Monday, October 14, 2024
spot_img
More

    “സീറോ മലബാര്‍ സഭയെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ കത്തോലിക്കാ സഭയെയും ഹാനികരമായി ബാധിക്കുന്ന, ഗുരുതരമായ മുറിവ് ” കര്‍ദിനാള്‍ സാന്ദ്രി എഴുതിയ കത്തിന്‍റെ പൂര്‍ണ്ണരൂപം

    Prot. N. 125/2011                                          29 August 2019                                                                                           
    അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പ് (Your Beatitude),
    പരിശുദ്ധ പിതാവ്  അനുഗ്രഹീതയായ  സീറോമലബാര്‍  സഭയെ വാത്സല്യത്തോടും ആദരവോടും കൂടെ വീക്ഷിക്കുന്നു. സുവിശേഷത്തിന്റെ പ്രചാരണം, നിരവധി മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഊര്‍ജ്ജസ്വലമായ വിശ്വാസസമൂഹങ്ങളുടെ അജപാലനം, പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും ഉള്ള സമൃദ്ധമായ ദൈവവിളികള്‍, പ്രതിജ്ഞാബദ്ധരായ ധാരാളം അല്‍മായര്‍ എന്നിവ, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ഉജ്ജ്വലവും സജീവവുമായ സാന്നിധ്യം പ്രകടമാക്കുന്ന അടയാളങ്ങള്‍ ആണ്.  

    2017 ഒക്ടോബര്‍ 9ന് പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിങ്ങളുടെ നേര്‍ക്കുള്ള അദ്ദേഹത്തിന്റെ അഭിനന്ദനവും വിശ്വാസവും കാണിച്ചുകൊണ്ട്  ഇന്ത്യയിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് എഴുതിയ തന്റെ പ്രസിദ്ധമായ കത്തും ഓര്‍മിക്കപ്പെടണം. സീറോമലബാര്‍ സഭയുടെ ഭാവിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന സംഭാവനയാണിത്.  

    എന്നിരുന്നാലും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണവുമായി ബന്ധപ്പെട്ട ദു:ഖകരമായ സംഭവങ്ങളും ചില വൈദികരുടെയും അല്‍മായരുടെയും മനോഭാവങ്ങളും വളരെയധികം വേദനകള്‍ക്കും വലിയ ഉത്കണ്ഠയ്ക്കും കാരണമാവുകയും അതങ്ങനെ തുടരുകയും ചെയ്യുന്നു. വിവിധ തലങ്ങളിലുള്ള കഠിനമായ തര്‍ക്കങ്ങളും ഭിന്നതകളും ഏറെ ആശ്ചര്യപ്പെടുത്തുന്നവയാണ്. അവയാകട്ടെ സഭയോടും ബന്ധപ്പെട്ട വ്യക്തികളോടുമുള്ള ആദരവിനെ അവഗണിച്ചുകൊണ്ട് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ    മാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം ക്രിസ്തുവിന്റെ ശരീരത്തിനേറ്റ, അതായത്, സീറോ മലബാര്‍ സഭയെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ കത്തോലിക്കാ സഭയെയും ഹാനികരമായി ബാധിക്കുന്ന, ഗുരുതരമായ മുറിവിന്  തുല്യമാണ്.

    കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കോണ്‍ഗ്രിഗേഷമായുള്ള നിരന്തരമായ സംഭാഷണത്തില്‍, മുഴുവന്‍ സീറോമലബാര്‍ സഭയുടെ ഭരണ നിര്‍വ്വഹണവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണവും തമ്മിലുള്ള ബന്ധത്തില്‍ സാധ്യമായ പൊതുവായ പരിഹാരങ്ങളെ സംബന്ധിച്ച ചില പരിഗണനകള്‍ അങ്ങ് പങ്കുവച്ചിട്ടുണ്ട്.

    സമഗ്രമായി വിലയിരുത്തപ്പെട്ടതും ക്രമേണയുള്ളതുമായ നിയമനിര്‍മ്മാണ പ്രക്രിയയിലൂടെ ഈ ഭരണം പുന:സംഘടിപ്പിക്കണമെന്ന അങ്ങയുടെ ആഗ്രഹം ഏറ്റവും അടുത്ത് റോമില്‍ വച്ച്   നടന്ന കൂടിക്കാഴ്ചകളില്‍ അങ്ങ് ആവര്‍ത്തിച്ചു. കൂടാതെ, ഈ വിഷയം സീറോമലബാര്‍ സഭയുടെ സിനഡ് ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംബന്ധിച്ച് പരിശുദ്ധ പിതാവിനെ നിരന്തരം വിവരം അറിയിക്കുകയും ഈ കോണ്‍ഗ്രിഗേഷന്‍ അതിന്റെ ഭാഗമായി ഇക്കാര്യം ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ചെയ്തിട്ടുണ്ട്.
    അങ്ങ് വിഭാവനം ചെയ്ത മേല്‍പ്പറഞ്ഞ പരിഹാരങ്ങള്‍ കണക്കിലെടുത്ത്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി സിനഡ് നടത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയുടെ നിയമനം ക്രിയാത്മകമായും പ്രതീക്ഷയോടെയും സ്വീകരിക്കപ്പെട്ടു.

    ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ പരിഹാരം കാണുന്നതിനുവേണ്ടിയും, ഭാവിയില്‍ സാമ്പത്തിക വിനിമയത്തിലെ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ ഉറപ്പുനല്കിക്കൊണ്ട് മെത്രാപ്പോലീത്തന്‍ വികാരി എന്ന ഈ സഭാ ശുശ്രൂഷയ്ക്ക് നിയതമായ രൂപം നല്‍കാനും അതിരൂപതയുടെ നന്മയ്ക്കായി അതിന്റെ പങ്ക് നന്നായി നിര്‍വ്വചിക്കാനും ഉള്ള സമയം  സമാഗതമായിരിക്കുന്നു എന്നതിന് തെളിവാണിത്.

    ഓഗസ്റ്റ് 27ന് സിനഡ് സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ പരിശുദ്ധ പിതാവിനെ അറിയിച്ചിട്ടുണ്ട്. ഇത് 2019 ഓഗസ്റ്റ് 30ന് വത്തിക്കാനില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. അങ്ങയുടെ  ആഗ്രഹത്തിന് മറുപടിയായി താഴെപ്പറയുന്നവ അറിയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു:

    എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി, ബിഷപ്പ് ആന്റണി കരിയില്‍ CMIയ്ക്ക്, ഭരണസംവിധാനം, ധനകാര്യം, അജപാലന ശുശ്രൂഷ (ഉദാഹരണത്തിന് പുരോഹിതരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും) എന്നീ മേഖലകളില്‍, അതിരൂപതാ ആലോചനാ സംഘം,   അതിരൂപതാ  ധനകാര്യ കൗണ്‍സില്‍,  വൈദിക സമിതി,  പാസ്റ്ററല്‍ കൗണ്‍സില്‍ എന്നീ സമിതികളുടെ ആവശ്യമായുള്ള ആലോചനകളും അംഗീകാരങ്ങളും സ്വീകരിക്കുന്നതുള്‍പ്പെടെ നിയമം അനുശാസിക്കുന്നവ പാലിച്ചുകൊണ്ട്, മേല്‍ പറയപ്പെട്ട അതിരൂപതാ ഭരണസീമയ്ക്കുള്ളില്‍ പൂര്‍ണ്ണമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. 

    നിയമപരമായ എല്ലാ കാര്യങ്ങളിലും  അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിനിധീകരിക്കും. ഇപ്രകാരം, ആരാധനാക്രമകര്‍മങ്ങളിലുള്ള മുന്‍ഗണനയും അനാഫൊറയിലെ  അങ്ങയുടെ  പേരിന്റെ അനുസ്മരണവും എല്ലായ്‌പ്പോഴും നിലനിര്‍ത്തികൊണ്ട്, അങ്ങ് സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ പൊതുവായ ശുശ്രൂഷക്കായി  സ്വയം സമര്‍പ്പിക്കുന്നു. ഈ തീരുമാനം നിലവിലെ സാഹചര്യത്തിനായി എടുത്തിട്ടുള്ളതും, 2019 ഓഗസ്റ്റ് 30ന് നടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള വികാരിയുടെ നിയമന പ്രഖ്യാപനത്തിനും ഈ കത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിനും ഒപ്പം പ്രാബല്യത്തില്‍ വരുന്നതും ആണ്. പ്രത്യേക നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍, അപ്പസ്‌തോലിക സിംഹാസനത്തിന്റെ അംഗീകാരത്തിന് വിധേയമായി അത്തരം നിയമനിര്‍മ്മാണത്തിനുള്ള സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച്, ഈ സഭാസംവിധാനം ഭാവിയില്‍ സ്ഥിരമാക്കണമോ എന്നും അങ്ങയുടെ പിന്‍ഗാമികള്‍ക്കും ഇത് ബാധകമാകുമോ  എന്നും സീറോ-മലബാര്‍ സഭയുടെ സിനഡിന്  തിരുമാനിക്കാവുന്നതാണ്. 

    കൂടാതെ, നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ, ബിഷപ്പ് ആന്റണി കരിയില്‍ CMI യ്ക്ക് പരിശുദ്ധ പിതാവ് ”ആര്‍ച്ച് ബിഷപ്പ്” സ്ഥാനം നല്‍കുകയും ആ പദവിയിലേയ്ക്ക്  അദ്ദേഹത്തെ  ഈ അവസരത്തില്‍ ഉയര്‍ത്തുകയും,  മക്രിയാന മജ്ജോരെ (Macriana Maggiore) എന്ന സ്ഥാനികസിംഹാസനം അദ്ദേഹത്തിനായി നിര്‍ണ്ണയിക്കുകയും ചെയ്തിരിക്കുന്നു. 

    ഇന്ത്യയിലെ ബിഷപ്പുമാരുടെ ആസന്നമായ സന്ദര്‍ശനം (Ad Limina Apostolorum) കണക്കിലെടുത്ത്, യോജിപ്പും ഐക്യവും ഉടന്‍ തന്നെ പൂര്‍ണമായും എറണാകുളം-അങ്കമാലി അതിരൂപതയിലേക്ക് തിരികെ വരാനും എല്ലാവരുടെയും കണ്ണുകള്‍ക്ക് ദൃശ്യമാകാനും പൂര്‍ണഹൃദയത്തോടെ ഞങ്ങള്‍ ആശംസിക്കുകയും കര്‍ത്താവിനോട് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ബിജ്‌നോര്‍ ബിഷപ്പ്, മാണ്ഡ്യ ബിഷപ്പ്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി, ഫരീദാബാദിലെ സഹായ മെത്രാന്‍ എന്നിവരുടെ നിയമനങ്ങള്‍ സിനഡിലെ വ്യവസ്ഥകള്‍ പ്രകാരം പ്രസിദ്ധീകരിക്കുന്നതോടൊപ്പം 2019 ഓഗസ്റ്റ് 30ന് ഈ കത്തും പ്രസിദ്ധീകരിക്കാന്‍ ഞാന്‍ അങ്ങയോട്   അഭ്യര്‍ത്ഥിക്കുന്നു.സ്‌നേഹാദരങ്ങളോടെയും എന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടും ഞാന്‍ നിര്‍ത്തുന്നു,

    ഹൃദയപൂര്‍വ്വം,
    -sd-കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി       പ്രീഫെക്ട്  
    -sd-*സിറില്‍ വാസില്‍ എസ് .ജെ.*ആര്‍ച്ച്ബിഷപ് സെക്രട്ടറി

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!