ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് -കുരിയാക്കോസ് എലിയാസ് ചാവറയച്ചൻ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക
ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ് ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു.
1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ് പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ് പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ് പോരൂക്കരയുടെയും, തോമസ് പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി.
ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് “കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി” എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു.
1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ് റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ് റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.
സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ് മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു.
പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.
ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി ‘മദര്‍ ഓഫ് കാര്‍മ്മല്‍’ (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ ‘ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം’ എന്ന ആശയം നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധന്‍ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ “പള്ളികൂടം” (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. “ഒരു നല്ല പിതാവിന്റെ ചാവരുള്‍” എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു.
“ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും” വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.