നവംബർ 13 – ഔർ ലേഡി ഓഫ് നാൻ്റ്യൂവിൽ, ഫ്രാൻസ് (ഒന്നാം നൂറ്റാണ്ട്)
ഈ ദേവാലയം ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആരംഭിച്ചതാണെന്നുള്ളത് ഇതിനെ ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന ദൈവാലയങ്ങളിലൊന്നാക്കുന്നു. പാരമ്പര്യമനുസരിച്ച്, ആ പ്രദേശത്തെ ആദ്യത്തെ ക്രിസ്ത്യാനികളിൽ ചിലർ ഒരു ഓക്ക് മരത്തിൻ്റെ ശാഖയിൽ ഇരിക്കുന്ന രൂപത്തെ കണ്ടെത്തി. അവർ സന്തോഷത്തോടെ അത് എടുത്ത് അടുത്തുള്ള ഒരു ഭിത്തിയിൽ ഒരു നീരുറവയ്‌ക്ക് സമീപം വയ്ക്കുകയും അവർ കണ്ടത് കാണിക്കാൻ അയൽക്കാരെ വിളിക്കാൻ പോവുകയും ചെയ്തു.
തിരിച്ചെത്തിയപ്പോൾ, രൂപം അവർ വെച്ചിരുന്ന സ്ഥലത്ത് ഇല്ലെന്ന് അവർ മനസ്സിലാക്കി. അത് ഒറ്റപ്പെട്ട സ്ഥലമായതിനാൽ ആരായിരിക്കും അതെടുത്തതെന്ന് അവർ ചിന്തിച്ചു. പിന്നീട്, ഓക്ക് മരത്തിൻ്റെ കൊമ്പിൽ അവർ ആദ്യം കണ്ട സ്ഥലത്ത് ഇരിക്കുന്ന രീതിയിൽ വീണ്ടും രൂപത്തെ കണ്ടെത്തി. പരിശുദ്ധ കന്യക അവിടെ നിന്ന് മാറാൻ ആഗ്രഹിക്കാത്തതിനാൽ, ആദ്യത്തെ ആ ചാപ്പൽ മരത്തിന് ചുറ്റുമായി, രൂപം ഇരിക്കുന്ന കൊമ്പ് മുകളിലത്തെ നിലയിൽ വരുന്ന പോലെ നിർമ്മിച്ചു.
പിന്നീട് തൊട്ടടുത്തായി നിർമ്മിച്ച ഇടവക പള്ളി, 12-ാം നൂറ്റാണ്ടിൻ്റെ അവസാനങ്ങളിലെ വാസ്തുവിദ്യ എടുത്തുകാണിക്കുന്നു, പക്ഷേ ദേവാലയം വളരെ പഴയതായിട്ടുണ്ട്. നാൻ്റ്യൂവിലിലെ പള്ളിയും സന്യാസമഠവും പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ ആദ്യ വർഷങ്ങൾ മുതൽ ആശ്രമവകയായിരുന്നു.
പരിശുദ്ധ കന്യക വഴിയായി തനിക്ക് ലഭിച്ച രണ്ട് അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കാൻ ആഗ്രഹിച്ച, ഫിലിപ്പ് ഓഗസ്റ്റ് ആണ് ദൈവാലയം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഒന്നാമത്തേത്, തന്റെ സൈന്യം ദാഹിച്ചു വലഞ്ഞ നേരം പ്രാർത്ഥിച്ചപ്പോൾ, മഴ പെയ്തതിന്റെ ഫലമായി അവരുടെ ദാഹം ശമിപ്പിക്കാൻ സാധിച്ചതും രണ്ടാമത്തേത്, ഇംഗ്ലണ്ടിലെ രാജാവിന്റെ മേൽ ഉണ്ടായ വിജയവും മോൺട്രിചാർഡിന്റെ പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ. വാസ്തവത്തിൽ, വലതുവശത്തെ കമാനത്തെ താങ്ങി നിർത്തുന്ന രണ്ടാമത്തെ സ്തംഭത്തിന് ആ രാജാവിന്റെ മുഖമാണ്, അടുത്ത് തന്നെ സൈന്യത്തിലെ മറ്റ് മുൻനിര നായകന്മാരുടെ മുഖങ്ങളും.
നാൻ്റ്യൂവിലിലെ പരിശുദ്ധ കന്യകയോടുള്ള രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഭക്തി ആളുകൾ പറഞ്ഞറിഞ്ഞ്, എല്ലായിടത്തുനിന്നും നിരവധി പേർ അവിടേക്ക് തീർത്ഥാടനത്തിനെത്തി, പ്രത്യേകിച്ച് പെന്തക്കോസ്ത് തിങ്കളാഴ്ച. പതിനാലാം നൂറ്റാണ്ടിന് മുമ്പ് തുടങ്ങിവെച്ചതും ഇന്നും തുടരുന്നതുമായ ഒരു പ്രസിദ്ധമായ മേള അവിടെ അന്നേ ദിവസം നടക്കുന്നു.
16-ആം നൂറ്റാണ്ടിലെ മതപരമായ പ്രക്ഷോഭങ്ങൾ ഔർ ലേഡി ഓഫ് നാൻ്റ്യൂവിലിനെ ബാധിച്ചില്ല, എന്നാൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ്, രൂപത്തിന് ഒരു മാറ്റം സംഭവിച്ചു. ചിരിക്കുന്ന മുഖത്ത് സങ്കടം വന്നു നിറഞ്ഞു, കവിളിൽ കണ്ണുനീർ കണ്ടതായി നിരവധി തീർത്ഥാടകർ സാക്ഷ്യപ്പെടുത്തി. വിപ്ലവകാലം യഥാർത്ഥത്തിൽ ദേവാലയത്തിന് വലിയ ദുഃഖം വരുത്തി വെച്ചു. ഒരാൾ രൂപത്തിന്റെ കഴുത്തിൽ ഒരു കയർ കെട്ടി നിലത്തേക്ക് വലിച്ചെറിഞ്ഞു, ശിരസ്സൊഴികെ ബാക്കി തകർത്തു. രൂപത്തിന്റെ ശിരസ്സ് അശ്രദ്ധമായി ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ്, കൂടുതൽ അവിടെ കൊള്ളയടിക്കാൻ ശ്രമിച്ച ഒരു സ്ത്രീക്ക് തൽക്ഷണം മരണം സംഭവിച്ചു. ആ ശിരസ്സ് മറ്റൊരു സ്ത്രീ എടുത്ത്, പ്രശ്നങ്ങൾ അവസാനിച്ച് മറ്റൊരു ശരീരം രൂപപ്പെടുത്തുന്നത് വരെ മറച്ചുവച്ചു.
ഔർ ലേഡി ഓഫ് നാൻ്റ്യൂവിലിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി അത്ഭുതങ്ങളിൽ ഒന്ന്
പൂർണ്ണമായും മുടന്തനായിരുന്ന ഒരു കൊച്ചുകുട്ടി സുഖപ്പെട്ടതാണ്. അവൻ്റെ അമ്മ മൂന്ന് പ്രാവശ്യം തീർത്ഥാടനങ്ങൾക്കായി പോയപ്പോൾ അവനെ ചുമന്നാണ് കൊണ്ടുനടന്നിരുന്നത്. മൂന്നാം വട്ടം പോയത് ഔർ ലേഡി ഓഫ് നാൻ്റ്യൂവിലേക്കായിരുന്നു. പൂർണമായും സുഖം പ്രാപിച്ചാണ് അവൻ വീട്ടിലേക്ക് മടങ്ങിയത്. കുട്ടികളുടെ രോഗശാന്തിക്ക് പ്രസിദ്ധമായിരുന്ന ദേവാലയം, ലൂയി പതിനൊന്നാം രാജാവിന് പ്രിയപ്പെട്ടതായിരുന്നു.
ഈ ദൈവാലയത്തിന് വളരെ അനുഗ്രഹദായകമായ, ദണ്ഡവിമോചനങ്ങൾക്ക് പേരുകേട്ട ഒരു അൾത്താര ഉണ്ടായിരുന്നു. അവിടം, ധന്യനായ ഒലിയറുടെയും ‘യാചകനായ വിശുദ്ധൻ’ എന്നറിയപ്പെടുന്ന ബെനഡിക്റ്റ് ജോസഫ് ലാബ്റേയുടെയും പ്രിയപ്പെട്ടതായിരുന്നു.