ഒക്ടോബർ 3 – ഔർ ലേഡി ഓഫ് ദ് പ്ലേസ്, റോം (1250)
ആബട്ട് ഒർസിനി എഴുതി: “1250-ൽ, കർദ്ദിനാൾ കപ്പോച്ചി താമസിച്ചിരുന്ന ഭവനത്തിലെ കിണറ്റിൽ പരിശുദ്ധ അമ്മയുടെ ചിത്രം വീണപ്പോൾ, അത്ഭുതകരമായി കിണറ്റിലെ വെള്ളം പൊന്തിവരികയും ചിത്രത്തെ കയ്യിലേക്ക് കൊടുക്കുകയും ചെയ്തതിന് ശേഷം കർദ്ദിനാൾ അവിടത്തെ ചാപ്പലിൽ ഈ ചിത്രം സ്ഥാപിച്ചു. എന്നാൽ, ഈ അത്ഭുതം നടന്ന സ്ഥലത്ത് തന്നെ മറ്റൊരു ചാപ്പൽ പണിയാൻ ഇന്നസെൻ്റ് നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ നിർബന്ധിച്ചു. ഈ ചാപ്പൽ സെർവൈറ്റ്സിന് ലഭിച്ചതിന് ശേഷം അവർ ഒരു നല്ല പള്ളി അവിടെ പണിയുകയുണ്ടായി, അതിൽ ആ കിണറും അടങ്ങിയിരുന്നു”.
പരിശുദ്ധ അമ്മക്ക് പ്രത്യേകം സമർപ്പിച്ചിരിക്കുന്ന വിയയിലെ സാന്താ മരിയ ദേവാലയം, മഡോണ ഡെൽ പോസോ-ഔവർ ലേഡി ഓഫ് ദ് വെൽ(കിണർ )എന്ന നാമധേയത്തിലും അറിയപ്പെടുന്നു. ഇപ്പോൾ ഈ സ്ഥലത്ത് ഉള്ള പള്ളി, 1256 ൽ പണികഴിപ്പിച്ച പള്ളിയല്ല, 1491 നും 1513 നും ഇടയിൽ പണിതതാണ്.
ആബട്ട് (മഠാധിപതി) ഒർസിനി പരാമർശിക്കുന്ന അത്ഭുതം യഥാർത്ഥത്തിൽ സംഭവിച്ചത് 1256 സെപ്റ്റംബറിലെ 26, അല്ലെങ്കിൽ 27 തീയതികളിലെ ഒരു വൈകുന്നേരത്തിലാണ്. ആ സമയത്ത്, കർദ്ദിനാൾ പിയത്രോ കപ്പോച്ചിക്ക് അവിടെ ഒരു വസതി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഒരു ജോലിക്കാരന്റെ കയ്യിൽ നിന്ന് – അറിയാതെയോ മനഃപൂർവമോ എന്നറിയില്ല- പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഒരു ചിത്രം കുതിരലായത്തിനോട് ചേർന്നുള്ള കിണറ്റിലേക്ക് വീണു. കനത്ത ഭാരമുള്ള ശിലാഫലകത്തിലാണ് ചിത്രം വരച്ചിരുന്നതെങ്കിലും, അത് ഒരിക്കലും കിണറിൻ്റെ അടിയിലേക്ക് താണില്ല.
പരിശുദ്ധ അമ്മയുടെ ചിത്രം അധികം താഴേക്ക് പോകുന്നതിന് മുമ്പ്, കിണറിനുള്ളിലെ വെള്ളം പൊടുന്നനെ പൊങ്ങി കിണറിൻ്റെ മുകളിലേക്ക് ഉയർന്ന് എല്ലാ ദിശകളിലേക്കും ഒഴുകിക്കൊണ്ടിരുന്നു , ചിത്രം ജലത്തിൻ്റെ ഉപരിതലത്തിൽ പൊന്തി നിന്നിരുന്നു. കിണറ്റിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളം കണ്ട് കുതിരകൾ ശബ്ദമുണ്ടാക്കിക്കാണണം, അവിടെയുണ്ടായിരുന്ന ജോലിക്കാർ പല സ്ഥലങ്ങളിൽ നിന്ന് ഓടി വന്ന്, അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. ഇത് അറിഞ്ഞ കർദ്ദിനാൾ വന്ന്, അത്ഭുതകരമായി വെള്ളത്തിന് മീതെ പൊന്തിക്കിടന്ന ചിത്രത്തെ കയ്യിൽ സ്വീകരിക്കുന്നത് വരെ ആ കാഴ്ച തുടർന്നു. അതിന് ശേഷം വെള്ളം കിണറ്റിലേക്ക് മടങ്ങി സാധാരണ ഗതിയിലായി.
അലക്സാണ്ടർ നാലാമൻ മാർപാപ്പ സംഭവത്തെപ്പറ്റി അറിഞ്ഞപ്പോൾ അത്
ഒരു അത്ഭുതമായി പ്രഖ്യാപിക്കുകയും പുതിയ ചാപ്പലിൻ്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. കിണറ്റിന് മുകളിലായാണ് പുതിയ ചാപ്പൽ പണിതത്, പഴയ പള്ളിയുടെ അനുബന്ധമായി. പള്ളിയിൽ പ്രവേശിക്കുമ്പോൾ അതിനു വലതുവശത്തായി ജലധാര ഇപ്പോഴും കാണാം. ഇന്നസെൻ്റ് എട്ടാമൻ മാർപാപ്പയാണ് ഇപ്പോൾ കാണാൻ കഴിയുന്ന പള്ളിയുടെ നിർമ്മാണത്തിന് ഉത്തരവിട്ടത്. 1513-ൽ ലിയോ പത്താമൻ മാർപ്പാപ്പയാണ് ഈ പള്ളി സെർവൈറ്റുകൾക്ക് നൽകിയത്.