നവംബർ 7 – ഔർ ലേഡി ഓഫ് ദി പോണ്ട് (കുളത്തിലെ മാതാവ് ), ഡീഷോൺ, ഫ്രാൻസ് (1531)
മഠാധിപതി ഓർസിനി എഴുതി: “1531-ൽ ആണ് മണ്ണിൽ ചുട്ട ഈ രൂപം കണ്ടെടുത്തത്. ഒരു കാള എപ്പോഴും ആ സ്ഥലത്ത് മേഞ്ഞിരുന്നു, എങ്കിലും പുല്ല് ഒട്ടും കുറവില്ലാതെ സമൃദ്ധമായി അവിടെ കാണപ്പെട്ടതാണ് അവിടം ശ്രദ്ധിക്കാൻ കാരണമായത്”.
ബർഗണ്ടിയിലെ ഡീഷോണിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെ വെലാർസിലെ ഊഷ് താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചാപ്പലാണ് ഔർ ലേഡി ഓഫ് ദി പോണ്ട് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ നോട്രഡാം ഡെ ലിറ്റാങ് (കുളത്തിലെ മാതാവ്). ഇത് ഇപ്പോഴും ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന ഈ ചാപ്പൽ പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്.
1435, ജൂലൈ 2 ന് (1531 അല്ല) കന്യകാമറിയത്തിന്റെയും ഉണ്ണീശോയുടെയും കുഴിച്ചിട്ടിരുന്ന രൂപം കണ്ടെത്തി. ഇത് കല്ലുകൊണ്ട് നിർമ്മിച്ചതാണ്, മുസ്ലീം അധിനിവേശകാലത്ത് അവിടെ ഒളിപ്പിച്ചതായിരിക്കണം. ഡീഷോണിലെ വിശുദ്ധ ബെനിഞ്ഞേയുടെ ആശ്രമത്തിലെ ബെനഡിക്റ്റൈനുകളാണ് അത്ഭുതരൂപം സ്ഥാപിക്കുന്നതിനുള്ള ആദ്യത്തെ ചാപ്പൽ നിർമ്മിച്ചത്. ഔർ ലേഡി ഓഫ് ദി പോണ്ട് ആ പ്രദേശത്തെ പ്രധാന ആരാധനാലയമായി മാറി. അവിടത്തെ പരിശുദ്ധ കന്യകക്കായി, ഒരു പ്രാർത്ഥന രചിച്ച വിശുദ്ധ ഫ്രാൻസിസ് സാലസ് ഉൾപ്പെടെ, നിരവധി പ്രശസ്തരായ ആളുകൾ അവിടെ തീർത്ഥാടനത്തിനായി പോയിരുന്നു.
1791-ൽ, കത്തോലിക്കാ വിരുദ്ധ ഭീകരത നടമാടിയ ഫ്രഞ്ച് വിപ്ലവസമയത്ത്, ആശ്രമവും ചാപ്പലും വിൽക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. സ്മരണ നിലനിർത്താൻ ചാപ്പൽ നിന്നിരുന്ന സ്ഥലത്ത് പിന്നീട് ഒരു കൽക്കുരിശ് സ്ഥാപിച്ചു. അക്കാലത്ത്, ഔർ ലേഡി ഓഫ് ദി പോണ്ടിൻ്റെ രൂപം അടുത്തുള്ള ഇടവകകളിലെ വൈദികരെയാണ് ഏൽപ്പിച്ചിരുന്നത്.
അത്ഭുതരൂപത്തിന്റെ ദേവാലയം പിന്നീട് എന്നേക്കുമായി വെലാർസ് പള്ളിയിലേക്ക് മാറ്റി, 1861-ൽ അതിന് വേണ്ടി തന്നെ അത് പുനർനിർമിച്ചിരുന്നു. അൽത്താരക്ക് പിന്നിൽ കട്ടിയുള്ള ഇരുമ്പ് ഗേറ്റിന് പുറകിലാണ് പരിശുദ്ധ അമ്മയുടെ രൂപത്തെ വച്ചിരിക്കുന്നത്. ഭക്തരുടെ നേർച്ച കാഴ്ചകൾ ചുവരുകളെ മൂടുന്നു.
2002 മേയ് മുതൽ അടച്ചിട്ടിരിക്കുകയാണെങ്കിലും, നോട്രഡാം ഡെ ലിറ്റാങ്ങ് ചാപ്പൽ വളരെക്കാലമായി തീർത്ഥാടകരുടെ ലക്ഷ്യസ്ഥാനമാണ്. കല്ലുകളിൽ വിള്ളലുകൾ ഉണ്ടാവുകയും തകരുകയും ചെയ്യുന്നത് അന്വേഷിച്ചപ്പോൾ ചാപ്പലിന്റെ നിർമ്മാണത്തിൽ വലിയ ഘടനാപരമായ വൈകല്യങ്ങൾ ഉണ്ടെന്ന് ഒരു പഠനം വെളിപ്പെടുത്തി. അറ്റകുറ്റപ്പണികൾ വിജയകരമായാൽ ചാപ്പൽ വീണ്ടും തുറക്കും.
വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ പ്രാർത്ഥന:
“പരിശുദ്ധ കന്യകേ, ദൈവമാതാവേ, സ്വർഗ്ഗ ഭൂലോകങ്ങളുടെ രാജ്ഞി,
അങ്ങിൽ ശരണപ്പെടുന്നവരുടെയെല്ലാം അഭയമായവളേ, അത്ഭുതശക്തിയുള്ള, നിന്റെ കുളത്തിന്റെ രൂപത്തിന്റെ കാൽക്കൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു. ഞങ്ങളുടെ വഴികാട്ടിയും രാജ്ഞിയുമായി നിന്നെ ഞങ്ങൾ സ്വീകരിക്കുന്നു, ഇനിയുള്ള ഞങ്ങളുടെ ജീവിതത്തിൽ ഏറ്റം വിശ്വസ്തതയോടെയും സ്നേഹബഹുമാനത്തോടെയും നിന്നെ സേവിച്ചുകൊള്ളാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിന്റെ പ്രത്യേക സംരക്ഷണത്തിൻ കീഴിൽ ഞങ്ങളുടെ ആത്മശരീരങ്ങളെ കാഴ്ച വെക്കുന്നു.
നിന്റെ മാധ്യസ്ഥത്താൽ, നിന്റെ യോഗ്യതയാൽ, ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിന്റെ ഹിതാനുസരണം ആകാനും നിന്റെ ദിവ്യസുതന് സ്വീകാര്യമാകാനും വേണ്ടി, ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ചിന്തകളും ആഗ്രഹങ്ങളും വാക്കുകളും ചെയ്തികളും ജീവിതത്തിന്റെ ഗതിയും അവസാനവും നിന്റെ കൈകളിലേക്ക് തരുന്നു. ഞങ്ങളുടെ ഇനിയുള്ള ജീവിതയാത്രയിലും മരണനേരത്തും നിന്റെ പ്രത്യേക സംരക്ഷണത്തിന്റെ ബഹുമതി ഞങ്ങൾക്ക് തരണമേയെന്ന് ഞങ്ങൾ യാചിക്കുന്നു”.