പാരീസില്‍ നിന്നു സൗത്ത് വെസ്റ്റായി 50 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഥിക് ശൈലിയിലുള്ള ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ചാര്‍ട്ടേഴ്്‌സ്. അപ്പസ്‌തോലന്മാരുടെ കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയം പിന്നീട് പല നൂറ്റാണ്ടുകളിലായി പലവിധത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ കാണുന്ന വിധത്തില്‍ ദേവാലയത്തിന്റെ പുനനിര്‍മ്മാണം നിര്‍വഹിച്ചത് ചാര്‍ട്ടേഴ്‌സിലെ 55 ാമത്തെ ബിഷപ്പായിരുന്ന സെന്റ് ഫുള്‍ബെര്‍ട്ടാണ്. 13 ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരുന്നു ഇത്.
1935 ല്‍ പതിനഞ്ചോളം പേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘം പരിശുദ്ധാത്മാവിനോടും മാതാവിനോടും പ്രാര്‍ത്ഥിച്ച് ധ്യാനിക്കാനായി പെന്തക്കോസ്ത ദിനത്തില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നാണ് ഇവിടത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം കൂടുതല്‍ ആളുകള്‍ തീര്‍ത്ഥാടകരായി എത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ആളുകളും. യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുപോലും തീര്‍ഥാടനത്തിന് കുറവുണ്ടായില്ല.
1948 ആയപ്പോഴേയ്ക്കും പതിനായിരത്തോളം ആയി തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു. കൂടുതലും കൗമാരക്കാരായിരുന്നു ഇവിടെയെത്തിയിരുന്നത്. അതില്‍ ചിലപ്പോള്‍ യഹൂദരും പെന്തക്കോസ്തുക്കാരുമുണ്ടായിരുന്നു. വിശ്വാസികളും നിരീശ്വരവാദികളുമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം എത്തിയവരുമുണ്ടായിരുന്നു.
ഈ കുട്ടികളെല്ലാം ഫ്രാന്‍സില്‍ മാതാവിനോടുള്ള ഭക്തിക്ക് ജന്മം കൊടുക്കാന്‍ സഹായകരമായി മാറിയെന്നതാണ് വാസ്തവം. ലേഡി ഓഫ് ചാര്‍ട്ടേഴ്‌സിലൂടെ, പരിശുദ്ധ അമ്മയിലൂടെ യുവജനങ്ങളില്‍ വിശ്വാസവും പ്രതീക്ഷയുമുള്ളവരായി ഫ്രാന്‍സ് മാറാനും യുവജനങ്ങളുടെ സഭയായിത്തീരാനും ഇതെല്ലാം ഏറെ സഹായകരമായി.