നവംബർ 14 – ഔർ ലേഡി ഓഫ് ദ ഗ്രോട്ടോ, ലമേഗോ, പോർച്ചുഗൽ
നോസ്സ സെനോറ ഡോസ് റെമെഡിയോസിൻ്റെ ( ഔർ ലേഡി ഓഫ് റെമഡീസ് ) ദൈവാലയം
മഠാധിപതി ഓർസിനി എഴുതി: “പോർച്ചുഗലിലെ ലമേഗോ രൂപതയിലുള്ള ഗ്രോട്ടോയിലെ മാതാവ്. പരിശുദ്ധ കന്യകയുടെ ഒരു രൂപം കണ്ടെത്തിയ സ്ഥലത്താണ് പാറ കൊത്തി ഉണ്ടാക്കിയ ഈ ചാപ്പൽ ഉള്ളത്”.
വടക്കൻ പോർച്ചുഗലിലെ ഒരു മുനിസിപ്പാലിറ്റിയും നഗരവുമായ ലമേഗോയിൽ മൊത്തം 9,000-ൽ താഴെ നിവാസികളാണുള്ളത്. ബി.സി. 500-ാംആണ്ടിൽ റോമാക്കാർ ഈ പ്രദേശത്ത് താമസമാക്കാനെത്തിയിരുന്നതിനാ ൽ ഇതൊരു പുരാതന നഗരമാണെന്ന് പറയാം. ഏ.ഡി. ആറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, വിസിഗോഥിക് രാജാവായ റിക്കാർഡോ ഒന്നാമൻ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അവിടെയുള്ള ആളുകൾ കത്തോലിക്കരായി.
ഔവർ ലേഡി ഓഫ് ദ് ഗ്രോട്ടോ ഉള്ള സ്ഥലത്താണ് നോസ്സ സെനോറ ഡോസ് റെമെഡിയോസ് അഥവാ ഔർ ലേഡി ഓഫ് റെമഡീസിൻ്റെ ദൈവാലയവും. പോർച്ചുഗലിലെ വിസ്യൂ ജില്ലയിലെ ലമേഗോ പട്ടണത്തിൽ, വിശുദ്ധ സ്റ്റീഫൻ്റെ കുന്നിൻ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
വിശുദ്ധ സ്റ്റീഫന്റെ പേരിലുള്ള സന്യാസാശ്രമമായി 1361ൽ ആണ് ഈ ഇടം ചിത്രത്തിലേക്ക് വരുന്നത്, അതിനാൽ തന്നെ മധ്യകാലഘട്ടത്തിലെ കത്തോലിക്കാ ഭക്തിയിൽ നിന്ന് ഇവിടത്തെ ചരിത്രം തുടങ്ങുന്നു. പതിനാറാം നൂറ്റാണ്ടോടെ, ആ പഴയ ആശ്രമം അപകടാവസ്ഥയിലായി പൊളിഞ്ഞുവീഴുമെന്നായപ്പോൾ അതേ സ്ഥലത്ത് ഒരു പുതിയ ആശ്രമം നിർമ്മിക്കാനായി പഴയത് പൊളിച്ചു കളഞ്ഞു. ലമേഗോയിലെ ബിഷപ്പ് പരിശുദ്ധ കന്യകയുടെയും ഉണ്ണീശോയുടെയും ഒരു രൂപം അവിടെ സ്ഥാപിച്ചു. കാലക്രമേണ മരിയൻ ഭക്തി വിശുദ്ധ സ്റ്റീഫനോടുള്ള ഭക്തിയെ മറികടന്നു. അത്ഭുതകരമായ അനേകം രോഗശാന്തികൾ കാരണം തീർത്ഥാടകർ കൂടിക്കൂടി വന്നതിനൊപ്പം , അവിടത്തെ രൂപത്തിന് ഔർ ലേഡി ഓഫ് റെമഡീസ് ( പരിഹാരങ്ങളുടെ / പ്രതിവിധിയുടെ മാതാവ്) എന്ന പേരും വന്നു.
ഇന്ന് അവിടെ കാണാൻ കഴിയുന്ന മരിയൻ ദേവാലയം പതിനെട്ടാം നൂറ്റാണ്ടിൽ പണി തുടങ്ങി, ഇരുപതാം നൂറ്റാണ്ടിൽ പൂർത്തിയാക്കിയതാണ്, അതായത് 1750 മുതൽ 1905 വരെ. സെപ്റ്റംബർ 8ന്, പരിശുദ്ധ അമ്മയുടെ ജനനതിരുന്നാളിന്റെ അന്നുതന്നെയാണ് പരിഹാരമാതാവിന്റെ ബഹുമാനാർത്ഥമുള്ള തിരുന്നാളും ആഘോഷിക്കുന്നത്. ആഘോഷങ്ങളിൽ വെടിക്കെട്ട്, സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്നുഅടുത്തുള്ള പാർക്കിലെ തോട്ടത്തിൽ മരങ്ങൾക്കിടയിലാണ് അവ നടക്കാറുള്ളത്.
ദൈവാലയത്തിന്റെ ഉള്ളിലുള്ള അൾത്താരക്ക് മുകളിലാണ് നോസ്സ സെനോറ ഡോസ് റെമഡിയോസിൻ്റെ രൂപമുള്ളത്. തടിയിൽ കൊത്തിയെടുത്തിട്ടുള്ള അതിന്റെ ചുറ്റിനും, ചായമടിച്ചിട്ടുള്ള ഗ്ലാസ് ജാലകങ്ങളുണ്ട്. അമലോത്ഭവ മാതാവിന്റെയും ഈശോയുടെ തിരുഹൃദയത്തിന്റെയും , മംഗളവാർത്തയുടെയും ചിത്രങ്ങളാണവ. പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ ജോവാക്കിമിനും വിശുദ്ധ അന്നക്കും രണ്ട് വശത്തുള്ള അൾത്താരകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നു.