ഒക്ടോബർ 4 – ഔർ ലേഡി ഓഫ് വോസ്സിവിയേഴ്‌സ്, ഒവേർണ്യെ, ഫ്രാൻസ് (1374)
1374-ൽ ഇംഗ്ലീഷുകാരാൽ നശിപ്പിക്കപ്പെട്ട വോസ്സിവിയേഴ്‌സിൻ്റെ നാശകൂമ്പാരത്തിനിടയിൽ നിന്ന്, മൗണ്ട് ഡി’ഓർ ന് സമീപമുള്ള ഒവേർണ്യേ പർവതത്തിൽ അത്ഭുതകരമായി അവശേഷിക്കപ്പെട്ട പരിശുദ്ധ അമ്മയുടെ സ്വരൂപം, ബെസ്സേയിലെ പള്ളിയിലേക്ക് പിന്നീട് മാറ്റിയെങ്കിലും, അമാനുഷിക ഇടപെടലിനാൽ വീണ്ടും വോസ്സിവിയേഴ്സിലെ പഴയ സ്ഥലത്ത് തന്നെ കാണപ്പെട്ടു.
ഫ്രാൻസിലെ ഒവേർണ്യെ പർവതനിരകളിലാണ് ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. 14-ആം നൂറ്റാണ്ടിൻ്റെ അവസാനകാലത്ത് എല്ലാം നശിപ്പിക്കപ്പെടുന്നത് വരെ വോസ്സിവിയറിൽ ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ശതവർഷയുദ്ധം നടന്നുകൊണ്ടിരുന്ന സമയത്ത്, ഇംഗ്ലണ്ടിലെ എഡ്വേർഡ് മൂന്നാമൻ രാജാവിൻ്റെ ഇളയ പുത്രനായ ജോൺ ഓഫ് ഗോണ്ട് തൻ്റെ 9,000 പേരടങ്ങുന്ന സൈന്യത്തെ നയിച്ചുകൊണ്ടു പോകുന്ന വഴിക്ക്, ഫ്രഞ്ചുകാരെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കണ്ണിൽ കാണുന്നതെല്ലാം കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്ത് നാശം വിതച്ചുകൊണ്ടിരുന്നു. അവൻ വോസ്സിവിയറിലൂടെ കടന്നുപോയപ്പോൾ, അവിടെ ഉണ്ടായിരുന്ന പഴയ പള്ളിയുടെ ഒരു ഭാഗം മാത്രം അവശേഷിപ്പിച്ചു, അതിലുണ്ടായിരുന്ന പരിശുദ്ധ കന്യകയുടെ രൂപത്തെ സ്പർശിക്കാതെ പിന്തിരിഞ്ഞു. പരിശുദ്ധ അമ്മയുടെ നേർക്ക് പ്രത്യേക ബഹുമാനം തോന്നിയിട്ടോ അതോ രേഖപ്പെടുത്താത്ത എന്തെങ്കിലും അത്ഭുതം അവിടെ നടന്നോ എന്നറിയില്ല.
തന്റെ ചെയ്തികൾക്ക് ജോൺ വലിയ വില കൊടുക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് യുദ്ധം, തണുത്ത കാലാവസ്ഥ, പട്ടിണി, പ്ളേഗ് പോലുളള രോഗങ്ങൾ എന്നിവയാൽ ജോണിന്റെ സൈന്യത്തിലെ ഭൂരിഭാഗവും ആളുകളും കുതിരകളും പലപ്പോഴായി മരിച്ചുവീണു. ഒടുവിൽ ജോൺ ഓഫ് ഗോണ്ട് പരാജിതനായി, കപ്പലിൽ ഫ്രാൻസ് വിട്ട് ഓടേണ്ടി വന്നു.
ഇരുനൂറു വർഷത്തോളം ഔർ ലേഡി ഓഫ് വോസ്സിവിയേഴ്‌സിൻ്റെ രൂപം ചാപ്പലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ, ഇടയന്മാരും വഴിയാത്രക്കാരും മാത്രം സന്ദർശിക്കാറുള്ള ആ വഴിയോര ദേവാലയത്തിൽ അതേ സ്ഥലത്ത് നിലകൊണ്ടു.1547-ൽ അതെല്ലാം മാറിമറിഞ്ഞു. ബെസ്സേയിൽ നിന്നുള്ള ഒരു വ്യാപാരിയും രണ്ട് കൂട്ടാളികളും അതുവഴി കടന്നുപോകുകയായിരുന്നു. വ്യാപാരി ഒരു പ്രോട്ടസ്റ്റൻ്റ് ആയിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പമുള്ളവരിൽ ഒരാൾ കത്തോലിക്കനായിരുന്നു. യാത്രക്കാരുടെ സംരക്ഷകയായി അറിയപ്പെട്ട പരിശുദ്ധ കന്യകയുടെ പ്രതിമയ്ക്ക് മുന്നിൽ അയാൾ മുട്ടുകുത്തി പ്രാർത്ഥിച്ചു. സ്വർഗ്ഗരാജ്ഞിയുടെ മഹത്വമറിയാതെ, കൂടെയുണ്ടായിരുന്നവനെ പരിഹസിച്ച വ്യാപാരി ഉടൻതന്നെ അന്ധനായി. തൻ്റെ തെറ്റിനെക്കുറിച്ച് വേഗം പശ്ചാത്തപിച്ചിട്ടും കാഴ്‌ച തിരിച്ചുകിട്ടാതെ വന്നപ്പോൾ അയാൾ പരിശുദ്ധ മാതാവിനോട്, തന്നിൽ കരുണ തോന്നി കാഴ്ച തിരികെ തന്നാൽ താൻ പരിശുദ്ധ അമ്മയുടെ വലിയ ഭക്തനാകുമെന്ന് വാഗ്ദാനം ചെയ്തു. പരിശുദ്ധ അമ്മ അയാളുടെ കാഴ്ച പുനഃസ്ഥാപിച്ചു. വ്യാപാരി തൻ്റെ വാഗ്ദാനം പാലിക്കുകയും വോസ്സിവിയേഴ്‌സ് മാതാവിൻ്റെ പ്രശസ്തി കഴിയുന്ന പോലെ പ്രചരിപ്പിക്കുകയും ചെയ്തു.
താമസിയാതെ, നിരവധി അത്ഭുതങ്ങൾ അവിടെ രേഖപ്പെടുത്തപ്പെട്ടു. ബെസ്സേയിൽ നല്ലൊരു പള്ളിയുള്ള ഒരു പട്ടണം ഉണ്ടായിരുന്നതിനാൽ, തീർത്ഥാടകർക്ക് പരിശുദ്ധ അമ്മയുടെ രൂപം വണങ്ങാൻ ഏറ്റവും അനുയോജ്യം അവിടെ ആണെന്ന് കരുതി പലവട്ടം രൂപം അവിടേക്ക് കൊണ്ടുപോയി വെച്ചെങ്കിലും ഓരോ പ്രാവശ്യവും അവിടെ നിന്ന് അത് അപ്രത്യക്ഷമാകും, വോസ്സിവിയേഴ്‌സിലെ അതിൻ്റെ പഴയ സ്ഥലത്ത് വീണ്ടും പ്രത്യക്ഷപ്പെടും. വോസ്സിവിയറിൽ ഒരു പുതിയ ചാപ്പൽ നിർമ്മിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഇങ്ങനെ മൂന്ന് തവണ സംഭവിച്ചു. വേനൽക്കാലത്ത് രൂപം വോസ്സിവിയേഴ്‌സിൽ ഇരിക്കട്ടെ എന്നും വർഷത്തിലെ ബാക്കി സമയം ബെസ്സേയിലെ പള്ളിയിൽ ഇരിക്കട്ടെ എന്നും പിന്നീട് തീരുമാനമായി.
1648 ആയപ്പോഴേക്കും 88 അംഗീകരിക്കപ്പെട്ട അത്ഭുതങ്ങൾ അവിടെ നടന്നിരുന്നു, ചാപിള്ളയെന്നു വിധിയെഴുതിയ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് തിരികെ വന്ന സംഭവങ്ങൾ ഉൾപ്പെടെ. ഫ്രഞ്ച് വിപ്ലവസമയത്ത് അമ്മയുടെ യഥാർത്ഥരൂപം നശിപ്പിക്കപ്പെട്ടെങ്കിലും അതിൻ്റെ പകർപ്പ് പിന്നീട് നിർമ്മിക്കപ്പെടുകയും 1881-ൽ ഗംഭീരമായി കിരീടധാരണം നടത്തുകയും ചെയ്തു. ഭക്തരായ ധാരാളം തീർത്ഥാടകരുടെ അഭയകേന്ദ്രമായി ആ പർവ്വതപ്രദേശം.
ഒരു തീർത്ഥാടകൻ അഭിപ്രായപ്പെട്ടതുപോലെ, “മറിയം നിശ്ചയദാർഢ്യമുള്ള സ്ത്രീയാണ്, അവൾ തന്റെ ദിവ്യ പുത്രനൊപ്പം, നമ്മൾ പോകേണ്ട വഴി കാണിക്കുന്നു”, തന്റെ രൂപം ഇരിക്കണമെന്ന് അവൾ ആഗ്രഹിച്ച സ്ഥലമായ വോസ്സിവിയേഴ്‌സിലേക്ക് അവൾ വഴി കാണിച്ചതുപോലെ.