ഗ്ലാസില്‍ തീര്‍ത്ത, പരിശുദ്ധ അമ്മയുടെ ലോകത്തിലെ ഏക ദേവാലയമാണ് ഔര്‍ലേഡി ഓഫ് ക്ലെമന്‍സി. ഔര്‍ ലേഡി ഓഫ് മേഴ്‌സി ഓഫ് അബസാം എന്നും മാതാവ് അറിയപ്പെടുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ ഈ മാതാവിനോടുള്ള ഭക്തി പ്രചാരത്തിലുണ്ട്.
ഈ മാതാവിനോടുള്ള ഭക്തിക്ക്ു തുടക്കമായ സംഭവം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1797 ലെ മഞ്ഞുവീഴ്ചയുള്ള ഒരു ദിവസമായിരുന്നു അത്. ഇന്‍സ്ബ്രൂക്കിനടുത്തുള്ള അബസാം ഗ്രാമത്തിലെ റോസിന ബുച്ചര്‍ എന്ന പെണ്‍കുട്ടി തങ്ങളുടെ ഫാംഹൗസിന്റെ ജനാലയ്ക്കരികില്‍ ഇരുന്ന് തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ മൂന്നിനും നാലിനുമിടയിലുള്ള സമയമായിരുന്നു. റോസിന തലയുയര്‍ത്തിനോക്കിയപ്പോള്‍ ജനല്‍പാളിയില്‍ ഒരു മുഖം കണ്ടു. താന്‍ കണ്ടത് ശരിയോ എന്നറിയാനായി അവള്‍ അമ്മയെ വിളിച്ചുവരുത്തി. സങ്കടം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്ത്രീയുടെ മുഖമായിരുന്നു അത്. ഈ സംഭവം പുറത്തറിഞ്ഞതോടെ അനേകര്‍ അവിടെയെത്തി. എല്ലാവരും ജനാലയില്‍ സ്ത്രീയുടെ ദു:ഖപൂരിതമായ മഖം കണ്ടു. അപ്പോള്‍ ആ മുഖം ചെറുതായി തിരിയുകയും ചെയ്തു.
നിരവധി ചെറിയ ചില്ലുകള്‍ കൊണ്ട് നിര്‍മ്മി്ച്ച ജനാലയായിരുന്നു അത്. ആ ചില്ലിലാണ് വ്യാകുലമാതാവിന്റെ മുഖം പതിഞ്ഞത്. മാതാവിന്റെ മുഖം എങ്ങനെയാണ് ചില്ലുഗ്ലാസില്‍ പതിഞ്ഞതെന്ന് അറിയാനായി നിരവധി പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കും അക്കാര്യത്തില്‍ വിശദീകരണം നല്കാന്‍ സാധിച്ചില്ല. ഒരു അപശകുനം പോലെയാണ് ഈ ചിത്രത്തെ റോസിനയുടെ അമ്മ കണ്ടതെങ്കിലും ഇത് മാതാവിന്റെ ചിത്രമാണെന്ന് ഉറപ്പുളളതിനാല്‍ പള്ളിയിലേക്ക് കൊണ്ടുവരാന്‍ വികാരിയച്ചന്‍ ആവശ്യപ്പെ്ടടു, അബസാമിലെ സെന്റ് മേരീസ് ബസിലിക്കയില്‍ ഇപ്പോഴും ആ ചിത്രമുണ്ട്.
അധികം വൈകാതെ പ്രസിദ്ധമായ മരിയന്‍ തീര്‍ഥാടനകേന്ദ്രമായി ഇതുമാറി, 2000 ാം ആണ്ട് ജൂണില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. ചിത്രം ഗ്ലാസില്‍ പതിഞ്ഞ തിയതിയായ ജനുവരി 17 ആണ് ഇവിടുത്തെ മുഖ്യതിരുനാള്‍. ഈ ദേവാലയത്തില്‍ വരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരോട് മാതാവിന്റെ ഹൃദയം സ്‌നേഹം കൊണ്ടും ദയ കൊണ്ടും നിറഞ്ഞിരിക്കുന്നുവെന്നാണ് വിശ്വാസം.