ഔര്‍ ലേഡി ഓഫ് ദ മിറാക്കുലസ് മെഡലിന്റെയും വിശുദ്ധ കാതറിന്‍ ലബോറിയുടെയും തിരുനാള്‍ നവംബര്‍ 27, 28 തീയതികളിലായിട്ടാണ് തിരുസഭ ആചരിക്കുന്നത്. 1830 ലാണ് വിശുദ്ധ കാതറിന്‍ ലബോറി മാതാവിന്റെ കൈയില്‍ നിന്ന് ഈ മെഡല്‍ സ്വീകരിച്ചത്. ഈ കാശുരൂപം നിരവധി പ്രതീകങ്ങള്‍ അടങ്ങിയിരിക്കുന്നതാണ്. പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്നാണ് ഈ മെഡലില്‍ എഴുതിയിരിക്കുന്ന പ്രാര്‍ത്ഥന.
ഇതിലെ പ്രകാശരശ്മികള്‍ പരിശുദ്ധ അമ്മ ദൈവത്തിന്റെ കൃപ ലോകം മുഴുവനിലേക്കും പ്രസരിപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഭൂഗോളം ലോകത്തെയും സര്‍പ്പം സാത്താനെയും പ്രതിനിധാനം ചെയ്യുന്നു. സാത്താനോടുള്ള പോരാട്ടത്തില്‍ മറിയംസഹായകയാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. 1830 എന്നെഴുതിയിരിക്കുന്നത് മാതാവ് വിശുദ്ധയ്ക്ക് പ്രത്യക്ഷപ്പെട്ട വര്‍ഷമാണ്. പന്ത്രണ്ടു നക്ഷത്രങ്ങള്‍ പന്ത്രണ്ടു അപ്പസ്‌തോലന്മാരുടെയും സഭയുടെയും സൂചകമാണ്. M എന്നത് മാതാവിന്റെ പേരിനെ സൂചിപ്പിക്കുന്നു, തീജ്വാലകളുളള ഹൃദയം ഒന്ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തെയും മറ്റേത് ഈശോയുടെ തിരുഹൃദയത്തെയും സൂചിപ്പിക്കുന്നു.