പ്രേഗിനെ പ്രശസ്തമാക്കിയ രണ്ടുകാര്യങ്ങളിലൊന്നാണ് ഔര്‍ ലേഡി ഓഫ് വിക്ടറി. മറ്റൊന്ന് പ്രേഗിലെ ഉണ്ണിയേശു. ഔര്‍ ലേഡി ഓഫ് വിക്ടറിയുടെ പിന്നിലെ കഥ ഇങ്ങനെയാണ്.
1620 ല്‍ ഓസ്ട്രിയന്‍ ചക്രവര്‍ത്തി ഫെര്‍ഡിനാന്‍ഡ് രണ്ടാമനും ബവേറിയായിലെ മാക്‌സിമില്യന്‍ രാജകുമാരനും പ്രാഗിനടുത്തുള്ള വൈറ്റ് മൗണ്ടന്‍സ് യുദ്ധത്തില്‍ പ്രൊട്ടസ്റ്റന്റ് സൈന്യത്തിനെതിരെ വിജയം വരിച്ചു. ഇതിന്റെ തലേദിവസം കര്‍മ്മലീത്ത വൈദികനായ ഫാ. ഡൊമിനിക് തിരുപ്പിറവിയുടെ ഒരു ചിത്രം സ്ട്രാക്കോവിച്ച് കോട്ടയില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. പരിശുദ്ധ അമ്മ തന്റെ ദിവ്യപുത്രന്റെ മുമ്പില്‍ മുട്ടുകുത്തിനില്ക്കുന്നതും വിശുദ്ധ യൗസേപ്പ്് ഒരു റാന്തല്‍വിളക്ക് കയ്യിലേന്തി നില്ക്കുന്നതുമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. പിന്നില്‍ രണ്ട് ആട്ടിടയന്മാരുമുണ്ടായിരുന്നു. ചിത്രത്തില്‍ മാതാവിന്‌റെയും യൗസേപ്പിതാവിന്റെയും കണ്ണുകള്‍ കുത്തിത്തുറന്ന് കാല്‍വനിസ്റ്റുകള്‍ അവരുടെ മതഭ്രാന്ത് പ്രകടമാക്കിയിരുന്നു.
ഈ ചിത്രവുമായി ക്യാമ്പിലെത്തിയ വൈദികന്‍ ചിത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് മാതാവിന്റെ മഹത്വം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ തങ്ങളുടെ യുദ്ധത്തില്‍ മാതാവിനെ നായികയായി പ്രതിഷ്ഠിച്ചു. മാതാവ് അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു. അങ്ങനെയാണ് അവര്‍ യുദ്ധത്തില്‍ വിജയിച്ചത്. വിജയത്തോടെ ഈ ചിത്രം പ്രാഗിലേക്കു കൊണ്ടുപോവുകയും ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയുമായിരുന്നു. ദൈവത്തോടുള്ള കൃതജ്ഞതാസൂചകമായി ഫെര്‍ഡിനാന്റ് രണ്ടാമന്‍ പ്രേഗില്‍ കര്‍മ്മലീത്താ ആശ്രമങ്ങള്‍ ആരംഭിക്കാന്‍ അനുവാദം നല്കുകയും വിജയമാതാവിന്റെ സംരക്ഷത്തില്‍ അതിലൊന്ന് സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് വിക്ടറി മാതാവിന്റെ ചിത്രം ആദ്യമായി വണങ്ങിയത്. 1622 മെയ് എട്ടിന് പോപ്പ് പോള്‍ അഞ്ചാമന്‍ ദേവാലയത്തിന്റെ പേര് ഔര്‍ ലേഡി ഓഫ് വിക്ടറി എന്നാക്കി മാറ്റുകയും തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
1833 ലെ തീപിടിത്തത്തില്‍ യഥാര്‍ത്ഥ പെയിന്റിംങ് നശിക്കുകയും അതിന്റെ കോപ്പി പ്രേഗിലെ ദേവാലയത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു.
നാം ജീവിച്ചിരിക്കു്ന്നിടത്തോളംകാലം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്കാവശ്യമുണ്ട്. തിന്മയും നന്മയുംതമ്മിലുളള പോരാട്ടം അവസാനിക്കുന്നതുവരെയും.അതുകൊണ്ട് നമുക്കെപ്പോഴും വിജയമാതാവിന്റെ സഹായം തേടി പ്രാര്‍ത്ഥിക്കാം.