ഒക്ടോബർ 27- ഔർ ലേഡി ഹെൽപ്പ് ഓഫ് ക്രിസ്റ്റ്യൻസ് (ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ) ബസിലിക്കയുടെ പ്രതിഷ്ഠ, ഇറ്റലിയിലെ ടൂറിനിൽ വിശുദ്ധ ജോൺ ബോസ്കോ പണി കഴിപ്പിച്ചത് (1868)
1863 നും 1868 നും ഇടയിൽ വിശുദ്ധ ജോൺ ബോസ്കോ പണി കഴിപ്പിച്ച, ഇറ്റലിയിലെ ടൂറിനിലുള്ള, മാതാവിന്റെ വിശാലവും ഗംഭീരവുമായ ബസിലിക്ക, 1844 ഒക്ടോബറിൽ അദ്ദേഹം കണ്ട സ്വപ്നദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പരിശുദ്ധ കന്യക ഡോൺ ബോസ്കോയെ വലുതും മഹോന്നതവുമായ ഒരു ദൈവാലയം കാണിച്ചിട്ട് പറഞ്ഞു, “ഇത് എൻ്റെ ഭവനമാണ് ; അത് മഹത്വത്താൽ വിളങ്ങുന്നു. ഇപ്പോൾ മനക്കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്നത്, പിന്നീട് യഥാർത്ഥ നേത്രങ്ങൾ കൊണ്ട് കാണുമ്പോൾ നിനക്ക് എല്ലാം മനസ്സിലാകും”.
പത്തൊൻപത് വർഷങ്ങൾക്ക് ശേഷം, ഡോൺ ബോസ്കോ ഒടുവിൽ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ദൈവാലയത്തിനായി ശ്രമം തുടങ്ങി. രണ്ടാമത്തെ ദർശനത്തിൽ പരിശുദ്ധ അമ്മ, അതിനായുള്ള സ്ഥലവും തിരഞ്ഞെടുത്തു കാണിച്ചു കൊടുത്തു. നാലാം നൂറ്റാണ്ടിൽ മാക്‌സിമിയാനുസ് ചക്രവർത്തിയുടെ കീഴിലുള്ള പട്ടാളക്കാരായിരുന്ന വിശുദ്ധ അഡ്വെൻ്റർ, സൊലൂട്ടർ, വിശുദ്ധ ഒക്ടേവിയസ് എന്നിവർ രക്തസാക്ഷിത്വം സ്വീകരിച്ച ഇടമായിരുന്നു അത്.
പള്ളിയുടെ അടിത്തറ പാകിയപ്പോൾ, ഡോൺ ബോസ്കോ കോൺട്രാക്ടറായ ചാൾസ് ബുസെറ്റിയുടെ അടുത്ത് ചെന്ന് പറഞ്ഞു, “ഇത്രയും നല്ല ജോലിക്കുള്ള പണം ഒറ്റയടിക്ക് തന്നെ നിങ്ങൾക്ക് തരണമെന്നുണ്ടെനിക്ക്. ഇത് കൂടുതലാണോ എന്നെനിക്കറിയില്ല, എന്റെ കയ്യിൽ ഇപ്പോൾ ആകെയുള്ളത് ഇതാണ് “.
എന്നിട്ട് അദ്ദേഹം, ഒരുപിടി സ്വർണ്ണനാണയങ്ങൾ ഇപ്പോൾ കയ്യിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന കരാറുകാരൻ്റെ കയ്യിലേക്ക് തൻ്റെ ഒരു ചെറിയ പേഴ്‌സ് തുറന്ന് ഉള്ളതെല്ലാം കുടഞ്ഞിട്ടു. വെറും എട്ട് ചില്ലിക്കാശ് മാത്രം കയ്യിൽ കണ്ടപ്പോൾ അവൻ വാ പൊളിച്ചു പോയി.”പേടിക്കണ്ട”, ഡോൺ ബോസ്കോ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു, “മഡോണയുടെ പള്ളിയുടെ കാര്യം അവൾ തന്നെ നോക്കിക്കൊള്ളും. ഞാൻ വെറുമൊരു ഉപകരണം, കാഷ്യർ മാത്രം”. എന്നിട്ട് അടുത്തു നിന്നവരോട് അദ്ദേഹം പറഞ്ഞു, “നിങ്ങളൊക്കെ അത് കാണും!”
” പള്ളിയുടെ മുഴുവൻ പണിയും പൂർത്തിയാക്കാൻ കഴിഞ്ഞത് മറിയം ചൊരിഞ്ഞ കൃപയാലാണ്”, ഡോൺ ബോസ്കോ മിക്കപ്പോഴും പറയുമായിരുന്നു. അന്ന് ചിലവായ പണത്തിന്റെ ആറിലൊന്നായ അന്നത്തെ ഏകദേശം പത്തുലക്ഷം ലിറ, ഉദാരമായി സംഭാവന ചെയ്തവരും ഭക്തരായ വ്യക്തികളും ചേർന്ന് വഹിച്ചതാണ്. ബാക്കിയുള്ളത് ആരോഗ്യം, കച്ചവടം, കുടുംബകാര്യങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ പരിശുദ്ധ അമ്മയുടെ സഹായം ലഭിച്ചവർ നൽകിയ ചെറിയ നേർച്ചപണത്തിൽ നിന്ന് സ്വരൂപിച്ച പൈസയാണ്.
“ഓരോ കല്ലും,ഓരോ അലങ്കാരവും, അവളുടെ കൃപകളിൽ ഏതെങ്കിലും ഒന്നിനെ പ്രതിനിധീകരിക്കുന്നു”. ഡോൺ ബോസ്കോ പറഞ്ഞു. എട്ട് പെന്നി മാത്രം അന്ന് കൈപ്പറ്റിയ ആ കരാറുകാരൻ പിന്നീട് സാക്ഷ്യപ്പെടുത്തി, “പള്ളിക്ക് വേണ്ട അവസാന പെന്നി (തുട്ട്) പോലും ലഭിച്ചു എന്നുള്ളതാണ്.”
പള്ളിയിലെ സ്മാരകങ്ങളിൽ, പ്രധാന അൾത്താരയ്ക്ക് മുകളിലുള്ള പെയിൻ്റിംഗാണ് ഏറ്റവും മനോഹരമായത്. അതിലെ മധ്യഭാഗം, ക്രിസ്ത്യാനികളുടെ സഹായമായ നമ്മുടെ അനുഗ്രഹീത കന്യക അലങ്കരിക്കുന്നു. പിന്നെ ചുറ്റിനും പ്രതീകങ്ങളാണ്, പിതാവായ ദൈവം, പരിശുദ്ധാത്മാവ്, അപ്പോസ്തലന്മാർ, സുവിശേഷകന്മാർ, അങ്ങനെ. 33 അടിയിൽ കൂടുതൽ, ചതുരാകൃതിയിലുള്ള, അരികുകളിൽ സ്വർണ്ണം പിടിപ്പിച്ചിരിക്കുന്ന പെയിന്റിംഗ് ആണ് അത്.
‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ’ പേരിൽ, അല്ലെങ്കിൽ അവളോടുള്ള ആദരസൂചകമായി പള്ളി പണിയുന്ന പദ്ധതിക്കെതിരെ, വലിയ എതിർപ്പുണ്ടായിരുന്നു, പക്ഷേ ഡോൺ ബോസ്കോയുടെ നിർബന്ധമായിരുന്നു അത്. 1571 ഒക്ടോബർ 7ന് ലെപ്പന്റോയിലും 1683 സെപ്റ്റംബർ 12 ന് വിയന്നയിലും വേണ്ടിവന്നതുപോലെ, അധികം വിദൂരമല്ലാത്ത ഭാവിയിൽ, സലേഷ്യൻ സഭയും ലോകം മുഴുവനും തന്നെ മാതാവിന്റെ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ, ശക്തമായ സംരക്ഷണത്തിൽ കീഴിൽ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് പ്രകൃത്യാതീതമായ അറിവുണ്ടായിരുന്നതു പോലെയായിരുന്നു തോന്നിച്ചിരുന്നത്.
ഡോൺ ബോസ്‌കോ വിജയിച്ചു, അതിവിശാലമായ പള്ളി 1868 ജൂൺ 9-ന് വെഞ്ചിരിക്കുകയും സമർപ്പിക്കുകയും ചെയ്തു. സമർപ്പണ ആഘോഷങ്ങളും ചടങ്ങുകളും ഒമ്പത് ദിവസം നീണ്ടുനിന്നു.
പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്ക് ടൂറിനിലെ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പള്ളി പ്രസിദ്ധിയാർജിച്ചിരുന്നു. 1911-ൽ പീയൂസ് പത്താമൻ പാപ്പ അതിനെ ബസിലിക്കയായി ഉയർത്തിക്കൊണ്ട് അതിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്ക!