ഒക്‌ടോബർ 16 – ഔർ ലേഡി ഓഫ് മിലാൻ (മിലാനിലെ മാതാവിന്റെ) ദേവാലയത്തിന്റെ സമർപ്പണം – മാർട്ടിൻ അഞ്ചാമൻ പാപ്പ (1417)
ആശ്രമാധിപതി ഓർസിനി എഴുതി: “1417-ൽ മാർട്ടിൻ അഞ്ചാമൻ പാപ്പയുടെ ഔർ ലേഡി ഓഫ് മിലാൻ സമർപ്പണം. 1388-ൽ മിലാൻ പ്രഭുവായ ജോൺ ഗാലിയസാണ് ഈ പള്ളി പണിതത്.”
മിലാൻ ഒരു ക്രൈസ്തവ മതകേന്ദ്രമായിരുന്ന AD നാലാം നൂറ്റാണ്ട് മുതൽ തന്നെ വേരുകളുള്ള ഒരു ഗോഥിക് കത്തീഡ്രലാണ് അതിഗംഭീരമായ മിലാൻ കത്തീഡ്രൽ. ഇന്നിത് യൂറോപ്പ് മുഴുവനിലെ തന്നെ ഏറ്റവും പ്രശസ്തവും എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്നതുമായ നിർമ്മിതികളിലൊന്നാണ്.
ദൈവമാതാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇപ്പോഴുള്ള കത്തീഡ്രൽ പണിയാനാരംഭിച്ചത് 14-ആം നൂറ്റാണ്ടിലാണ്, എന്നാൽ 20-ആം നൂറ്റാണ്ടിലാണ് പൂർത്തീകരിക്കപ്പെട്ടത്, അതും അവസാനത്തെ ഗേറ്റിന്റെ പണി കഴിഞ്ഞത് 1965-ൽ ആണ്. സാക്ഷാൽ നെപ്പോളിയൻ ബോണപ്പാർട്ട് ചക്രവർത്തി 1805-ൽ തന്നെ അതിന്റെ മുൻവശം തീർക്കാൻ ഉത്തരവിട്ടിരുന്നു, കാരണം മനോഹരമായ ആ നിർമ്മിതി പൂർത്തീയായി കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. പണിക്കുള്ള പണം ഫ്രഞ്ചുകാർ വഹിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി, പക്ഷേ ആ ഉറപ്പ് ഒരിക്കലും പാലിച്ചില്ലെന്ന് മാത്രം. പണി പൂർത്തിയാക്കാൻ പിന്നെയും ഏഴു വർഷമെടുത്തു. ചായമടിച്ച ചില്ലു ജാലകങ്ങളും വിവിധ കമാനങ്ങളും ലേസ് പോലുള്ള ഗോപുരഭാഗങ്ങളും ഉൾപ്പെടെ പിന്നീട് പല കൂട്ടിച്ചേർക്കലുകളും ഉണ്ടായി. കത്തീഡ്രലിൻ്റെ പ്രധാന ഗോപുരത്തിന് മുകളിൽ സ്വർണ്ണം പൂശിയ വെങ്കലത്തിൽ തീർത്ത പരിശുദ്ധ കന്യകയുടെ ഒരു വലിയ രൂപമുണ്ട്. ചുരുക്കത്തിൽ, കത്തീഡ്രൽ പൂർത്തിയാക്കാൻ 6 നൂറ്റാണ്ടുകൾ ആവശ്യമായി വന്നെന്നും ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളിൽ ഒന്നാണതെന്നും പറയാം.
ഔർ ലേഡി ഓഫ് മിലാൻ
335-ൽ തന്നെ പണികഴിപ്പിച്ചിട്ടുണ്ടായിരുന്ന ഒരു പഴയ ജ്ഞാനസ്‌നാനകേന്ദ്രം ഉണ്ടെങ്കിലും, ഈ സ്ഥലത്തെ ആദ്യത്തെ പള്ളി പണികഴിപ്പിച്ചത് വിശുദ്ധ അംബ്രോസാണ്. 1388 എന്നും പറഞ്ഞുള്ള കത്തീഡ്രലിൻ്റെ കാലനിർണയത്തിൽ ആശ്രമാധിപതിയ്ക്ക് തെറ്റ് പറ്റിയെന്നു തോന്നുന്നു, കാരണം പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശിലാഫലകത്തിൽ ‘1386-ൽ മിലാൻ കത്തീഡ്രലിൻ്റെ തുടക്കം’ എന്ന്
രേഖപ്പെടുത്തിയിരിക്കുന്നു.
മിലാൻ കത്തീഡ്രലിൽ ക്രിസ്തുവിനെ ക്രൂശിക്കാൻ ഉപയോഗിച്ച ഒരു വിശുദ്ധ ആണി ഉണ്ട്. കമാനത്തിനു മുകളിലുള്ള താഴികക്കുടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ചുവന്ന വെളിച്ചത്താൽ ഇത് അടയാളപ്പെടുത്തിയിരിക്കുന്നു.
എഴുത്തുകാരനായ മാർക്ക് ട്വെയിൻ ഇതിനെക്കുറിച്ച് പറഞ്ഞു: “ഇത് എന്തൊരു അത്ഭുതമാണ്! എന്തൊരു പ്രൗഢി, എത്ര പാവനം, എത്ര വിസ്താരമുള്ളത്! എന്നിട്ടും എത്ര ലോലവും, വായുസഞ്ചാരമുള്ളതും, ആകർഷകവുമാണ്! ഇത്ര ഉറപ്പുള്ള, ഘനമുള്ള ഒരു ലോകം, എങ്കിലും തോന്നുന്നു… ഒന്ന് ഊതിയാൽ അപ്രത്യക്ഷമായേക്കാവുന്ന പൊടിമഞ്ഞിന്റെ ഒരു മായാവലയം ആണെന്ന്!”
കത്തീഡ്രൽ പൂർത്തിയാക്കാൻ ദീർഘകാലം എടുത്തതിനാൽ, കാലാകാലങ്ങളിൽ പണിയെടുത്ത തൊഴിലാളികളുടെ സ്നേഹപൂർവമായ അദ്ധ്വാനത്തിന്റെ, ശ്വാസം നിന്നുപോകുന്ന വ്യത്യസ്ത ശൈലികളുടെ, വിസ്മയകരമായ മിശ്രിതമാണത്!