Monday, March 31, 2025
spot_img
More

    മാർച്ച് 25: സിറോ മലബാർ സഭയിലെ ഇന്നത്തെ തിരുനാൾ – പരിശുദ്ധ കന്യകാമാതാവിന്റെ മംഗളവാര്‍ത്ത

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന തിരുനാളാണ് – പരിശുദ്ധ കന്യകാമാതാവിന്റെ മംഗളവാര്‍ത്ത . ആ തിരുനാളിനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക.

    ‘പരിശുദ്ധമാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തി’ എന്ന ചെറു ഗ്രന്ഥം ദൈവമാതാവിനോടുള്ള ഭക്തിയുടെ രഹസ്യവും, അര്‍ത്ഥവും വ്യഖ്യാനിക്കുന്ന പ്രവാചകപരമായ ഒരു ഗ്രന്ഥമാണ്. വിശുദ്ധ ലൂയീസ്‌ ഡി മോണ്ട്ഫോര്‍ട്ട്‌ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും പരിശുദ്ധ അമ്മയേ പറ്റിയുള്ള അസാമാന്യമായ ഉള്‍കാഴ്ചയും, നിഗൂഡതയും വെളിപ്പെടുന്നതാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമ്മുക്ക് സാധ്യമല്ല. ഉദാഹരണമായി രക്ഷകന്‍, മാതാവിന്‍ ഉദരത്തില്‍ ജീവിച്ചിരുന്നിടത്തോളം കാലം പരിശുദ്ധ മാതാവിന്റെ അടിമയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ആര്‍ക്ക് സാധിക്കും?

    പരിശുദ്ധ മാതാവിന്റെ മംഗള വാര്‍ത്തക്ക് ശേഷം, രക്ഷകന്‍ മാംസമായി അവളില്‍ അവതരിച്ചു. രക്ഷകന്‍ തന്റെ അമ്മയായ മാതാവിന്റെ ഉദരത്തില്‍ ഏകാന്തവാസമായിരുന്നപ്പോള്‍ പരിശുദ്ധ മാതാവിനോട് മാത്രം ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരിന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിലുള്ള ആശ്രയത്തിന്റെ പരിപൂര്‍ണ്ണതയെന്ന് ഈ ബന്ധത്തെ വിശേഷിപ്പിക്കാം. യേശുവിന്റെ അസ്ഥിത്വത്തിന്റെ തുടക്കത്തില്‍ തന്നെ ‘അവതാരം’ എന്ന വാക്ക് വിശദമാക്കപ്പെട്ടിട്ടുള്ളതാണ്. രക്ഷകന്‍ തന്റെ ജീവിതം മറ്റൊരു ജീവിയുടെ ഉദരത്തില്‍ ജീവിക്കുവാന്‍ തിരഞ്ഞെടുത്തിരുന്നു. പരിശുദ്ധ മാതാവുമായിട്ടുളള നിഗൂഢ ബന്ധത്തില്‍ അവളുടെ ഉദരത്തില്‍ താമസിക്കുക എന്നത് യേശുവിന്‍റെ തന്നെ പദ്ധതിയായിരുന്നു.

    ആ അവതാരത്തിലൂടെ ദൈവം തന്റെ സര്‍വ്വശക്തിത്വം വെളിപ്പെടുത്തിയിരിക്കുന്നു. ഗര്‍ഭധാരണത്തിലും, പ്രസവത്തിനു മുന്‍പും, പിന്‍പും മാതാവിനെ കന്യകയായി തന്നെ നിലനിര്‍ത്തികൊണ്ട് ദൈവം തന്റെ ശക്തി വെളിപ്പെടുത്തി. യേശുവിന്‍റെ അവതാരത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും തന്നെ വളരെയേറെ അസാധാരണമായിരുന്നു. ദൈവത്തിനു വേണമെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ രക്ഷകന്‍ ജനിക്കത്തക്ക രീതിയില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താമായിരുന്നു.

    പക്ഷേ ദൈവം അപ്രകാരം ചെയ്തില്ല, പൂര്‍ണ്ണമായും ഒമ്പത് മാസം മാതാവിന്റെ ഉദരത്തില്‍ കിടക്കുവാനും, അവളുമായി തന്റെ ആത്മാവിന് സവിശേഷവും, നിഗൂഡവുമായ ബന്ധമുണ്ടായിരിക്കുകയുമാണ്‌ അവന്‍ ആഗ്രഹിച്ചത്. ചുരുക്കി പറഞ്ഞാല്‍ അവന്‍ അവളുടെ അടിമയായിരിക്കുവാന്‍ ആഗ്രഹിച്ചു. പൂര്‍ണ്ണമായും മാതാവില്‍ ആശ്രയിക്കുക എന്നതായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്. ആ സമയത്ത് ആത്മാക്കള്‍ തമ്മില്‍ ഏതു വിധത്തിലുള്ള ബന്ധമായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക? ഏത് വിധത്തിലുള്ള ഐക്യമായിരിക്കും അവിടെ ഉണ്ടായിരിക്കുക?

    ഇത് അഭേദ്യമായ ഒരു കാര്യമാണ്. നമ്മുടെ ദൈവം മനുഷ്യ പ്രകൃതി സ്വീകരിച്ചുവെന്നും, അവന്‍ യഥാര്‍ത്ഥ മനുഷ്യനായിരുന്നുവെന്നുമുള്ള അവതാരത്തിന്റെ നിഗൂഡത നാം പരിഗണിക്കേണ്ടതാണ്. നമുക്കുള്ളത് പോലെ തന്നെ അവനും ആത്മാവും, ശരീരവുമുണ്ടായിരുന്നു, നമ്മേപോലെ തന്നെ അവനും പൂര്‍വ്വപിതാവായ ആദമിന്റേയും, ഹൗവ്വയുടേയും വംശാവലിയില്‍ ഉള്ളവനായിരുന്നു. പക്ഷേ ഈ വസ്തുതക്ക് സമാന്തരമായി തന്നെ, അവന്റെ മനുഷ്യാത്മാവിന് ദൈവവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭാഗമാകുവാന്‍ മാത്രം ശക്തമായിരുന്ന ബന്ധമെന്ന്‍ അതിനെ വിശേഷിപ്പിക്കാം. മനുഷ്യാത്മാവായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും, യേശു ക്രിസ്തുവില്‍ രണ്ട് വ്യക്തിത്വമില്ലായിരുന്നു. എങ്ങനെ ഒരു മനുഷ്യാത്മാവിന് ഒരു വ്യക്തിയെ ദൈവമാക്കി രൂപപ്പെടുത്തുവാന്‍ സാധിക്കും? ഇതൊരു രഹസ്യമാണ്. പരിശുദ്ധ ത്രിത്വപരമായ ഒരു ഐക്യമാണിതിന് കാരണമെന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.

    യേശു കുരിശില്‍ കിടന്നപ്പോള്‍ “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനു നീ എന്നെ ഉപേക്ഷിച്ചു?” എന്ന് നിലവിളിച്ചതിനെ ഒരാള്‍ക്ക് എപ്രകാരം വിവരിക്കുവാന്‍ സാധിക്കും? ആ നിമിഷത്തിലും അവന്‍ ദൈവവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ തന്നെ ആയിരുന്നു, പക്ഷേ തന്റെ ദൈവീകതയിലും മനുഷ്യസ്വഭാവപരമായ ഒറ്റപ്പെടലിന്റേയും, ഉപേക്ഷിക്കപ്പെടലിന്റേയും വേദന അനുഭവിക്കുവാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു.

    ഇവിടെ ഇതാ നമ്മുടെ മുന്‍പില്‍ പിന്നേയും ഒരു രഹസ്യം വെളിവാകുന്നു. പരിശുദ്ധ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മാതാവുമായിട്ടുള്ള യേശുവിന്റെ ഐക്യം, പരിശുദ്ധ ത്രിത്വൈക ഐക്യത്തിന്റെ പൂര്‍ണ്ണതയിലായിരിന്നു. പരിശുദ്ധ അമ്മയുടെ ദാസന്‍മാരായ നാം ഓരോരുത്തരോടും ഇപ്പോഴും വിവരിക്കാനാവാത്ത ചില നിഗൂഡതകള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയും തമ്മിലുള്ള ദൈവീക ഐക്യത്തിന്റെ നിഗൂഡതയേ കണക്കിലെടുക്കുമ്പോള്‍ ഇത് താരതമ്യം ചെയ്യുവാന്‍ കഴിയാത്തത്ര നിസാരമാണ്. ഈ രഹസ്യങ്ങളെല്ലാം സമാനരീതിയില്‍ തന്നെയാണ് പക്ഷേ അവയെ എപ്രകാരം വിശദീകരിക്കണമെന്ന് നമുക്കറിയില്ല. എന്നിരുന്നാലും ഈ രഹസ്യങ്ങള്‍ എല്ലാം തന്നെ മുഖ്യ സിദ്ധാന്തങ്ങളായ അദ്വൈതവാദത്തേയും (Pantheism), വ്യക്തിമഹാത്മ്യ വാദത്തേയും (Individualism) എതിര്‍ക്കുന്നു.

    അദ്വൈതവാദമനുസരിച്ച് എല്ലാം ദൈവമയമാണ്; ഒന്നിന് മറ്റൊന്നില്‍ നിന്നും സാരവത്തായ മാറ്റമില്ല. ഒരു ഏകവ്യക്തിത്വമെന്ന നിലയില്‍ എല്ലാ ജീവജാലങ്ങളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യക്തിമഹാത്മ്യ വാദമനുസരിച്ച് ഓരോ വ്യക്തിയും ഏകനാണ്, മാത്രമല്ല മറ്റുള്ളവരുമായി ഐക്യപ്പെടേണ്ട ആവശ്യവുമില്ല. പക്ഷേ കത്തോലിക്കാ വിശ്വാസം ഈ രണ്ടു ചിന്താഗതികളേയും എതിര്‍ക്കുന്നു. എല്ലാ മനുഷ്യരും അവരില്‍ തന്നെ ഏകനാണ്. ഒരു വ്യക്തി എന്നാല്‍, വ്യക്തിയെന്ന നിലയില്‍ തന്റെ പുരോഗതിക്കായി അവന്‍ മറ്റുള്ളവരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. പരിശുദ്ധ അമ്മയുടെ കാരുണ്യത്താല്‍ ദൈവശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും ഒരിക്കല്‍ ഇതിനെ പറ്റി വിശദീകരിക്കുവാന്‍ സാധിക്കുമായിരിക്കും.

    നമ്മുടെ രക്ഷകന്റേയും, മാതാവിന്റേയും ബന്ധം വിശദീകരിക്കപ്പെടുമ്പോള്‍, അതില്‍ നിന്നും വെളിപാടുകളെ മനസ്സിലാക്കുവാനുള്ള താക്കോലും കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ ഉറപ്പിച്ച് പറയാം. വിശുദ്ധ ലൂയീസ് ഡി മോണ്ട്ഫോര്‍ട്ട്‌, അവതാരത്തിന്റെ രഹസ്യം അതില്‍ തന്നെ മറ്റുള്ള എല്ലാ നിഗൂഡതകളേയും ഉള്‍കൊള്ളുന്നു എന്ന കാര്യം വ്യക്തമാക്കുന്നു. എല്ലാ തിരുനാള്‍ ദിനങ്ങളിലും തിരുസഭ ഇതിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാറുള്ള കാര്യം നമുക്കറിയാമല്ലോ. അതിനാല്‍ മംഗളവാര്‍ത്താ ദിനത്തിലും, വചനം മാംസമായി അവതരിച്ചപ്പോഴും പരസ്പരം ബന്ധപ്പെട്ട ഈ നിഗൂഡ രഹസ്യങ്ങള്‍ നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയുമായുള്ള ആഴമായ ബന്ധത്തെപ്പറ്റി ചിന്തിക്കാനുള്ള ഒരു ചിന്ത കൂടിയാണ് ഈ ദിവസം.

    ഈ തിരുനാള്‍ ദിനം നാം നമ്മെ തന്നെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിക്കുകയും, നമ്മളെ അടിമകളായി വിട്ടു നല്കി കൊണ്ട് സമാനമായൊരു ബന്ധം സ്ഥാപിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. യേശു അവളില്‍ വസിച്ചത് പോലെ നമ്മളേയും അവളുടെ വിനീത മക്കളാക്കി മാറ്റുവാന്‍ നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!