നവംബർ 9- ഔർ ലേഡി ഓഫ് അൽമുദേന, മാഡ്രിഡ്, സ്പെയിൻ
പാരമ്പര്യമനുസരിച്ച്, കന്യാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി വിശുദ്ധ നിക്കോദേമൂസ്, ദേവദാരുവും ചൂരൽച്ചെടിയും ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണ് അൽമുദേനയിലെ മാതാവ്. അത് ബഹുവർണ്ണ ശില്പമാക്കിയെടുത്തത് വിശുദ്ധ ലൂക്കായാണ്. അപ്പസ്തോലനായ വിശുദ്ധ യാക്കോബ് അത് വിശുദ്ധ കാലോസിറോയ്ക്ക് നൽകി, അദ്ദേഹമാണെങ്കിൽ ഒരു ചാപ്പൽ പണിത് ആ രൂപത്തെ സ്ഥാപിച്ചിരിക്കുന്നത്, മാഡ്രിഡിലെ ഇപ്പോഴത്തെ കുവേസ്റ്റ ഡി ലാ വേഗയുടെ ഉയരത്തിലാണ്. സ്പെയിനിലെ ക്രിസ്ത്യാനികൾ വലിയ രീതിയിൽ പീഡനം അനുഭവിച്ച സമയത്തും ഈ ദൈവാലയം അശുദ്ധമാക്കപ്പെട്ടിരുന്നില്ല. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ കാലത്ത് ഇതിനെ വലിയൊരു പള്ളിയാക്കി മാറ്റി.
എട്ടാം നൂറ്റാണ്ടിലെ അറബ് അധിനിവേശ സമയത്ത്, അന്ന് മാഡ്രിഡിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ, മറിയത്തിന്റെ രൂപം അശുദ്ധമാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടി ഭിത്തി തുരന്ന് അത് മറച്ചുവച്ചു. 714-ൽ തിരുസ്വരൂപത്തെ വെച്ച് അവിടമാകെ മൂടിയതിനാൽ, അവിടം ചെറിയ അറ്റകുറ്റപണി നടക്കുന്നത് പോലെ മാത്രമാണ് തോന്നിച്ചിരുന്നത്.
മൂന്നര നൂറ്റാണ്ടോളം മുഹമ്മദീയർ മാഡ്രിഡിലുണ്ടായിരുന്നു. ദേവാലയത്തെ അവർ തരക്കേടില്ലാത്ത രീതിയിൽ ഒരു മോസ്‌കായി മാറ്റിയിരുന്നു,1083-ൽ മാഡ്രിഡിനെ കീഴടക്കിയ അൽഫോൻസോ ആറാമൻ രാജാവ്, പഴയ ദേവാലയം ശുദ്ധീകരിച്ച് മറിയത്തിന് പ്രതിഷ്ഠിച്ച ഒരു പള്ളിയാക്കി അതിനെ മാറ്റി. കാണാതായ രൂപത്തിന് പകരം പ്രധാന ചാപ്പലിൻ്റെ ചുവരിൽ, പരിശുദ്ധ കന്യകയുടെ ചിത്രം വരയ്ക്കാൻ അൽഫോൻസോ രാജാവ് ഉത്തരവിട്ടു. നൂറ്റാണ്ടുകൾ കടന്നുപോകവേ, തിരുസ്വരൂപം എവിടെയാണ് മറച്ചു വെച്ചതെന്നുള്ള അറിവുകൾ കൈമോശം വന്നിരുന്നു.
ഏറെ ശ്രമങ്ങൾക്ക് ശേഷവും തിരുസ്വരൂപത്തെക്കുറിച്ച് ഒരറിവുമില്ലാതെ വന്നപ്പോൾ, രാജാവ് നൊവേനപ്രാർത്ഥനകളും, ഉപവാ സങ്ങളും, പ്രായശ്ചിത്തങ്ങളും, ദാനധർമ്മങ്ങളും നടത്തിക്കൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് ഒരു ഉത്തരം കണ്ടെത്താൻ ശ്രമിച്ചു. നവംബർ 9, 1085ൽ നൊവേനയുടെ സമാപനദിവസം ഒരു പ്രദക്ഷിണം നടന്നു. ദൈവാലയത്തിന് പുറത്ത് നഗരമതിലിന് ചുറ്റും ആയിരുന്നു അത് നടക്കേണ്ടിയിരുന്നത്. രാജാവും കുറേ ശ്രേഷ്ഠൻമാരും പങ്കെടുത്ത ആ ഘോഷയാത്ര തിരുസ്വരൂപം ഒളിച്ചുവെച്ചിരുന്ന സ്ഥലത്തിന് എതിരെയായി വന്ന സമയത്ത്, ആ ഭിത്തിയിലെ കല്ലുകൾ നിലത്ത് വീഴുകയും രൂപം എല്ലാവർക്കും കാണാൻ സാധിക്കുന്ന തരത്തിൽ വെളിപ്പെടുകയും ചെയ്തു. അതിന് ഇരുവശത്തും നിന്നിരുന്ന മെഴുതിരികൾ മൂന്നര നൂറ്റാണ്ടുകൾക്ക് ശേഷവും കെടാതെ അത്ഭുതകരമായി കത്തിക്കൊണ്ടിരിക്കുന്ന രീതിയിലായിരുന്നു രൂപത്തെ കണ്ടെത്തിയത്.
അടുത്ത ദിവസം രൂപത്തെ പള്ളിയിലേക്ക് കൊണ്ടുപോയി. മാഡ്രിഡ് മുഴുവനും വലിയ ആഹ്ലാദത്തിമിർപ്പിൽ ഉത്സവലഹരിയിലായിരുന്നു. തിരുസ്വരൂപത്തെ നാല് പ്രധാനപുരോഹിതർ വഹിച്ച് മാതാവിന്റെ പള്ളിയിലേക്ക് കൊണ്ടുപോയി. ‘മൂറിഷ്’ കെട്ടിടത്തിന് സമീപമാണ് ആ രൂപം ഇരുന്നിരുന്നത് എന്നതിനാലാണ് ഔർ ലേഡി ഓഫ് അൽമുദേന എന്ന് അതിന് പേര് നൽകിയിരിക്കുന്നത്.
അൽഫോൻസോ ആറാമൻ രാജാവ് കുറേക്കൂടി വലിയ പള്ളി പണിയാൻ ഉത്തരവിട്ടു, അത് അഗസ്റ്റീനിയർക്ക് വിട്ടുകൊടുത്തു. 1664-ൽ മാഡ്രിഡിലെ മുനിസിപ്പൽ ഗവൺമെൻ്റ്, നഗര മധ്യസ്ഥയുടെ ബഹുമാനാർത്ഥം കൊണ്ടാടുന്ന തിരുന്നാളിലും പ്രദക്ഷിണത്തിലും പങ്കെടുക്കാൻ തീരുമാനിച്ചു.
1868-ൽ പള്ളി തകർക്കപ്പെട്ടപ്പോൾ, രൂപത്തെ കാലെ ഡെൽ സാക്രമെൻ്റോയിലെ പള്ളിയിലേക്ക് കൊണ്ടുപോയി.