സമൃദ്ധിയുടെ മാതാവ് എന്ന് അറിയപ്പെടുന്ന ഈ മാതാവ് ഇറ്റലിയിലെ കര്‍സിയിലാണ് വണങ്ങപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ പാതിമുതല്‍ ഔര്‍ ലേഡി ഓഫ് അബഡന്‍സിനോടുള്ള ഭക്തി നിലവിലുണ്ടായിരുന്നു. അക്കാലത്ത് ആ പ്രദേശം കഠിനമായ വരള്‍ച്ചയിലൂടെ കടന്നുപോവുകയായിരുന്നു. മൂന്നുവര്‍ഷത്തോളമാണ് അവിടെ മഴപെയ്യാതിരുന്നത്. തന്മൂലം ജനങ്ങള്‍ കഠിനമായ ദാരിദ്ര്യത്തിലായിരുന്നു. തങ്ങളുടെ ഈ ദയനീയാവസ്ഥയില്‍ പരിഹാരത്തിനുവേണ്ടി അവര്‍ മാതാവിനോട് കരമുയര്‍ത്തിപ്രാര്‍ത്ഥിച്ചു. മാതാവ് ഈ പ്രാര്‍ത്ഥന കേട്ടു.
ആട്ടിടയനായ ബാഗിലോ ഓര്‍ലാന്‍ഡോ നട്ടാലിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. മാതാവിനെ കണ്ട് ഭയചകിതയായ അവന്‍ ഓടിപ്പോയെങ്കിലും മാതാവ് അവനെ തിരി്‌കെ വിളിച്ചു താനാരാണെന്ന് വെളിപെടുത്തി. ഇടവകപ്പള്ളിയിലെ വൈദികനോട് ഒരു കാര്യം പറയാനുള്ള ദൗത്യവും മാതാവ് അവനെ പറഞ്ഞേല്പിച്ചു. കര്‍സിയില്‍ തന്റെ നാമത്തില്‍ ഒരു ദേവാലയം പണിയുക. തുടര്‍ന്ന് ആ പ്രദേശം മുഴുവനും തന്റെ സംരക്ഷണയിലായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം സമൃദ്ധിയുടെ വിളവെടുപ്പ് ഈ പ്രദേശവാസികള്‍ക്ക് ഉണ്ടാവുകയും ചെയ്യും. ആട്ടിടയനോട് പ്രത്യേകമായ ഒരു കാര്യവും മാതാവ് ഓര്‍മ്മപ്പെടുത്താതിരുന്നില്ല. പഴയജീവിതരീതികള്‍ ഉപേക്ഷിക്കണം.
കാരണം തന്റെ അനുയായിയായി ഞാന്‍ നിന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്രയും പറഞ്ഞുകഴിഞ്ഞതിനു ശേഷം വന്നതുപോലെ മാതാവ് അപ്രത്യക്ഷയായി. ബാഗിലോ ഇക്കാര്യമെല്ലാം ഉടനടി വൈദികനെ അറിയിച്ചു. നാട്ടുകാരെല്ലാംമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തേക്ക് ഓടിക്കൂടി. അവര്‍ അവിടെമുട്ടുകുത്തി നിന്ന് പ്രാര്‍്ഥന ആരംഭിച്ചു. അവര്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ച് പിരിഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി. പെട്ടെന്ന് മഴ പെയ്തുതുടങ്ങി. ആളുകള്‍ മുഴുവന്‍ മഴനനഞ്ഞു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ വിളവുകള്‍ ആ വര്‍ഷം പ്രദേശവാസികള്‍ക്ക് ലഭിച്ചു. അവര്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയംസ്ഥാപിക്കുകയും സമൃദ്ധിയുടെ മാതാവ് എന്ന് അതിനു പേരിടുകയും ചെയ്തു, വര്‍ഷങ്ങള്‍ക്കുശേഷം ആ ദേവാലയം തീപിടിത്തത്തില്‍ നശിച്ചു.
എങ്കിലും ആളുകള്‍ വളരെ പെട്ടെന്ന് തന്നെ ആ സ്ഥാനത്ത് വീണ്ടും മനോഹരമായ ഒരു ദേവാലയം പണിതു.