ഡിസംബര്‍ 8- പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാള്‍
721 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ജോണ്‍ ഡമാസീന്റെ കാലം മുതല്‍ പരാമര്‍ശിക്കപ്പെട്ടുപോരുന്ന തിരുനാളാണ് മാതാവിന്റെ അമലോത്ഭവതിരുനാള്‍. ഇംഗ്ലണ്ടിലാണ് ഈ തിരുനാളിന് ആരംഭം കുറിക്കപ്പെട്ടത്. 1100 ല്‍ കാന്റര്‍ ബെറിയിലെ ആര്‍ച്ചുബിഷപ്പായിരുന്ന സെന്റ് ആന്‍സലെമാണ് അതിന്റെ തുടക്കക്കാരന്‍. പിന്നീട് 1576 ല്‍ പോപ്പ് സിക്‌സറ്റസ് നാലാമന്‍ ക്രിസ്തീയരാജ്യങ്ങളില്‍ മുഴുവന്‍ ഈ തിരുനാള്‍ ആചരിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
അന്നയുടെ ഗര്‍ഭത്തില്‍ ഉരുവായ നിമിഷം മുതല്‍ പരിശുദ്ധ അമ്മ എല്ലാവിധ തിന്മകളില്‍ന ിന്ന് സംരക്ഷിക്കപ്പെട്ടവളും ദൈവകൃപ നിറഞ്ഞവളുമായിരുന്നു. മനുഷ്യന്റെ നിയമങ്ങളോ പ്രകൃതമോ മറിയത്തില്‍ സ്വാധീനം ചെലുത്തിയിരുന്നില്ല. എപ്പോഴും ദൈവഹിതത്തോട് സമ്മതം മൂളിയവളായിരുന്നു പരിശുദ്ധ അമ്മ. എപ്പോഴും ദൈവഹിതത്തിന് കീഴടങ്ങിയവളുമായിരുന്നു അമ്മ. ജീവിതത്തില്‍ ഒരിക്കല്‍പോലും ദൈവഹിതത്തെ മാതാവ് ചോദ്യം ചെയ്തില്ല. ദൈവം തനിക്കായി ക്രമീകരിച്ചവയും ഒരുക്കിയവയും പൂര്‍ണസമ്മതത്തോടെ മാതാവ് സ്വീകരിച്ചു. ദൈവഹിതം അനുസരിച്ച് ജീവിക്കുന്നവരാരോ അവരാണ് എന്റെ അമ്മയുംസഹോദരങ്ങളും എന്നാണല്ലോ ഈശോ പറഞ്ഞിരിക്കുന്നത്.
അങ്ങനെയെങ്കില്‍ ദൈവഹിതം എപ്പോഴും പൂര്‍ണമായും നിറവേറ്റിയവളായിരുന്നു പരിശുദ്ധ അമ്മ. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ എന്നുമാത്രമായിരുന്നു അമ്മ എപ്പോഴും പറഞ്ഞിരുന്നത്. നമ്മള്‍ അമ്മയുടെ മക്കളാണ്. മക്കള്‍ അമ്മയെ എല്ലാകാര്യങ്ങളിലും അനുകരിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ. നമുക്കും പരിശുദ്ധ അമ്മയെ അനുകരിക്കാം.
ദൈവപുത്രന്റെമാതാവേ, പരിശുദ്ധ അമ്മേ, അമലോത്ഭവനാഥേ ഞങ്ങളെയും വിശുദ്ധരാക്കി മാറ്റണേ.