പരിശുദ്ധ അമ്മയ്ക്കുള്ള ശീര്‍ഷകമായ ദൈവമാതാവ് എന്ന പ്രയോഗം മനുഷ്യന് അവന്റെ ബുദ്ധികൊണ്ട് പൂര്‍ണമായും ഗ്രഹിക്കാന്‍ കഴിയുന്ന ഒന്നല്ല. വിശ്വാസികള്‍ സ്‌നേഹപൂര്‍വ്വം അമ്മയെ വിശേഷിപ്പിക്കുന്ന പേരുകൂടിയാണ് അത്. സഭ ആ വിശേഷണത്തെ സ്‌നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യുന്നു. വചനം മാംസം ധരിച്ച യേശുവിന്റെ അമ്മയാണ് അവള്‍. തന്റെ ഏകമകനായ യേശുവുമായി ബന്ധിക്കപ്പെട്ടതിലൂടെ അവള്‍ ദൈവവുമായും ബന്ധിതയായിത്തീര്‍ന്നിരിക്കുന്നു. ദൈവമാതാവെന്ന നിലയിലുളള മാതാവിന്റെ സ്ഥാനം ശ്രേഷ്ഠമായ ഒരു പദവിയാണ്. പ്രകൃതിയുടെയും കൃപയുടെയും മഹത്വത്തിന്റെയും എല്ലാദാനങ്ങളുടെയും ഉറവിടവും അളവും മറിയത്തിനുള്ള ഈ വിശേഷണത്തില്‍ അടങ്ങിയിരിക്കുന്നു, എല്ലാവിധ കൃപകള്‍ നല്കി ദൈവം അവളെ സമ്പന്നയാക്കാന്‍ ശ്രമിച്ചു.
യഥാര്‍ത്ഥവിശ്വാസത്തില്‍ നമ്മെ ദൃഢമായി നിലനിര്‍ത്തുന്നതിനും ദൈവികഗുണങ്ങളെക്കുറിച്ചു കൂടുതല്‍ പരിപൂര്‍ണ്ണമായ അറിവിലേക്ക് നമ്മെ എത്തിക്കുന്നതിനുള്ള ശക്തമായ ഉപാധികൂടിയാണ്. മറിയത്തെ വചനത്തിന്‌റെ മാതാവായി മുന്‍കൂട്ടിനിശ്ചയിച്ചുകൊണ്ട് അവളെ നമ്മുടെ അമ്മയായി നമുക്കു നല്കാനും ദൈവം തിരുമനസായി. മറിയത്തിന്റെ ദൈവമാതൃത്വമാണ് നമ്മുടെ രക്ഷയുടെ തുടക്കം ദൈവമാതാവായ മറിയത്തില്‍ നാം വിശ്വസിക്കുമ്പോള്‍ വചനം മാംസംധരിച്ച ദൈവത്തില്‍ തന്നെയാണ് നാം വിശ്വസിക്കുന്നത്. ദൈവത്തിലുള്ള മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവുമായും മാതാവ് ബന്ധപ്പെട്ടാണിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് പരിശുദ്ധ അമ്മ. ദൈവമാതാവാകാനുളള സന്നദ്ധത അറിയിച്ചതിലൂടെ ത്‌ന്നെ പൂര്‍ണ്ണമായും മാതാവ് പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചു. തന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും അഭിലാഷങ്ങളും എല്ലാം പരിശുദ്ധാത്മാവിലേക്ക് മാതാവിനെ നയിച്ചു, തന്റെ പ്രിയ മണവാട്ടിയായ മറിയത്തോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങള്‍ പരിശുദ്ധാത്മാവ് ഒരിക്കലും പ്രകടിപ്പിക്കാതെയിരുന്നിട്ടുമില്ല.