽ, നീ എങ്ങനെ നിത്യശിക്ഷ സഹിക്കും? ഇന്നു ലഘുവായ പീഡനം നിന്നെ അക്ഷമനാക്കുന്നെങ്കിൽ, നിത്യാഗ്നി നിന്നെ എന്തുചെയ്യും? ഈ ലോകത്തിൽ സുഖിച്ചാനന്ദിക്കുക, പരത്തിൽ ക്രിസ്തുവിനോടുകൂടെ വാഴുക എന്നീ രണ്ടു സന്തോഷങ്ങളും അനുഭവിക്കുവാൻ നിനക്ക് സാധിക്കുകയില്ല.

    1. ഇന്നുവരെ സദാ ബഹുമാനവും സുഖവും ആസ്വദിച്ചവനാണെങ്കിൽക്കൂടി, ഈ ക്ഷണത്തിൽ മരണം വന്നുചേരു കയാണെങ്കിൽ അവകൊണ്ടെല്ലാം അവനെന്തു പ്രയോജനം? ആകയാൽ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുന്നതൊഴികെ ശേഷമെല്ലാം മായയാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവൻ മരണത്തേയോ ശിക്ഷാവിധികളേയോ നരകത്തയോ ഭയപ്പെടുന്നില്ല. പൂർണ്ണസ്നേഹം ദൈവത്തിങ്കലേയ്ക്കു നിർഭയമായ പ്രവേശനം നൽകുന്നു.

    പാപം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ മരണത്തേയും വിധിയേയും ഭയപ്പെടുന്നതിൽ ആശ്ചര്യമൊന്നുമില്ല. ദൈവസ്നേഹം നിന്നെ തിന്മയിൽ നിന്ന് അകറ്റുകയില്ലെങ്കിൽ, നരകഭയം നിന്നെ അതിൽനിന്ന് അകററുന്നത് ഉത്തമം. ദൈവഭയമില്ലാത്തവൻ നന്മയിൽ ദീർഘകാലം നിലനില്ക്കുകയില്ല; അവർ താമസമില്ലാതെ പിശാചിന്റെ കെണിയിൽ അകപ്പെടുന്നതാണ്.

    വിചിന്തനം.

    ദൈവത്തിന്റെ വിധികളോടും നിത്യശിക്ഷയോടുമുള്ള ഭയം നമ്മുടെ ദുരാശകൾക്ക് ഒരു കടിഞ്ഞാണാണ്. അതു പാപവാസനകളെ അമർത്തുന്നു. പ്രതികാരം, അശുദ്ധത, കോപം, അനീതി, നുണ മുതലായ പാപങ്ങളിലുള്ള സന്തോഷം എത്ര ക്ഷണികമാണ്. എന്നാൽ അവ വരുത്തിക്കൂട്ടുന്ന ശിക്ഷ നിത്യവുമത്രേ. മരണാനന്തരമുള്ള ശിക്ഷയിൽ നിന്നുമുക്തിനേടാൻ ഈ ലോകത്തിൽ നാം തന്നെ നമ്മെ ശിക്ഷിക്കുകയാണു വേണ്ടത്.

    പ്രാർത്ഥിക്കാം.

    ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ന്യായാധിപനായ കർത്താവേ, മരണനിമിഷത്തിൽ ഞങ്ങളുടെ നിത്യഭാഗധേയം നിർണ്ണയിക്കുന്നവനേ, അങ്ങു ഞങ്ങളുടെ രക്ഷകനും ന്യായാധിപനുമാണ്. ഞങ്ങളുടെ പാപം അങ്ങയെ കോപിപ്പിച്ചിരിക്കുന്നു; അങ്ങയുടെ തിരുമുറിവുകൾ അങ്ങ യുടെ കാരുണ്യത്തെ പ്രദ്യോതിപ്പിക്കുന്നു. ഈ തിരുമുറിവുകളും പാപപ്പൊറുതിക്കായി അങ്ങു ചിന്തിയ രക്തവും കാണുക. ഞങ്ങളുടെ തെററുകൾ ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യുക.
    ആമ്മേൻ.
    അനുസ്മരണാവിഷയം: പാപങ്ങളിൽനിന്നു മോചനം പ്രാപിക്കുന്നതും ദുർഗ്ഗണങ്ങളെ നിർമ്മലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടിവയ്ക്കാതെ ഇപ്പോൾത്തന്നെ സാധി ക്കുന്നതാണുത്തമം.

    അഭ്യാസം:

    നിന്റെ അന്ത്യത്തെപ്പററി ചിന്തിക്കുക എന്നാൽ, പാപം ചെയ്യുകയില്ല.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    .

    അന്ത്യകാലങ്ങളില്‍ പരിശുദ്ധ മറിയം ആദരിക്കപ്പെടുന്നത് ദൈവഹിതപ്രകാരമാണ്‌.

    അന്ത്യകാലങ്ങളില്‍ തന്റെ പരിശുദ്ധ മാതാവായ മറിയം പൂര്‍വ്വാധികം അറിയപ്പെടുവാനും സ്‌നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവര്‍ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും കൃപാവരത്താലും അതിന്റെ ആഴങ്ങളിലേക്ക് ഉള്‍പ്രവൈശിക്കുകയും വേണം. എന്നിട്ട് അവ പരിപൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്താല്‍, മുകളില്‍ പറഞ്ഞവ സംഭവിക്കും. അപ്പോള്‍ സാധിക്കുന്നിടത്തോളം സ്പഷ്ടമായി അവര്‍ വിശ്വാസ സംരക്ഷണത്തിലും നിയന്ത്രണത്തിലും കൊടുങ്കാറ്റിനെയും കൊള്ളക്കാരെയും മറികടന്ന് സുരക്ഷിതരായി സസന്തോഷം തങ്ങളുടെ ജീവിതാന്ത്യമായ തുറമുഖത്തടുക്കും.

    അവര്‍ ഈ രാജ്ഞിയുടെ മഹത്ത്വം ദര്‍ശിക്കും. അവളുടെ സേവനത്തിനായി തങ്ങളെത്തന്നെ പൂര്‍ണ്ണമായും പ്രജകളും സ്‌നേഹഅടിമകളുമായി സമര്‍പ്പിക്കും; അവളുടെ മാതൃസഹജമായ നന്മയും മാധുര്യവും രുചിച്ചറിയുകയും വത്സലതനയരെപ്പോലെ കരകവിഞ്ഞൊഴുകുന്ന അവളെ അവര്‍ തിരിച്ചറിയും. അവളുടെ അനുഗ്രഹം തങ്ങള്‍ക്ക് അനിവാര്യമെന്നും അവര്‍ ഏറ്റുപറയും.

    ക്രിസ്തുവിന്റെ പക്കല്‍ ഏറ്റവും പ്രിയപ്പെട്ട അഭിഭാഷകയും തങ്ങള്‍ക്കുള്ള മദ്ധ്യസ്ഥയുമെന്ന നിലയില്‍ അവര്‍ സകലതിനും അവളരെ അഭയം തേടും. ക്രിസ്തുവിനെ സമീപിക്കുന്നതിനുള്ള പൂര്‍ണ്ണവും ഋജുവും ഉറപ്പുള്ളതുമായി ക്രിസ്തുവിന്റേതായി മാറുവാന്‍ വേണ്ടി തങ്ങളുടെ ആത്മശരീരങ്ങള്‍ അവര്‍ നിര്‍ലോഭം അവല്‍ക്കു സമര്‍പ്പിക്കുകയും ചെയ്യും.

    എന്നാല്‍ ആരായിരിക്കും ഈ ദാസര്‍, ഈ അടിമകള്‍, ഈ മേരിസുതര്‍? അവര്‍ എരിയുന്ന അഗ്നികുണ്ഡമായി ലോകമാസകലം ദിവ്യസ്‌നേഹാഗ്നി ജ്വലിപ്പിക്കുന്ന ദൈവകാര്യസ്ഥന്മാരായിരിക്കും.
    ശക്തന്റെ കൈകളില്‍ അസ്ത്രങ്ങള്‍ എന്നതുപോലെ (സങ്കീ. 12.4) മറിയത്തിന്റെ ബലിഷ്ഠകരങ്ങളില്‍, അവളുടെ ശത്രുക്കളെ പിളര്‍ക്കുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളായിരിക്കും, മേരിസുതര്‍.

    അവര്‍ ലേവിയുടെ മക്കളായിരിക്കും. ക്ലേശാഗ്നിയില്‍ അവര്‍ ശുദ്ധീകരിക്കപ്പെട്ടു. ദൈവത്തോടു ചേര്‍ന്നു നില്ക്കും (1 കോറി 6:17). സ്‌നേഹമാകുന്ന കനകം ഹൃദയത്തിലും, പ്രാര്‍ത്ഥനയാകുന്ന കുന്തുരുക്കം ആത്മാവിലും, ആശാനിഗ്രഹമാകുന്ന മീറാ ശരീരത്തിലും വഹിച്ചുകൊണ്ട് യാതൊരു ചിന്താകുലതയുമില്ലാതെ നാഥനോട് അവര്‍ പൂര്‍ണ്ണമായി ഐക്യപ്പെടും. പാവങ്ങളിലും വിനീതരിലും ക്രിസ്തുവിന്റെ മധുരഗന്ധം അവര്‍ പരത്തും എന്നാല്‍ ….. അഹങ്കാരികളായ ലൗകായതികര്‍ക്കും സമ്പന്നര്‍ക്കും മാരകഗന്ധമായി മാറും.

    നമുക്കു പ്രാര്‍ത്ഥിക്കാം.

    പരിശുദ്ധ മറിയമേ , എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

    വിഷയം : പാപത്തിലേക്കുള്ള ചായ്‌വ്

    “ഞാൻ പാപത്തിന് അടിമയായി വിലക്കപ്പെട്ട ജഡികനാണ്. ഇച്ഛിക്കുന്ന നന്മ ഞാൻ ചെയ്യുന്നില്ല; മറിച്ച് ഇച്ഛിക്കാത്ത തിന്മ ഞാൻ പ്രവർത്തിക്കുന്നു ” (റോമാ 7 : 14, 19 – 20).

    ✝️ ആമുഖം

    പാപത്തിന്റെ ഫലമായി നമ്മുടെ മനുഷ്യപ്രകൃതിക്ക് വന്നുചേർന്നിരിക്കുന്ന ദുർഭഗാവസ്ഥയെപ്പറ്റിയാണ് ഇന്ന് ധ്യാനിക്കുക. ഇതിന്, മനുഷ്യനുണ്ടായിരുന്ന ആദിമഹത്ത്വം എന്തെന്ന് ആദ്യം ഗ്രഹിക്കേണ്ടിയിരിക്കുന്നു.

    ✝️മനുഷ്യന്റെ ആദിമഹത്ത്വം

    “ആദ്യമനുഷ്യൻ നല്ലവനായി സൃഷ്ടിക്കപ്പെട്ടവൻ മാത്രമായിരുന്നില്ല, അവൻ തന്റെ സ്രഷ്ടാവിനോട് സ്നേഹബന്ധത്തിലും തന്നോടുതന്നെയും ചുറ്റുമുള്ള ഇതര സൃഷ്ടികളോടും സമന്വയത്തിലും സ്ഥാപി ക്കപ്പെട്ടവനായിരുന്നു ” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 374). ഈ പ്രബോധനത്തിൽ പരാമർശിക്കുന്ന മൂന്ന് തരത്തിലുള്ള സൗഭാഗ്യാവസ്ഥയിൽ ഒന്നാമത്തേത് മനുഷ്യൻ തന്റെ സ്രഷ്ടാവിനോട് സ്നേഹബന്ധത്തിലായിരുന്നു എന്നതാണ്. മനുഷ്യനോടുള്ള ദൈവത്തിന്റെ അടുപ്പത്തിന്റെ അടയാളമാണ് അവിടന്ന് അവനെ ദൈവം ഉലാത്തുന്ന ഏദൻ തോട്ടത്തിൽ പാർപ്പിച്ചിരുന്നു എന്നത് (മതബോധനഗ്രന്ഥം, 378).

    രണ്ടാമത്തെ സൗഭാഗ്യം, മനുഷ്യൻ തന്നാടുതന്നെയുള്ള സമന്വയത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു എന്നതാണ്. ഓരോ മനുഷ്യനിലും ആത്മാവും ശരീരവും ബുദ്ധിശക്തിയും ഇച്ഛാശക്തിയും ( mind + will ) ഉണ്ട്. ഇവയ്ക്കോരോന്നിനും അതിന്റേതായ ആഗ്രഹങ്ങളും (drives) ആവശ്യങ്ങളുമുണ്ട് ( needs ). ഇവയൊന്നും തിന്മയായിട്ടുള്ളതല്ല. എന്നാൽ ഇവ തക്കവിധം നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ അവയുടെ നിശ്ചിതക്രമം തെറ്റാനും പരസ്പരം എതിർക്കാനും ഇടയാകും. എന്നാൽ ഉദ്ഭവപാപത്തിന് മുമ്പുണ്ടായിരുന്ന സൗഭാഗ്യാവസ്ഥയിൽ തന്നോടുതന്നെയുള്ള സന്തുലിതാവസ്ഥയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരുന്നത്.

    നിവേശിത ജ്ഞാനം, ത്രിവിധ പാപാസക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യം, വേദനയോ, മരണമോ ഇല്ലാത്ത അവസ്ഥ എന്നീ മൂന്ന് പ്രകൃത്യതീത കൃപാവരങ്ങൾ പതനത്തിനു മുമ്പുള്ള അവസ്ഥയിൽ ആദിമാതാപിതാക്കൾക്കുണ്ടായിരുന്നു. തത്ഫലമായി അവർക്ക് തിന്മയിലേക്കും പാപത്തിലേക്കുമുള്ള ചായ് വ് ഉണ്ടായിരുന്നില്ല. അവരുടെ ബുദ്ധി അഹങ്കാരത്താലും ജഡികാസക്തിയാലും അന്ധകാരം ബാധിച്ചതല്ലായിരുന്നു. ധാർമിക നിയമങ്ങളെപ്പറ്റി അവർക്ക് പരിപൂർണ അറിവുണ്ടായിരുന്നു. ആത്മാവും ശരീരവും തമ്മിലുള്ള മത്സരമോ പൊരുത്തക്കേടോ അവർക്കുണ്ടായിരുന്നില്ല. ആന്തരികശക്തികൾ തമ്മിൽ പരിപൂർണ സമന്വയത്തിലായിരുന്നു. ഭൗതിക ലോകം അവരുടെ ജീവിതത്തിന് ഏറ്റവും യോഗ്യമായ പറുദീസായായിരുന്നു. അധ്വാനം ആനന്ദത്തിനുറവിടവും ജീവിതസാഫല്യത്തിനുള്ള വഴിയുമായിരുന്നു. എല്ലാ കഴിവുകളും അതിന്റെ പരമാവധി പൂർണതയിലേക്ക് വളരുന്ന അവസ്ഥയായിരുന്നു.

    മൂന്നാമത്തെ സൗഭാഗ്യാവസ്ഥ ചുറ്റുമുള്ള ഇതര സൃഷ്ടികളോടും മനുഷ്യൻ സമന്വയത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു എന്നതാണ്.’ അതിനാൽ, ദൈവം അവനുവേണ്ടി സൃഷ്ടിച്ച് അവന്റെ മുമ്പിൽ നിറുത്തപ്പെട്ട ഹവ്വായെ നോക്കി അവൻ പറഞ്ഞു : “ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും” ( ഉത്പ 2 : 23 ). മാത്രമല്ല, സൃഷ്ടിയുടെ മകുടമായ മനുഷ്യന് എല്ലാ ജീവജാലങ്ങളും വിധേയപ്പെട്ടിരുന്നു. (ഉത്പ് 1:28).

    മനുഷ്യവ്യക്തിയുടെ ആന്തരിക പൊരുത്തവും സ്ത്രീയും പുരുഷനും തമ്മിലുള്ള പൊരുത്തവും ആദിമദമ്പതികളും സർവസൃഷ്ടികളും തമ്മിലുള്ള പൊരുത്തവും ഉണ്ടായിരുന്ന അവസ്ഥയെ ‘ഉദ്ഭവനീതി’ (Original Justice) എന്നു വിളിക്കുന്നു. “ആദം ഉദ്ഭവ വിശുദ്ധിയും നീതിയും സ്വീകരിച്ചത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല. പ്രത്യുത, മനുഷ്യപ്രകൃതിക്ക് മുഴുവൻ വേണ്ടിയായിരുന്നുവെന്ന് വെളിപാടിലൂടെ നാം അറിയുന്നു” (മതബോധനഗ്രന്ഥം, 404).

    ✝️ഉദ്ഭവപാപവും പരിണതഫലങ്ങളും

    ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചു കഴിയാനുള്ള അവന്റെ അസ്തിത്വാത്മകമായ സ്വഭാവത്തിനെതിരായി മനുഷ്യൻ ഒരു തീരുമാനമെടുത്തു. അതു ദൈവത്തിൽനിന്നകന്ന് സ്വയം സ്വതന്ത്രനാകാനുള്ള തീരുമാനമായിരുന്നു. “പിശാചിന്റെ പ്രലോഭനത്തിന് വിധേയനായ മനുഷ്യൻ സ്വാതന്ത്ര്യം ദുർവിനിയോഗിച്ചുകൊണ്ട് ദൈവകല്പന ലംഘിച്ചു. മനുഷ്യന്റെ ആദ്യപാപം ഇതിൽ അടങ്ങിയിരിക്കുന്നു. തുടർന്നുള്ള എല്ലാ പാപങ്ങളും ദൈവത്തോടുള്ള വിധേയത്വരാഹിത്യവും അവിടത്തെ നയി യിലുള്ള വിശ്വാസരാഹിത്യവുമാണ് ” (മതബോധനഗ്രന്ഥം, 397).

    ✝️പരിണത ഫലങ്ങൾ

    ദൈവവുമായുള്ള ബന്ധത്തകർച്ച അനിവാര്യമായി അവനവനോടുതന്നെയും സഹജരോടും സ്യഷ്ടപ്രപഞ്ചത്തോടും അവനുണ്ടായിരുന്ന ആരോഗ്യകരമായ ബന്ധം തകർത്തു: “ഉദ്ഭവനീതിയുടെ അവസ്ഥയിൽ ആദിമാതാപിതാക്കന്മാർക്കുണ്ടായിരുന്ന സന്തുലിതാവസ്ഥാ നശിപ്പിക്കപ്പെട്ടു. ആത്മാവിന്റെ ആന്തരികശക്തികൾക്ക് ശരീരത്തിന്റെ മേലുണ്ടായിരുന്ന നിയന്ത്രണം ഭേദിക്കപ്പെട്ടു; സ്ത്രീപുരുഷബന്ധം സംഘർഷാത്മകമായി; ലൈംഗികദുരാശയും ആധിപത്യവും അവരുടെ ബന്ധങ്ങളിൽ പ്രത്യക്ഷമായി. ഇതര സൃഷ്ടികളുമായുള്ള പൊരുത്തവും ശിഥിലമായി: സൃഷ്ടപ്രപഞ്ചം മനുഷ്യന് അന്യവും വിരുദ്ധവുമായി; മനുഷ്യൻ നിമിത്തം സൃഷ്ടപ്രപഞ്ചം ജീർണതയുടെ അടിമത്തത്തിന് വിധേയമായി; അവസാനമായി, ദൈവത്തെ നിരസിക്കുന്നതിന്റെ അനിവാര്യഫലമെന്ന് സ്പഷ്ടമായി അറിയിച്ചിരുന്ന ദുരന്തവും സംജാതമായി. മനുഷ്യൻ മണ്ണിലേക്കുതന്നെ മടങ്ങും; എന്തെന്നാൽ, അതിൽനിന്ന് എടുക്കപ്പെട്ടവനാണവൻ. അങ്ങനെ മരണം മനുഷ്യചരിത്രത്തിലേക്ക് പ്രവേശിക്കുന്നു” (മതബോധനഗ്രന്ഥം 400).

    ആദിമാതാപിതാക്കന്മാർക്ക് ആദ്യപാപഫലമായി സംഭവിച്ച തകർച്ച മനുഷ്യവംശം മുഴുവനിലേക്കും സംക്രമിച്ചു: “ആദ്യമനുഷ്യനെന്ന നിലയിൽ ആദം സ്വന്തം പാപംമൂലം ദൈവദത്തമായ ഉദ്ഭവ വിശുദ്ധിയും നീതിയും നഷ്ടമാക്കി; തനിക്കു മാത്രമല്ല എല്ലാ മനുഷ്യർക്കും നഷ്ടമാക്കി” (മതബോധനഗ്രന്ഥം, 416). ” ആ ആദ്യപാപത്തിനുശേഷം ലോകം മുഴുവൻ വാസ്തവത്തിൽ പാപത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നു : ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനത്തിനുശേഷം പോലും ക്രിസ്ത്യാനികളുടെയിടയിൽ വിവിധ മാർഗങ്ങളിലൂടെ പാപം തലയുയർത്തുന്നുണ്ട്. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും മാനവചരിത്രത്തിലെ പാപത്തിന്റെ സാന്നിധ്യവും സാർവജനീനത്വവും നിരന്തരം നമ്മെ അനുസ്മരിപ്പിക്കുന്നു ” (മതബോധനഗ്രന്ഥം, 416)

    ” ഉദ്ഭവപാപഫലമായി മനുഷ്യപ്രകൃതിയുടെ കഴിവുകൾ ദുർബലങ്ങളായി ; പാപം, ശാപം മരണത്തിന്റെ ആധിപത്യം മുതലായവയ്ക്ക് മനുഷ്യപ്രകൃതി വിധേയമാവുകയും പാപപ്രവണത രൂഢമൂലമാവുകയും ചെയ്തു. (ഈ പാപ പ്രവണതയെയാണ് പാപാസക്തി എന്നു വിളിക്കുന്നത് ” (മതബോധനഗ്രന്ഥം, 418).

    ✝️ആദത്തിന്റെ പാപത്തിന്റെ ദുഷ്ഫലങ്ങൾ മനുഷ്യരാശിക്ക്

    ആദ്യമാതാപിതാക്കന്മാരുടെ പാപത്തിന്റെ ഫലം നമുക്ക് എങ്ങനെ ബാധകമാകും ? തിരുസഭ നല്കുന്ന ഉത്തരം ഇപ്രകാരമാണ് : “സർവമനുഷ്യരും ആദത്തിന്റെ പാപത്തിൽ ഉൾപ്പെടുന്നു. വിശുദ്ധ പൗലോസ് പ്രസ്താവിക്കുന്നു; ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ എല്ലാ മനുഷ്യരും പാപികളായി”. (റോമാ 5:12 ; മതബോധനഗ്രന്ഥം, 402 ).

    ആദത്തിൽ മനുഷ്യവംശം മുഴുവനും ഒരു മനുഷ്യന്റെ ഏകശരീരംപോലെയാണ്. മനുഷ്യവംശത്തിന്റെ ഈ ഐക്യം മൂലം സർവമനുഷ്യരും ആദത്തിന്റെ പാപത്തിൽ പങ്കുകാരായി. പ്രലോഭകന് വഴങ്ങിക്കൊടുക്കുക നിമിത്തം ആദവും ഹവ്വായും വ്യക്തിപരമായ ഒരു പാപം ചെയ്തു. ഈ പാപം മനുഷ്യപ്രകൃതിയെ ബാധിച്ചു. ഈ പ്രകൃതിയെയാണ് ആദിമാതാപിതാക്കന്മാർ തങ്ങളുടെ നിപതിച്ച അവസ്ഥയിൽ പിൻതലമുറകളിലേക്ക് സംക്രമിപ്പിക്കേണ്ടിയിരുന്നത്. പ്രജനനത്തിലൂടെ, അതായത്, ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയുടെ സംപ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിക്കുന്നത്. (മതബോധനഗ്രന്ഥം, 404 കാണുക).

    ✝️അധഃപതിച്ച മനുഷ്യപ്രകൃതി

    ആദത്തിന്റെ വീഴ്ചയെത്തുടർന്നുള്ള മനുഷ്യപ്രകൃതിയെ വിളിക്കുന്ന പേരാണ് അധപതിച്ച മനുഷ്യപ്രകൃതി. ആദിയിലുണ്ടായിരുന്ന ശരിയായ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. സന്തുലിതാവസ്ഥ നഷ്ടപ്പെട്ട മനുഷ്യപ്രകൃതി എന്നതിനർഥം, പാപത്തിൽ വീഴുന്നതിനുമുമ്പുണ്ടായിരുന്ന മനുഷ്യന്റെ സൗഭാഗ്യാവസ്ഥയുടെ തലകീഴ്മറിയലാണ് (reversal). അതായത്, പതനത്തിനുമുമ്പ്, മനുഷ്യപ്രകൃതിക്ക് സഹജമായിരുന്ന അതിസ്വഭാവിക കഴിവുകൾക്കെല്ലാം കാര്യമായ ക്ഷതമേറ്റു . പ്രഭാഷകൻ 17 :1 – 4 – ൽ പറയുന്നതുപോലെ “ദൈവത്തിന്റെ ശക്തിക്ക് സദൃശമായ ശക്തിയുണ്ടായിരുന്ന അവൻ ” ബലഹീനതയുടെ പര്യായമായിത്തീർന്നു !

    ഉദ്ഭവപാപത്തിന്റെ വിനാശകരമായ ഈ സ്വാധീനം ഭയാനകമാംവിധം വലുതാണ്. അതിനാൽ മാമ്മോദീസായുടെ കൃപാവരത്താൽ ഉദ്ഭവപാപം നീക്കപ്പെട്ടാലും പാപത്തിലേക്കുള്ള ചായ് വ് അതിശക്തമായി നിലനില്ക്കുകയാണ്. ഇക്കാരണത്താൽ ക്രൈസ്തവജീവിതം ഒരു ആധ്യാത്മിക യുദ്ധം തന്നെയായിരിക്കുന്നു (മതബോധനഗ്രന്ഥം, 405 കാണുക).

    മനുഷ്യൻ സ്വതന്ത്രമനസ്സോടെ ദൈവത്തെ പുറംതളളിയതോടെ പിശാചിന് അതൊരു പഴുതായി. ആദിമാതാപിതാക്കന്മാരുടെ പാപത്തോടെ പിശാച് മനുഷ്യന്റെമേൽ ഒരുതരം ആധിപത്യം നേടി. ( മതബോധനഗ്രന്ഥം, 407 കാണുക) .

    ✝️വ്യക്തിപരമായ പാപം ഉദ്ഭവപാപ ഫലമായ ദുർഭഗാവസ്ഥയുടെ ആക്കം വർധിപ്പിച്ചു

    ആദത്തിന്റെ ഒരൊറ്റ പാപം ഇത്രമാത്രം വിനാശം നമുഷ്യരാശിക്കു മുഴുവനും വരുത്തിയെങ്കിൽ, അതിന്റെ സർവനാശഫലങ്ങളും ഓരോ വ്യക്തിയും തന്നിൽത്തന്നെ മരണംവരെ പേറുന്നെങ്കിൽ, മാമ്മോദീസായ്ക്കുശേഷം ചെയ്ത എണ്ണമറ്റ വ്യക്തിപരമായ പാപങ്ങൾ എത്ര വൻ തകർച്ചയായിരിക്കും ഓരോ വ്യക്തിയിലും വരുത്തുന്നത് ? (മതബാധനഗ്രന്ഥം, 408 കാണുക).

    ഉദ്ഭവപാപത്തിന്റെയും വ്യക്തിപരമായ പാപത്തിന്റെയും ഫലമായി മനുഷ്യൻ വൻ ദുർഭഗാവസ്ഥയിലാണ് : “മുഴുവനായും ദുഷ്ടന്റെ പിടിയിൽ അമർന്നിരിക്കുന്ന ലോകത്തിന്റെ ദുരവസ്ഥ മനുഷ്യജീവിതത്തെ ഒരു സമരമാക്കി മാറ്റുന്നു. കൃപാവരത്തിന്റെ സഹായത്താലും സ്വന്തം കഠിന പ്രയത്നത്താലുമാണ് മനുഷ്യൻ തന്റെ ആന്തരികാക്യൈം നേടിയെടുക്കേണ്ടത് ” ( മതബോധനഗ്രന്ഥം, 409).

    ✝️മരിയൻ സമർപ്പണത്തിന്റെ അദ്ഭുതകരമായഫലം✝️

    പാപഫലമായി ദൈവത്തെ സ്നേഹിക്കാനുള്ള മനുഷ്യന്റെ കഴിവ് ക്ഷതപ്പെട്ടുപോയി ! ദൈവത്തെ തള്ളിക്കളഞ്ഞുകൊണ്ടുപോലും സ്വന്തം സുഖം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കത്തക്കവിധം മനുഷ്യൻ അധഃപതിച്ചു. ഇതിനുള്ള ഉത്തമപരിഹാരമാണ് മറിയം വഴി യേശുവിനുള്ള സമ്പൂർണ സമർപ്പണം. ദൈവത്തെ സർവസ്വവുമാക്കിയ കന്യകമറിയത്തിന്റെ അദ്ഭുതകരമായ സഹായത്തോടെ എല്ലാറ്റിലുമുപരി ദൈവത്തെ സ്നേഹിക്കാൻ ഇതിലൂടെ നാം പ്രാപ്തരായിത്തീരും.

    ജ്ഞാനസ്നാനത്തിനു ശേഷവും നമ്മിൽ നിലനില്ക്കുന്ന ദൗർബല്യങ്ങളും തിന്മയിലേക്കുള്ള ചായ്‌വും മറിയത്തിനുള്ള സമ്പൂർണ സമർപ്പണം അനുദിനം ജീവിക്കുന്നതിലൂടെ ഫലപ്രദമാംവിധം പരിഹരിക്കപ്പെടും .

    ജ്ഞാനസ്നാന അഭിഷേകത്തിന്റെ ഉജ്ജ്വലനമാണ് ധ്യാനത്തിൽവച്ചു നമുക്കു ലഭിച്ചിരിക്കുന്നത്. വിശുദ്ധിയുടെ വഴിയേ സഞ്ചരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. പ്രാർഥിക്കാനുള്ള വരം നമുക്കു ലഭിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ ഉന്നതവരദാനഫലങ്ങളും നമ്മിൽ സമ്യദ്ധമായി ചൊരിയപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഉദ്ഭവപാപത്താലും ആവർത്തിച്ചുള വ്യക്തതിഗത പാപങ്ങളാലും ദുർബലമാക്കപ്പെട്ട മനുഷ്യപ്രകൃതിയുടെ സ്വാധീനം നമ്മിൽ ഉളളതിനാൽ പാപത്തിലേക്കുള്ള ചായ്‌വ് തുടർന്നാം അനുഭവപ്പെട്ടേക്കാം. നമ്മുടെ ബലഹീനതയെപ്പറ്റിയുള്ള യാഥാർഥ്യബോധത്തോടെ മരിയൻസമർപ്പണത്തിന്റെ ചൈതന്യത്തിൽ അനുദിനം ജീവിക്കാൻ പരിശ്രമിക്കുകയുമാണ് ഇതിനുള്ള ഫലപ്രദമായ പരിഹാരം.

    ബൈബിൾ വായന

    “നില്ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ, മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻവേണ്ട ശക്തി അവിടന്ന് നിങ്ങൾക്കു നല്കും” (1 കോറി 10:12 – 13).

    പതിമൂന്നാം ദിവസത്തെ പ്രാർഥന

    പരിശുദ്ധാത്മാവായ ദൈവമേ, എന്റെ ബലഹീനതയിൽ എന്നെ സഹായിക്കുന്നവനേ, പാപത്തിലേക്കുള്ള എന്റെ ചായ്‌വിലേക്കും എന്റെ എല്ലാ ദുഷ്പ്രവണതകളിലേക്കും അങ്ങ് എഴുന്നള്ളിവരണമേ. എന്റെ ദുർഭഗാവസ്ഥയിൽനിന്നു കുരിശിൽ മരിച്ചുയർത്ത യേശുവിന് എന്നെ മോചിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഉദ്ഭവപാപംമൂലവും വ്യക്തി പരമായ പാപങ്ങൾ മൂലവുമുള്ള എന്റെ ദുർഭഗാവസ്ഥയെപ്പറ്റിയുള്ള യാഥാർഥ്യ ബോധം അങ്ങയോട് ചേർന്നുനില്ക്കാനും പരിശുദ്ധ അമ്മയുടെ സഹായം തേടാനും എന്നെ ഉത്തേജിപ്പിക്കട്ടെ. പരിശുദ്ധാത്മാവേ, അങ്ങയുടെ മണവാട്ടിയായ പരിശുദ്ധ മറിയത്തിലൂടെ എന്നിൽ പ്രവർത്തിക്കണമേ. ദൈവമാതാവിന്റെ മാതൃസഹജമായ മാധ്യസ്ഥ്യത്തിന് തിരുകുമാരന്റെ ഹൃദയത്തിൽനിന്ന് സർവതും നേടിത്തരാനാകും ( വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ‘കന്യകമറിയത്തിന്റെ ജപമാല ‘, 16 ) എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ അമ്മേ, എന്റെ ആശ്രയമേ, എനിക്കു തുണയായിരിക്കണമേ, ആമേൻ.

    സത്കൃത്യം

    അന്ധമായ ആത്മവിശ്വാസം വെടിഞ്ഞ് കൂടെക്കൂടെ സുകൃതജപങ്ങൾവഴി ദൈവസഹായം അഭ്യർഥിക്കുക.

    ***********************************************************************************************************

    https://www.youtube.com/watch?v=SIghBWyra6o&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=13

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 11 പ്രതിഷ്ഠാ ഒരുക്കം

    ✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!