ഹോളി സ്പള്‍ച്ചര്‍ ദേവാലയം,റോമിലെ സെന്റ് പീറ്റേഴ്‌സ് എന്നിവയ്‌ക്കൊപ്പമോ അല്ലെങ്കില്‍ അവ കഴിഞ്ഞാലോ പ്രശസ്തമായ ദേവാലയമാണ് ലോറെറ്റോയിലെ ലാ സാന്റിസ്മ കാസാദെ ദേവാലയം. അപ്പസ്‌തോലന്മാരും അക്കാലത്തെ ക്രൈസ്തവരും എല്ലാം വണങ്ങിയിരുന്ന ദേവാലയമായിരുന്നു മാതാവ് താമസിച്ചിരുന്ന വിശുദ്ധ ഭവനം. ഈശോയും മാതാവും തങ്ങളുടെ ജീവിതത്തിലെ വളരെ നീണ്ടഒരുകാലം ഒളിച്ചുതാമസിച്ചിരുന്നത് ഇവിടെയായിരുന്നു. അറബ് കാലിഫിന്റെ ഭരണകാലത്ത് ഫ്രാന്‍സില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഉണ്ണീശോയും മാതാവും താമസിച്ചിരുന്ന ഈ ഭവനത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു.
ജറുസേലം രാജാവായി ബൗലിയനിലെ ഗോഡ്ഫ്രീ അധികാരത്തിലെത്തിയപ്പോള്‍ ഈ ദേവാലയത്തിന് നിരവധിയായ സംഭാവനകള്‍ നല്കിയിരുന്നു. കാരണം മാതാവിനോട് അദ്ദേഹത്തിന് നിസ്സീമമായ ഭക്തിയുണ്ടായിരുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ ഈ സ്ഥലത്ത് കിംങ് സെയ്ന്റ് ലൂയിസിന്റെ കാലത്ത് പലതരത്തിലുള്ള നാശനഷ്ടങ്ങളും നേരിടേണ്ടതായിവന്നിരുന്നു. പതിനായിരക്കണക്കിന് ക്രൈസ്തവര്‍ക്ക് തങ്ങളുടെ ജീവന്‍ വാള്‍മുനയില്‍ നഷ്ടപ്പെടുന്നതിന് എട്ടുദിവസം മുമ്പ് ഈ ഭവനം അതേപടി വായുവിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന് മാലാഖമാര്‍ ഇവിടെ പ്രതിഷ്ഠിച്ചുവെന്നാണ് പാരമ്പര്യം.
അങ്ങനെയാണ് ഇപ്പോള്‍ കാണുന്നവിധത്തിലുള്ള മനോഹരമായ ദേവാലയം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. മാതാവ് താമസിച്ചിരുന്ന ഭവനം ഇപ്പോള്‍ മനോഹരമായ ഒരു ബസിലിക്കയായിത്തീര്‍ന്നിരിക്കുന്നുവെന്ന് ചുരുക്കം. ഒരു രേഖയില്‍ ലോറെറ്റോ ദേവാലയത്തെക്കുറിച്ചു ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.
ക്രൈസ്തവതീര്‍ത്ഥാടകരേ നിങ്ങളുടെ കണ്‍മുമ്പില്‍ ഇപ്പോള്‍ ലോറെറ്റോയുടെ വിശുദ്ധഭവനമുണ്ട്, ദിവ്യരഹസ്യങ്ങളുടെയും മഹത്തായ അത്ഭുതങ്ങളുടെയും പേരില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഭവനമാണ് ഇത്. ഇവിടെയാണ് പരിശുദ്ധ മറിയം ജീവിച്ചത്്. രക്ഷയുടെ വര്‍ഷമായ 1291ല്‍ മാലാഖമാര്‍ ഈ വീട് പാലസ്തനീയായില്‍ നിന്ന് ഇല്ലിയറിയായിലെ ടെര്‍സാറ്റോ നഗരത്തില്‍ എത്തിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ മൂന്നുതവണ അതിന്റെ സ്ഥാനം മാറ്റിയിട്ടുണ്ട്. ഒടുവില്‍ ദൈവഹിതപ്രകാരം അത് അതിന്റെ സ്ഥിരമായ സ്ഥാനം ഏറ്റെടുത്തു. ഏതെങ്കിലും അടിത്തറയിലല്ല ഇത് നിലനില്ക്കുന്നതെങ്കിലും നൂറ്റാണ്ടുകള്‍ക്കുശേഷവും ദൃഢമായും പരിക്കേല്ക്കാതെയും ഇത് നിലകൊള്ളുന്നു.’
മറ്റേതെങ്കിലും പള്ളിയുടെയോ കെട്ടിടങ്ങളുടെയോ പോലെ അസ്തിവാരത്തിലല്ല ഈ ദേവാലയംസ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുതന്നെയാണ് ഈ ദേവാലയത്തിന്റെ അത്ഭുതവും.കാരണം ദൈവത്തിന്റെ ഉറച്ച അടിത്തറയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.