ഒക്ടോബർ 29 – ഔർ ലേഡി ഓഫ് ഒറോപ്പ, വെർച്ചേല്ലി, ഇറ്റലി (380)
സവോയ്ലെ ബിയെല്ലക്കടുത്തുള്ള ഒറോപ്പ മാതാവ്, ആറടി ഉയരത്തിൽ ദേവദാരു കൊണ്ടുള്ള ഈ രൂപം,
380-ൽ ബെർസെല്ലിയിലെ ബിഷപ്പ് വിശുദ്ധ യൂസേബിയസ് നിർമ്മിച്ച ചാപ്പലിലാണ്. ആര്യന്മാർ കാരണം ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അദ്ദേഹം അവിടെ പോയി താമസിക്കാറുണ്ടായിരുന്നു.
ബിയേല്ലയുടെ വടക്ക് ആൽപ്‌സിൽ ഉയർന്ന് നിൽക്കുന്ന ഒറോപ്പയിലെ കറുത്ത കന്യകയുടെ ദൈവാലയം പാരമ്പര്യം അനുസരിച്ച്, 371-ൽ അന്തരിച്ച വെർച്ചേല്ലിയിലെ വിശുദ്ധ യൂസേബിയസുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ കഥയുടെ സാഹചര്യങ്ങൾ കാലഘട്ടത്തിന് അത്ര യോജിക്കാത്തതാണ്. ഈ ദേവാലയം എന്തായാലും പഴയതാണ്, മധ്യകാലഘട്ടത്തിലുടനീളം കാനൻ റെഗുലർ സഭാസമൂഹം ദൈവാലയത്തോട് ചേർന്നു പ്രവർത്തിച്ചിരുന്നു.
പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സവോയിലെ പ്രഭുക്കന്മാരാണ് ഇന്ന് അവിടെയുള്ള വിശാലമായ കെട്ടിടങ്ങൾക്ക് പിന്നിൽ, ഇതെല്ലാം ചേർന്ന് ലോകത്തിലേക്ക് തന്നെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി അതിനെ മാറ്റി (ഒരു സിനിമാ തിയേറ്റർ പോലും അവിടെ ഉണ്ട്).
കറുത്ത ചായം പൂശിയ ദേവദാരു പ്രതിമ നാലു തവണയാണ് കിരീടമണിഞ്ഞത്, അവസാനമായി 1920-ൽ; ഒന്നിനു മുകളിൽ ഒന്നായി വച്ച മൂന്ന് കിരീടങ്ങൾ (നാലാമത്തേത് പന്ത്രണ്ട് നക്ഷത്രങ്ങളുടെ ഒരു വലയം തന്നെ തീർത്തിരിക്കുന്നു ശിരസ്സിന് ചുറ്റും) ചിത്രത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കുമെന്ന് പക്ഷേ പറയാനാവില്ല.
ജറുസലേമിൽ ഒറോപ്പ മാതാവിൻ്റെ പ്രതിമ കണ്ടെത്തിയത് ഇങ്ങനെയാണ്:
ആര്യന്മാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സിറിയയിലേക്ക് നാടുകടത്തപ്പെട്ട വിശുദ്ധ യൂസേബിയസ് 370-ൽ മരിച്ചു. പ്രവാസത്തിലായിരുന്നപ്പോൾ കോൺസ്റ്റൻ്റൈൻ ചക്രവർത്തി അദ്ദേഹത്തിന് കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ജറുസലേമിലെ ചില അവശിഷ്ടങ്ങൾക്കിടയിൽ പരിശുദ്ധ അമ്മയുടെ മൂന്ന് രൂപങ്ങൾ യൂസേബിയസ് കണ്ടെത്തി. ആര്യൻമാരെ താൽക്കാലികമായി അട്ടിമറിച്ചതിന് ശേഷമുള്ള വിജയകരമായ തിരിച്ചുവരവിൽ, അദ്ദേഹം രണ്ട് പ്രതിമകൾ എവിടേക്കോ കൊടുത്തെങ്കിലും മൂന്നാമത്തേത് തനിക്കായി സൂക്ഷിച്ചു, അദ്ദേഹം ഇടക്കൊക്കെ സന്ദർശിച്ചിരുന്ന ഒറോപ്പയിലെ ഒരു ചെറിയ ആശ്രമത്തിൽ സ്ഥാപിച്ചു.
അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും ആര്യനിസം തല പൊക്കിയപ്പോൾ, കത്തോലിക്കാ വിശ്വാസികൾ ഒറോപ്പ മാതാവിൻ്റെ ദേവാലയത്തിൽ അഭയം പ്രാപിച്ചു.
ഒരു സമയത്ത് ഒറോപ്പ മാതാവിന്റെ രൂപത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. അതിനായി ഘോഷയാത്ര മുന്നോട്ട് നീങ്ങിയപ്പോൾ, രൂപം ചുമക്കുന്ന ആളുകൾക്ക് മുന്നോട്ട് പോകാൻ കഴിയാത്തവിധം രൂപത്തിന് ഭാരം കൂടി. ഒറോപ്പയിലെ ദേവാലയത്തിലേക്ക് മാതാവിനെ തിരികെ കൊണ്ടുപോകാൻ അവർ തീരുമാനിച്ചപ്പോൾ മാത്രമാണ് അവർക്ക് നീങ്ങാൻ കഴിഞ്ഞത്.
ഒറോപ്പയിലെ മാതാവിന്റെ ചാപ്പൽ മനോഹരമായ ഒന്നാണ്, നൂറ്റാണ്ടുകളായി ചെയ്തുവരുന്നത് പോലെ ആയിരക്കണക്കിന് തീർഥാടകർ ഇന്നും അവിടെ സന്ദർശിച്ചു കൊണ്ടിരിക്കുന്നു.
ദേവാലയത്തിന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ 1856-ൽ തിരുസംഘം അധികാരികളോട് ആവശ്യപ്പെട്ടു. ആ പട്ടിക നീളമേറിയതും ആകർഷകവുമാണ്. അന്നും ഒറോപ്പ മാതാവിലൂടെ ഇപ്പോഴുള്ള പോലെ അവളുടെ ദിവ്യപുത്രനിലേക്ക് ഒരു വഴിയുണ്ട്.