ഈശോയുടെ ഛേദാനാചാരത്തിരുനാള്‍ സഭ ആഘോഷിക്കാറുണ്ട്. ക്രിസ്തുമസിന് ശേഷം ഏഴു ദിവസം കഴിയുമ്പോഴാണ് ഛേദനാചാരതിരുനാള്‍ ആഘോഷിക്കുന്നത്. അതായത് ഉണ്ണീശോയ്ക്ക് എട്ടുദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ ചടങ്ങ് നടന്നത്. പഴയനിയമം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ഈശോയുടെ കടന്നുവരവ്. പുതിയ നിയമത്തില്‍ ഒരിടത്തും ഛേദനാചാരത്തെക്കുറിച്ചു പറയുന്നില്ല.പഴയനിയമത്തില്‍ ഛേദനാചാരത്തെക്കുറിച്ച് പറയുന്നുണ്ട്. എല്ലാ ആണ്‍കുട്ടികളും ഛേദനകര്‍മ്മത്തിന് വിധേയരാകണമെന്ന് ഉല്പത്തിപുസ്തകത്തില്‍ ദൈവം അബ്രഹാമിനോട് നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈശോ ഈ കര്‍മ്മത്തിന് വിധേയനായി?
വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയ 4: 4-7 വരെയും 5:6 ലും പറഞ്ഞിരിക്കുന്ന വചനം ഇതിനുള്ള കൃത്യമായ മറുപടിയാണ്.
എന്നാല്‍ കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി. നിയമത്തിന് അധീനനായി ജനിച്ചു.അങ്ങനെ നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബാ പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍ നീ ഇനിമേല്‍ ദാസനല്ല പിന്നെയോ പുത്രനാണ്. പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.( ഗലാ 4:4-7)
എന്തെന്നാല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് പ്രധാനം. ( ഗലാ 5:6)
നമ്മെ വീണ്ടെടുക്കാനുള്ള യേശുവിന്റെ ദൗത്യത്തിന്റെ അവിഭാജ്യഘടകമായിരുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള വിശദീകരണം. ക്രിസ്തുവിന്റെ കുരിശിലെ രക്തരൂക്ഷിതമായ ത്യാഗത്തിന്റെ മുന്നോടിയായി ഛേദനാചാരത്തെ കാണുന്നവരുമുണ്ട്., രണ്ടുസംഭവങ്ങളും യേശുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണമായ ചിത്രം കാണാന്‍ നമ്മെ സഹായിക്കുന്നു.
യേശുവിന്റെ പരിച്ഛേദനയുടെ കാരണം ഏറ്റവും നന്നായി സംഗ്രഹിക്കാന്‍ കഴിയുന്നത് വെളിപാട് പുസ്തകത്തിലാണ്. ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു.( വെളി 21 :5)