വത്തിക്കാന്‍സിറ്റി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യപുരോഹിതനാണ് മാര്‍ കൂവക്കാട്. മാര്‍ കൂവക്കാട് ഉള്‍പ്പടെ 21 പേരാണ് പുതിയതായി കര്‍ദിനാളുമാരായിരിക്കുന്നത്. അതില്‍ 99 മുതല്‍ 44 വരെ പ്രായമുള്ളവരുണ്ട്്.
കത്തോലിക്കാസഭയുടെ ഹയരാര്‍ക്കിയില്‍ രണ്ടാം സ്ഥാനത്തുള്ളവരാണ് കര്‍ദിനാള്‍മാര്‍. പ്രായവ്യത്യാസമനുസരിച്ചു മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. പൗരസ്ത്യസഭയുടെ വേഷവിധാനത്തോടെ ഇരുപതാമനായിട്ടാണ് മാര്‍ കൂവക്കാട് മാര്‍പാപ്പയില്‍ നിന്ന് തൊപ്പിയും മോതിരവും നിയമനപത്രവും സ്വീകരിച്ചത്.
ഡിസംബര്‍ എട്ടിന് മാര്‍പാപ്പയ്‌ക്കൊപ്പം വിശുദ്ധബലിയിലും സഹകാര്‍മ്മികനായിരുന്നു. സാന്താ അനസ്താസിയ സീറോ മലബാര്‍ ബസിലിക്കയില്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ മലയാളത്തില്‍ കൃത്ജ്ഞതാബലിയര്‍പ്പണവും നടന്നു. പിന്നീട് സ്വീകരണവും നടന്നു.