ദാമ്പത്യം ഒരു മഹാകാവ്യമാണെന്നാണ് കവി പാടിയിരിക്കുന്നത്. തെറ്റും അനര്‍ത്ഥങ്ങളും അക്ഷരത്തെറ്റുകളുമുള്ള മഹാകാവ്യം. എന്നാല്‍ കേവലംമാനുഷികമായ അത്തരം വിലയിരുത്തലിന് അപ്പുറം ദാമ്പത്യം അനുഗ്രഹീതം എന്ന് പ്രഖ്യാപിക്കുകയാണ് ഫാ.സജിത് സിറിയക് എസഎസ്പി. തന്റെ മാതാപിതാക്കളുടെ വിവാഹസുവര്‍ണജൂബിലിയോട് അനുബന്ധിച്ച് സൊസൈറ്റി ഓഫ് സെന്റ് പോള്‍സിലെ അംഗമായ ഫാ. സജിത് രചനയും സംഗീതവും നിര്‍വഹിച്ച് പുറത്തിറക്കിയിരിക്കുന്ന ഗാനം ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴ്ിഞ്ഞിരിക്കുന്നു. ദാമ്പത്യജീവിതത്തെ ക്രിസ്തീയകാഴ്ചപ്പാടില്‍ അവതരിപ്പിക്കാനാണ് ഈ ഗാനം ശ്രദ്ധിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
ദൈവികമാം പദ്ധതിയില്‍ ഇണയും തുണയും നാമെന്നും എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാര്‍ട്ടിനും സൗമ്യയും ചേര്‍ന്നാണ്. സുശാന്ത് തോമസ് ഓര്‍ക്കസ്ട്രയും ക്രിസ്റ്റിയന്‍ ഇമ്മാനുവല്‍ എഡിറ്റിംങും നിര്‍വഹിച്ചിരിക്കുന്നു. അപ് ലോഡ് ചെയ്ത് ഒരു ദിവസമായപ്പോഴേയ്ക്കും ആയിരക്കണക്കിന് പേരാണ് ഈ ഗാനം ആസ്വദിച്ചിരിക്കുന്നത്. ദൈവമൊരുക്കിയ ഭവനത്തിന്റെ കൂട്ടാളികളാണ് ദമ്പതികളെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ ഗാനം വിവാഹാവസരങ്ങളിലും വിവാഹജീവിതത്തിന്‌റെ ജൂബിലി ആഘോഷവേളകളിലും ആലപിക്കാവുന്ന മനോഹരമായ ഗാനങ്ങളില്‍ ഒന്നായി വരുംകാലങ്ങളില്‍ ഇടംപിടിക്കുമെന്നത് ഉറപ്പാണ്.