അമിയന്‍സിന് സമീപമാണ് ഔര്‍ ലേഡി ഓഫ് സെന്റ് അച്യൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് അമിയന്‍സിന്റെ മാതൃദേവാലയമായി ഇതു കണക്കാക്കപ്പെട്ടിരുന്നു. മൂന്നാം നൂറ്റാണ്ടില്‍, അമിയന്‍സിന്റെ അപ്പസ്‌തോലനായ സെന്റ് ഫിര്‍മിനസ് ആണ് ഈ ദേവാലയം സ്ഥാപിച്ചത്. ഒരു റോമന്‍ ക്ഷേത്രത്തിന്റെ സ്ഥലത്താണ് ദേവാലയം പണിതത്്. ഫിര്‍മിനസ്, ഫിര്‍മിന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. നിരവധി വിഗ്രഹാരാധകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും ജ്ഞാനസ്്‌നാനപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. മുന്നൂറാം ആണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്. നോര്‍മ്മന്‍സിന്റെ അധിനിവേശകാലത്ത് തുടര്‍ച്ചയായി ദേവാലയം ആക്രമണത്തിന് വിധേയമാവുകയും 1218 ല്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു. അമിയന്‍സ് കത്തീഡ്രലിലേക്ക് മധ്യയുഗത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റി സ്ഥാപിച്ചു.
ദിവ്യബലി മധ്യേ നടന്ന ഒരു അത്ഭുതത്തിന്റെ പേരിലാണ് ഈ ദേവാലയം കൂടതലായി ശ്രദ്ധയാകര്‍ഷിച്ചത്. വൈദികന്‍ വിശുദ്ധ ബലിഅര്‍പ്പിക്കുമ്പോള്‍ തിളങ്ങുന്ന ഒരു മേഘത്തിനുള്ളില്‍ നിന്ന് ഒരു കൈ പ്രത്യക്ഷപ്പെട്ടുവത്രെ. വൈദികനും മറ്റുള്ളവരും ഈ ദൃശ്യം കണ്ടതോടെ യേശു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ പുനരവതരണമാണ് ഓരോ വിശുദ്ധകുര്‍ബാനയുമെന്ന സത്യം അരക്കിട്ടുറപ്പിക്കുന്നതിന് ഇത് സഹായകരമായി. ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി സെന്റ് അച്യൂള്‍ ആശ്രമത്തില്‍ ഒരു കൈപ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള കത്തീഡ്രല്‍ ദേവാലയം പതിനഞ്ചാം നൂറ്റാണ്ടുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. അതുവരെ വിശുദ്ധ അച്യൂളിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ദേവാലയം പിന്നീട് ഔര്‍ ലേഡി ഓഫ് അച്യൂള്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. തുടര്‍ച്ചയായി ഇവിടെ അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 1751 ല്‍ കൊടുങ്കാറ്റില്‍ തകര്‍ന്ന ദേവാലയം വീണ്ടും പണിതത് 1760 ല്‍ ആണ്. ഫ്രഞ്ചുവിപ്ലവകാലത്ത് ഈ ദേവാലയം പട്ടാളക്കാരുടെ സ്ഥിരതാവളമായിരുന്നു. 1969 ലെ ഡിക്രിപ്രകാരം ഈ ദേവാലയം ഇന്ന് ചരിത്രസ്മാരകമാണ്.