എറണാകുളം: എറണാകുളം അങ്കമാലി അതിരൂപയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്നുള്ള മാര്‍ ബോസ്‌കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തന്റെ വികാരിയായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു.മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് മാര്‍ പാംപ്ലാനിയെ എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി തെരഞ്ഞെടുത്തത്. പരിശുദ്ധ പിതാവു സിനഡിന്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ വഴി അംഗീകാരം നല്കി.
മാര്‍ ജോസഫ് പാംപ്ലാനി 2017 നവംബര്‍ എട്ടിനാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രില്‍ 22നു മാര്‍ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലിത്തയായി. നിലവിലുള്ള തന്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും അദ്ദേഹം പുതിയ ദൗത്യം നിര്‍വഹിക്കുന്നത്.
2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാല്‍ മാര്‍ പുത്തൂര്‍ രാജി സമര്‍പ്പിച്ചത്.