1871 ലെ മഞ്ഞുകാലമായിരുന്നു അത്. ഫ്രാന്‍സിലെ പോണ്ട്‌മെയ്ന്‍ ഗ്രാമത്തില്‍ പിതാവിന്റെ കാലിത്തൊഴുത്തില്‍ നാല്‍ക്കാലികള്‍ക്ക് തീറ്റ കൊടുക്കുന്നതില്‍ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു യൂജിന്‍. അപ്പോഴാണ് തനിക്കെതിര്‍വശത്തായി തന്നെ നോക്കിചിരിച്ചുകൊണ്ട് സുന്ദരിയായ ഒരു സ്ത്രീ നില്ക്കുന്നത് അവന്‍ കണ്ടത്. ചലനമില്ലാത്ത രീതിയില്‍ പാദങ്ങള്‍ നിലത്തുനിന്ന് ഉയര്‍ന്ന രീതിയിലായിരുന്നു ആ സ്്ത്രീ നിന്നിരുന്നത്. നിങ്ങള്‍ എന്തെങ്കിലും കാണുന്നുണ്ടോയെന്ന് അവന്‍ ഉറക്കെ മറ്റുള്ളവരോടായി ചോദിച്ചു. ഉവ്വ്. അവന്റെ സഹോദരന്‍ ജോസഫാണ് അതിന് മറുപടി നല്കിയത്. മനോഹരമായി വേഷംധരിച്ച നീല അങ്കിയില്‍ സുവര്‍ണ്ണനക്ഷത്രങ്ങളുള്ള, നീല ഷൂസും ഗോള്‍ഡന്‍ ബക്കിളും ധരിച്ച.. സുവര്‍ണകിരീടമുള്ള… ഒരു സ്ത്രീ…
പക്ഷേ അവരുടെ പിതാവിന് യാതൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് പണി ചെയ്യാന്‍ അദ്ദേഹം മക്കളോട് ആവശ്യപ്പെട്ടു.അപ്പോഴും മാതാവ് അവിടെതന്നെ നില്ക്കുകയായിരുന്നു. കുട്ടികള്‍ ഓടിച്ചെന്ന് തങ്ങളുടെ അമ്മയെ അവിടേയ്ക്ക് വിളിച്ചുകൊണ്ടുവന്നു. പക്ഷേ അവര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അത് മാതാവായിരിക്കുമെന്ന് ആ സ്ത്രീക്ക് തോന്നി. കാരണം അവര്‍മാതാവിനോട് ഭക്തിയുള്ള സ്ത്രീയായിരുന്നു.
അവര്‍ ഉടന്‍ തന്നെ സമീപത്തുള്ള കോണ്‍വെന്റില്‍ നിന്ന് ഒരു സിസ്റ്ററെ വിളിച്ചുവരുത്തി. ഈ വിവരം സമീപവാസികളെല്ലാം അറിഞ്ഞു. പ്രാര്‍ത്ഥിക്കൂ മക്കളേ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉടനടി ഉത്തരം തരും. മാതാവ് കുട്ടികളോടായിപറഞ്ഞു. ജനുവരി 17 ാം തീയതി രാത്രി ആറുമണിക്കാണ് മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതേക്കുറിച്ച് രൂപതാതലത്തില്‍ അന്വേഷണം നടത്തുകയും മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയ്ക്കായി ബസിലിക്ക പണിയുകയും ചെയ്തു.