ഡിസംബര്‍ 4 – ഔര്‍ ലേഡി ഓഫ് ല ചാപ്പെല്ലെ( അബീവില്ലീ) 1400
ഫ്രാന്‍സിലെ സോമെ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് അബീവില്ലി. 1400 ല്‍ ഇവിടെയുള്ള ചെറിയൊരു കുന്നിന്‍മുകളില്‍ ഒരു ദേവാലയം പണികഴിക്കപ്പെട്ടിരുന്നതായി ആശ്രമാധിപന്‍ ഓര്‍സിനി എഴുതിയിട്ടുണ്ട്. വിഗ്രഹാരാധന നടന്നിരുന്ന സ്ഥലത്തായിരുന്നു പിന്നീട് ദേവാലയം ഉയര്‍ന്നത്. ചെറിയൊരു ചാപ്പലിന്റെ മാതൃകയിലായിരുന്നു ദേവാലയം ആരംഭിച്ചിരുന്നത്. മാതാവിന്റെ ഒരു ഐക്കണ്‍ സ്ഥാപിച്ചതുവഴിയാണ് ഔര്‍ ലേഡി ഓഫ് ചാപ്പല്‍ എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായത്. കാലം കഴിയുന്തോറും പ്രാര്‍ഥിക്കാന്‍ വരുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഒരു ഇടവകദേവാലയമാക്കി ഉയര്‍ത്താന്‍ കാരണമായി. ചുണ്ണാമ്പുകല്ലുകൊണ്ട് ഗോഥിക് ശൈലിയിലാണ് ദേവാലയം പണിതത്. നിരവധി വെല്ലുവിളികള്‍ നേരിട്ട ചരിത്രം കൂടി ഈ ദേവാലയത്തിനുണ്ട്. ഇടിമിന്നലും പ്രതികൂലമായ കാലാവസ്ഥയും കൊടുങ്കാറ്റുമെല്ലാം ദേവാലയത്തിന് പലകാലങ്ങളില്‍ പലതരത്തിലുള്ളള കേടുപാടുകള്‍ വരുത്തിവച്ചിട്ടുണ്ട്.
എന്നാല്‍ പളളി പിന്നീട് അഭിമുഖീകരിച്ച പല അപകടങ്ങളും വച്ചുനോക്കുമ്പോള്‍ ഇതൊന്നും അപകടമേ ആയിരുന്നില്ലെന്ന് മനസ്സിലാവും. 1637-1638 കാലഘട്ടം. ഫ്രാന്‍സും സ്‌പെയ്‌നും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലൂയിസ് പതിമൂന്നാമന്‍ രാജാവിന് ദേവാലയത്തിന്റെ ആകൃതിയും സ്ഥിതി ചെയ്യുന്ന സ്ഥലവും കണ്ടപ്പോള്‍ ഉപരോധം വേണ്ടിവരികയാണെങ്കില്‍ കോട്ടപോലെ ഉപയോഗിക്കാമെന്ന ആലോചനയുണ്ടാവുകയും ചെയ്തു. ഈ അപകടം മനസ്സിലാക്കിയ കര്‍ദിനാള്‍ റിച്ചെല്ലിയൂ ദേവാലയം നശിപ്പിച്ചുകളയാന്‍ ഒരു ഉത്തരവിറക്കി. അക്കാലത്തെ മേയറും മറ്റും സംസാരിച്ചതിന്‍പ്രകാരം അത്തരമൊരു അപകടം ഒഴിവായിക്കിട്ടുകയായിരുന്നു. പക്ഷേ അധികകാലം ദേവാലയം അപകടത്തില്‍പെടാതെ സംരക്ഷിക്കപ്പെട്ടില്ല. 1789 ല്‍ പൊട്ടിപ്പുറപ്പെട്ട ഫ്രഞ്ച് വിപ്ലവം 1794 ല്‍ ദേവാലയം നശിക്കുന്നതിന് ഇടയാക്കി. നശിപ്പിക്കപ്പെട്ട ദേവാലയത്തിന് പകരമായി 1804 ല്‍ മറ്റൊരു ദേവാലയം ഉയര്‍ന്നു. മണിമാളികയും ഇതോട് ചേര്‍ത്തു പണികഴിപ്പിക്കപ്പെട്ടു. ദേവാലയത്തിന് സമീപമുളള സെമിത്തേരി സംരക്ഷിക്കപ്പെട്ടു. ഈ സെമിത്തേരിയിലൂടെയാണ് ദേവാലയത്തിലേക്കുള്ള പ്രധാനപ്പെട്ട വഴി.
‘ എല്ലാ പുണ്യങ്ങളുടെയും കൃപകളുടെയും കര്‍ത്താവായ എന്റെ പ്രിയസുതന്‍ എന്റെ അമലോത്ഭവത്വത്തിന്റെ ആദ്യനിമിഷങ്ങളില്‍ തന്നെ എന്നെ ഉയര്‍ത്തുകയും അലങ്കരിക്കുകയും ചെയ്തു. പാപസ്പര്‍ശം ഏല്ക്കാതിരുന്നവളായിരുന്നതുകൊണ്ട് സ്വര്‍ഗത്തിന്റെ ശാശ്വതകവാടങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തടസമായിരുന്ന പലതില്‍ നിന്നും ഞാന്‍ സ്വതന്ത്രയായിരുന്നു. എന്റെ പ്രിയസുതന്റെ ഭുജം എല്ലാ സദ്ഗുണങ്ങളുടെയും യജമാനത്തിയായും സ്വര്‍ഗത്തിന്റെ രാജ്ഞിയായും എന്നോടൊപ്പം പ്രവര്‍ത്തിച്ചു. എന്റെ മാംസത്തില്‍ നിന്നും രക്തത്തില്‍ നിന്നും അവന്‍ തന്നെതന്നെ അര്‍പ്പിക്കകയും മനുഷ്യസ്വഭാവം സ്വീകരിക്കുകയും ചെയ്യേണ്ടിയിരുന്നതിനാല്‍ അവന്‍ എന്നെ ഒരുക്കാനും ശുദ്ധിയിലും കുറ്റങ്ങളില്‍ നിന്നുള്ള മോചനത്തിലും മറ്റ് ദൈവികദാനങ്ങളിലും പദവികളിലും എന്നെ തന്നെപ്പോലെയാക്കുന്നതിലും മുന്‍കൈയെടുക്കുകയും ചെയ്തു.’
-ധന്യയായ മേരി ഓഫ് അഗ്‌റെഡയുടെ ദ സിറ്റി ഓഫ് ഗോഡില്‍ നിന്ന്.