ഒക്ടോബർ 12- ഔർ ലേഡി ഓഫ് സപോപ്പൻ ( പ്രതീക്ഷയുടെ മാതാവ്)
പടിഞ്ഞാറൻ മെക്സിക്കോയിലെ സപോപ്പൻ ഗ്രാമം ഇന്ന് ഗ്വാഡലഹാരയിൽ നിന്ന് നല്ലൊരു ഹൈവേക്ക് കുറച്ച് മൈലുകൾ അകലെയുള്ള, ശാന്തമായ ഒരു ചെറിയ സ്ഥലമാണ്. ഈ ശാന്തതയും ഭക്തിസാന്ദ്രമായ അന്തരീക്ഷവും, അവിടെ ഫ്യൂഡൽ ജില്ലയും ടോണല രാജാവിനായി കപ്പം മേടിക്കുന്ന സമ്പ്രദായവുമൊക്കെ നിലനിന്നിരുന്ന അധിനിവേശ കാലഘട്ടങ്ങൾക്ക് മുൻപ് അന്യമായിരുന്നിരിക്കണം. അക്കാലത്ത്, തദ്ദേശവാസികൾ ടാപിൻ്റ്സിൻ്റൽ (കുട്ടി ദൈവം) എന്ന വിഗ്രഹത്തെ ആരാധിച്ചിരുന്നു. 1530-ൽ ടൊണാല രാജ്യം നുനോ ഡി ഗുസ്മന് വഴങ്ങിയപ്പോൾ സപോപ്പൻ സ്പാനിഷ് ആധിപത്യത്തിന് കീഴിലായി. രാജ്ഞിയായിരുന്ന സിഹാപിലി സപോട്സിങ്കോ, തൻ്റെ ഭരണത്തിൻ കീഴിലുള്ള എല്ലാ മൂപ്പൻമാരോടും സ്പാനിഷ് ഭരണത്തെ അനുകൂലിക്കാൻ ഉത്തരവിട്ടു, പകുതിയോളം നേതാക്കന്മാർ ആ കല്പന അനുസരിക്കാൻ തയ്യാറായില്ല, യൂറോപ്യൻ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാനാണ് അവർ ഇഷ്ടപെട്ടത്. 1541-ലെ മിക്‌സ്‌ടൺ യുദ്ധം അവിടത്തെ ജനവാസം കുറയാൻ കാരണമായി. ലാൽറ്റെനാംഗോയിൽ നിന്നുള്ളവരെ സപോപ്പനിലേക്ക് പുനരധിവസിപ്പിക്കാൻ വൈസ്രോയിയുടെ അനുമതി ലഭിച്ചു, അങ്ങനെ മറ്റൊരു കലാപത്തിനുള്ള സാധ്യത കുറച്ചു.
1541 ഡിസംബർ എട്ടാം തീയതി, കരാർ അനുസരിച്ച് സപോപ്പനിലെ പ്യൂബ്ലോ പുനരധിവസിപ്പിക്കപ്പെട്ടു. മെക്സിക്കോയിൽ എത്തിച്ചേർന്നിരുന്ന ഫ്രാൻസിസ്കൻ മിഷനറി അൻ്റോണിയോ ഡെ സെഗോവിയ തദ്ദേശിയരുടെ ഭാഷയും രീതികളും പഠിച്ച ശേഷം, അമലോത്ഭവ മാതാവിന്റെ രൂപവും വഹിച്ച് അവരുടെയിടയിൽ പ്രവർത്തിക്കാൻ തുടങ്ങി.പത്തുവർഷമായി അത് അദ്ദേഹത്തിൻ്റെ അപ്പസ്തോലിക യാത്രകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മിക്‌സ്‌ടൺ യുദ്ധം പുരോഗമിച്ചു കൊണ്ടിരുന്നപ്പോൾ അൻ്റോണിയോ കഴുത്തിൽ പരിശുദ്ധ അമ്മയുടെ രൂപം ധരിച്ച്, തൻ്റെ മിഷനറി കൂട്ടാളിയായ മിഗ്വൽ ഡി ബൊളോണിയയ്‌ക്കൊപ്പം യുദ്ധം ചെയ്യുന്ന തദ്ദേശിയരുടെ ഇടയിലേക്ക് പോയി സ്‌പെയിൻകാരുമായി സമാധാനത്തിലാവാൻ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.
അൻ്റോണിയോ സഹോദരൻ പ്രസംഗിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ രൂപത്തിൽ നിന്ന് തിളങ്ങുന്ന രശ്മികൾ പുറപ്പെടുന്നത് ജനങ്ങൾ കണ്ടു, ഈ വസ്തുത, അദ്ദേഹത്തിൻ്റെ പ്രസംഗം പോലെ തന്നെ അവർ യുദ്ധം നിർത്താൻ കാരണമായി. മുപ്പത്തിയാറു മണിക്കൂറിനുള്ളിൽ അൻ്റോണിയോ ഡെ സെഗോവിയ, ആയുധം താഴെയിട്ട ആറായിരത്തിലധികം ജനങ്ങളെ മാപ്പുനൽകുന്നതിനായി വൈസ്രോയിയുടെ അടുത്തേക്ക് കൊണ്ടുവന്നു. അന്നുമുതൽ അൻ്റോണിയോ സഹോദരൻ പരിശുദ്ധ അമ്മയുടെ ആ രൂപത്തെ ‘ലാ പസിഫിക്കഡോറ’ എന്ന് വിളിച്ചു, ‘സമാധാനം ഉണ്ടാക്കുന്നവൾ’ എന്നാണ് അതിനർത്ഥം. പതിമൂന്ന് ഇഞ്ചിൽ കൂടുതൽ ഉയരമുള്ള രൂപം അമലോത്ഭവ മറിയത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കൊത്തിയുണ്ടാക്കിയ രൂപത്തിൽ മാതാവ് ഒരു ചന്ദ്രക്കലയിൽ ചവിട്ടി നിൽക്കുന്നതായി കാണിക്കുന്നു.
അവൾ ചുവന്ന കുപ്പായവും കടും നീല നിറത്തിൽ, സ്വർണ്ണ അരികുകളോട് കൂടിയ മേലങ്കിയും ധരിച്ചിരിക്കുന്നു.
ആ കലാസൃഷ്ടിയെ കണക്കിലെടുക്കുമ്പോൾ നമ്മൾ ഓർക്കേണ്ട കാര്യം, ഹാലിസ്‌കോ രാജ്യത്ത് ആദ്യമായി വണങ്ങപ്പെട്ട കന്യാമറിയത്തിന്റെ രൂപം ആണ് അത് എന്നതും മെക്സിക്കോയിൽ കത്തോലിക്കാവിശ്വാസം, ഒരു ചെറുവിത്തിൽ നിന്ന് വളർന്ന് അനേകശാഖകളുള്ള ഇന്നത്തെ രൂപം പ്രാപിക്കുന്നതിന് അത് സാക്ഷ്യം വഹിച്ചു എന്നുള്ളതുമാണ്. നാല് നൂറ്റാണ്ടുകളായി ഔർ ലേഡി ഓഫ് സപോപ്പൻ, ഹാലിസ്‌കോയിലെ ജനങ്ങൾക്ക് സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ വറ്റാത്ത ചാൽ ആണ്.
1653-ൽ, വസ്തുതകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഗ്വാഡലഹാരയിലെ ബിഷപ്പ് ഡോൺ ജുവാൻ റൂയിസ് കോൾമെനെറോ, രൂപത്തെ ‘അത്ഭുതശക്തിയുള്ളത്’ ആയി പ്രഖ്യാപിക്കുകയും ഡിസംബർ പതിനെട്ടാം തിയ്യതി ഔർ ലേഡി ഓഫ് സപോപ്പന്റെ കൊല്ലം തോറുമുള്ള തിരുന്നാളായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പേരിലാണ് മാതാവിന്റെ ആ രൂപം ഇന്നും വണങ്ങപ്പെടുന്നത്.
ഔവർ ലേഡി ഓഫ് സപോപ്പന്റെ മറ്റ് പേരുകളാണ് ഗ്വാഡലഹാരയുടെ മധ്യസ്ഥ, സൈന്യത്തിൻ്റെ ജനറൽ, ഹാലിസ്കോയുടെ രാജ്ഞി എന്നിവ. ആ പേരുകൾ ലഭിക്കാൻ കാരണമായ ചില സംഭവങ്ങളുമുണ്ട്.
പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഗ്വാഡലഹാരയെ ഭയങ്കരമായ ഒരു പകർച്ചവ്യാധി ബാധിച്ചു. ഔർ ലേഡി ഓഫ് സപോപ്പൻ്റെ രൂപം അതിരിക്കുന്ന ആലയത്തിൽ നിന്ന് ഗ്വാഡലഹാര കത്തീഡ്രലിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകാൻ ബിഷപ്പ് ഉത്തരവിട്ടു. ഈ ഘോഷയാത്രയെ തുടർന്ന്, പ്ലേഗ് പെട്ടെന്ന് നിലച്ചു. വീണ്ടും പലവട്ടം ഔർ ലേഡീ ഓഫ് സപോപ്പൻ, പ്ലേഗിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും മിന്നലിൽ നിന്നുമൊക്കെ അവിടത്തുകാർക്ക് രക്ഷയായിട്ടുണ്ട്.
ഇങ്ങനെയുള്ള അനേകം കാരണങ്ങളാൽ ഔർ ലേഡി ഓഫ് സപോപ്പനെ ഔദ്യോഗികമായി ഗ്വാഡലഹാരയുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു, പ്രത്യേകിച്ച് “കൊടുങ്കാറ്റുകൾ, മിന്നലുകൾ, പകർച്ചവ്യാധികൾ എന്നിവയിൽ നിന്നുള്ള രക്ഷക്കായി”.
1821-ൽ ജൂൺ പതിമൂന്നാം തിയതി, സ്വാതന്ത്ര്യം കിട്ടിയതിന് നന്ദിസൂചകമായി ഹാലിസ്കോ സർക്കാർ ഔവർ ലേഡി ഓഫ് സപോപ്പനെ, രാജ്യത്തിന്റെ ആർമി ജനറൽ ആയി ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ആ കൊല്ലം സെപ്റ്റംബർ പതിനഞ്ചാം തീയതി, സഭയുടെയും രാജ്യത്തിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാതാവിന്റെ അനുഗ്രഹീതരൂപത്തെ ആർമി ജനറലിന്റെ നീല പട്ടയും സ്വർണ്ണ ദണ്ഡും അണിയിച്ചു.
1919 ൽ ഔർ ലേഡി ഓഫ് സപോപ്പന് ഒരു പുതിയ ബഹുമതി ലഭിച്ചു, ഇത്തവണ അത് വത്തിക്കാനിൽ നിന്നായിരുന്നു. ആ വർഷം ജൂൺ പതിനേഴാം തിയതി, വത്തിക്കാൻ ചാപ്റ്റർ, ഔർ ലേഡി ഓഫ് സപോപ്പൻ്റെ കാനോനിക്കൽ കിരീടധാരണം പ്രഖ്യാപിച്ചു. ഗ്വാഡലഹാരയിലെ കത്തീഡ്രലിലുള്ള മാതാവിന്റെ ആ രൂപത്തിൽ ഒരു സ്വർണ്ണ കിരീടം ചാർത്തപ്പെട്ടു.