നസ്രായന്റെ അമ്മയ്ക്കു റോസാ പൂക്കൾ കൊണ്ട് നമുക്കൊരുമിച്ചു ഒരുക്കാം സമ്മാനം . ആദ്യത്തെ സക്രാരിയാവാൻ ഇടം നൽകിയ പരിശുദ്ധഅമ്മയെ നമ്മൾ കണ്ടിട്ടുണ്ട് .. രക്ഷാകര പദ്ധതിയിൽ ഭാഗമാകാൻ വിളിക്കപ്പെട്ട അമ്മയുടെ അനുസരണമവിടെ തുടങ്ങുകയായിരുന്നു.
പിന്നീടങ്ങോട്ട് കാൽവരിവരെ അനുസരണത്തിനു അക്ഷരം തെറ്റാതെ ഉത്തരം കൊടുത്തവളാണ് പരിശുദ്ധ അമ്മ. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കുറ്റങ്ങളോ കുറവുകളോ പറയാതെ തർക്കങ്ങൾക്കോ വാദപ്രതിവാദങ്ങൾക്കോ നിൽക്കാതെ എല്ലാം നിശബ്‌ദമായി അനുസരിച്ചവൾ. ദൈവഹിതത്തിനു പൂർണമായി വിട്ടുകൊടുത്തവൾ.
പ്രിയപ്പെട്ടവരേ, അനുസരണം എന്ന വാക്കിന് വലിയ സ്ഥാനമുണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ. അനുസരണത്തിനു അപരന്റെ വാക്കുകളെ മാനിക്കുക എന്നൊരു അർത്ഥം കൂടി ഉണ്ട്. നമ്മുടെ ഒക്കെ കുടുബങ്ങളിൽ തുടങ്ങി സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് നാമോരുത്തരും. പലപ്പോഴും അപരന്റെ വാക്കിനെ മാനിക്കുന്നതിനു പകരം പരാതികൾ പറയാനും കുറ്റങ്ങൾ കണ്ടു പിടിക്കാനും നമ്മുടെ പിടിവാശികൾ ജയിക്കാനുമൊക്കെ ആയിരുന്നില്ലേ നമ്മൾ മുന്നിൽ നിന്നിരുന്നത്.
അനുസരണത്തിനു പകരം വാക്കുകളോട് തർക്കിക്കാൻ ആയിരുന്നില്ലേ നമുക്കിഷ്ടം. നമുക്കൊന്നു മാറിചിന്തിക്കാം പ്രിയപെട്ടവരേ അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമെന്ന് പഠിപ്പിച്ച നസ്രായനെയും അനുസരണത്തിനു കാൽവരിയോളം ഉത്തരം കൊടുത്ത പരിശുദ്ധ അമ്മയെയും നമുക്കു പിൻചെല്ലാം.
എല്ലാവരെയും നസ്രായൻ പരിശുദ്ധ അമ്മ വഴി സമൃദ്ധമായി അനുഗ്രഹിക്കട്ടെ
നസ്രായന്റെ അമ്മയ്ക്കു രണ്ടു റോസാപൂക്കൾ
സമ്മാനമായി നൽകാം (രണ്ടു നന്മ നിറഞ്ഞ മറിയമേ ചൊല്ലുക )
ഫാ. അനീഷ് കരിമാലൂർ