അഞ്ചാം നൂറ്റാണ്ടുമുതല്ക്കാണ് സഭ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആചരിച്ചുതുടങ്ങിയത്. ഹേറോദ് രാജാവ് ഉണ്ണീശോയുടെ ജനനത്തിനു ശേഷം നിരപരാധികളും നിഷ്‌ക്കളങ്കരുമായ കുഞ്ഞുങ്ങളെ കൊന്നതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം 2:16 ല്‍ മാത്രമാണ് ഈ ശിശുവധത്തെക്കുറിച്ചു സൂചനകളുള്ളത്. എന്നാല്‍ ഹേറോദ് കൊ്‌ന്നൊടുക്കിയ ശിശുക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏകാഭിപ്രായം പലര്‍ക്കുമില്ല. കാത്തലിക് എന്‍സൈക്ലോപീഡിയായുടെ അഭിപ്രായത്തില്‍ പറയുന്നത് 14,000 ആണ്‍കുട്ടികളെ കൊന്നൊടുക്കിയെന്നാണ്. സിറിയന്‍സിന്റെ കണക്കുപ്രകാരം അത് 64,000 ആണ്. മധ്യകാല എഴുത്തുകാര്‍ പറയുന്നത് 144,000 എന്നാണ്.
ഈശോ ജനിക്കുമ്പോള്‍ ബെദ്‌ലഹേമിലെ ജനസംഖ്യ 300 ആയിരുന്നുവെന്നും അങ്ങനെയെങ്കില്‍ അന്ന് കൊല്ലപ്പെട്ട ആണ്‍കുട്ടികളുടെ എണ്ണം ആറോ ഏഴോ ആയിരിക്കാമെന്ന് പ്രഫ. വില്യം എഫ് ആല്‍ബ്രൈറ്റ് പറയുന്നു. മറ്റൊരു പണ്ഡിതന്റെ അഭിപ്രായത്തില്‍ പത്തു മുതല്‍ ഇരുപതുവരെ ആണ്‍കുട്ടികളാണ് അന്ന് കൊല്ലപ്പെട്ടത്. എണ്ണം എത്രയുമായിരുന്നുകൊള്ളട്ടെ ആ നിഷ്‌ക്കളങ്കരെയെല്ലാം സഭ എക്കാലവും ഓര്‍മ്മിക്കുന്നുവെന്നതാണ് വാ്‌സ്തവം.