വര്‍ഷം 580 . അന്ന് മരിയഭക്തനായ താപസന്‍ എഫ്രേം ക്യാപ്റ്റന്‍ മൗറിഷ്യോയെ കണ്ടുമുട്ടി. റൊസാനോയില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ അദ്ദേഹം യാത്ര തുടരാനാവാതെ തീരത്ത് നില്ക്കുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍. കാറ്റല്ല താങ്കളെ ഇവിടെയെത്തിച്ചത് മാതാവാണെന്നും താങ്കള്‍ ഒരു ചക്രവര്‍ത്തിയാകുമ്പോള്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിയണമെന്നും എഫ്രേം അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മൗറീഷ്യസ് ചക്രവര്‍ത്തിയായി അവരോധിതനായി. എഫ്രേം നടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മാതാവിനുവേണ്ടി ഒരു ദേവാലയം പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. അതനുസരിച്ച് മാതാവിന്റെ ചിത്രം വരയ്ക്കാന്‍ ചിത്രകാരന്മാരെ നിയോഗിച്ചു.
പക്ഷേ അതിശയമെന്ന് പറയട്ടെ അവര്‍ പകല്‍ വരയ്ക്കുന്ന ചിത്രം രാത്രിയാകുമ്പോള്‍ അപ്രത്യക്ഷമാകും. എന്താണ് സംഭവിക്കുന്നതെന്ന് മൗറീഷ്യോയ്ക്ക് അറിയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ സെക്യൂരിറ്റിയെ രാത്രികാലങ്ങളില്‍ നിശ്ചയിച്ചു, അങ്ങനെയൊരു ദിവസം സുന്ദരിയായ ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെടുകയും അയാളോട് അവിടെ നിന്ന് മാറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിറ്റേന്ന് രാവിലെ അവിടെയെത്തിയ അയാള്‍ ആശ്ചര്യപ്പെട്ടുപോയി. ഗുഹാഭിത്തിയില്‍ അതിമനോഹരമായി മാതാവിന്റെ ഒരു ചിത്രം അവിടെ വരയ്ക്കപ്പെട്ടിരിക്കുന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ബൈസൈന്റയിന്‍ ശൈലിയിലുള്ള ചിത്രമായിരുന്നു അത്.
ഈ അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത അവിടെയെങ്ങും പരന്നു, വിശ്വാസികള്‍ ഓടിക്കൂടി. അവര്‍ ആ രൂപത്തെ നോക്കി വിളിച്ചുപറഞ്ഞു, ആച്ചെറോപിറ്റ.. ആച്ചെറോപിറ്റ.. അതായത് മനുഷ്യനിര്‍മ്മിതമല്ലാത്ത ചിത്രം എന്ന് അര്‍തഥം.
കൂടുതല്‍ ആളുകള്‍ മാതാവിന്റെ ആ രുപം വണങ്ങാനായി എത്തിത്തുടങ്ങിയതോടെ അവിടെയൊരു ദേവാലയം പണിയേണ്ടതായി വന്നു. റൊസാനോ കത്തീഡ്രല്‍. പക്ഷേ അതിന് സമീപത്തെ ഗ്രോട്ടോയില്‍ ആ മരിയരൂപം സംരക്ഷിച്ചുപോരുകയും ചെയ്തു.
ഓഗസ്റ്റ് 15 നാണ് ഇവിടെത്തെ പ്രധാനതിരുനാള്‍. 1950 ജൂണ്‍ 18 ന് കര്‍ദിനാള്‍ മിക്കാറ മാതാവിന്റെ രൂപത്തില്‍ കിരീടം ധരിപ്പിക്കുകയുണ്ടായി.