ആത്മാവിന്റെ ഇരുണ്ടരാത്രികള്‍ എന്ന പ്രയോഗത്തിന്റെ അവകാശി യോഹന്നാന്‍ ക്രൂസാണ്. കുരിശിന്റെ വിശുദ്ധ യോഹന്നാന്‍. ആത്മീയജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാത്തരത്തിലുള്ള മരവിപ്പുകളെയും ശൂന്യതകളെയും വിശേഷിപ്പിക്കുന്നത് ഇന്ന് അതേ പ്രയോഗം കൊണ്ടാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ മാത്രമല്ല വിശുദ്ധരായവരുടെയും ജീവിതങ്ങളില്‍ ആത്മാവിന്റെ ഇരുണ്ടരാത്രികള്‍ ഉണ്ടാകാറുണ്ട്. വര്‍ത്തമാനകാലത്തില്‍ അത്തരമൊരു ഇരുണ്ട രാത്രിയെക്കുറിച്ച് വിസ്തരിക്കപ്പെട്ടത് വിശുദ്ധ മദര്‍ തെരേസയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്.
മദറിന്റെ മരണശേഷം കണ്ടെടുക്കപ്പെട്ട ഡയറിക്കുറിപ്പുകളില്‍ നിന്നാണ് അമ്മ അനുഭവിച്ച ആത്മാവിന്റെ ശൂന്യതയും മരവിപ്പും എല്ലാം വ്യക്തമാക്കപ്പെട്ടത്. ദൈവം ഉണ്ടോയെന്നുപോലും സംശയിക്കുന്ന നിമിഷങ്ങള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തിലും സാധാരണമാണ് എന്നാണ് ഈ സംഭവങ്ങളെല്ലാം പറയുന്നത്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക അത് ആത്മീയമായി വളരാന്‍ നമുക്കുളള അവസരമാണ്.
ജീവിതത്തില്‍ സംഭവിക്കുന്ന രോഗം, അപകടം, ജോലി നഷ്ടം, കടബാധ്യത, വിരഹം ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആത്മീയശൂന്യതയിലേക്കോ ദൈവനിരാസത്തിലേക്കോ നമ്മെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാവാം. തളരരുത്. അത്തരം അവസരങ്ങളില്‍ നാം കൂടുതല്‍ പ്രാര്‍്ത്ഥനയില്‍ തുടരുക. പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുക. ആത്മീയവരള്‍ച്ചയ്ക്കുള്ള മറുമരുന്ന് ആത്മീയത തന്നെയാണെന്ന വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുക.